കറുപ്പിനും വെളുപ്പിനുമിടയിലെ അമ്പിളിചന്തം
ടി.ജി. ബൈജുനാഥ്
Monday, July 14, 2025 3:54 PM IST
സംസ്ഥാന പുരസ്കാരം നേടിയ "കാടകല'ത്തിന്റെ തിരക്കഥാകൃത്ത് ജിന്റോ തോമസ് സംവിധാനം ചെയ്ത ഇരുനിറം റിലീസിനൊരുങ്ങി. രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തില്‍. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന കറുപ്പും വെളുപ്പുമെന്ന വേര്‍തിരിവ് അമ്പിളി എന്ന ഏഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്നങ്ങളാണു സിനിമ പറയുന്നത്.
"ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവരോടാണ് ഈ സിനിമ സംസാരിക്കുന്നത്. വെളുപ്പും കറുപ്പുമെന്നു വേര്‍തിരിക്കുന്ന ഒരു മതില് ഇപ്പോഴും ഇവിടെയുണ്ട്. ആ മതിലാണു നമ്മള് തകര്‍ക്കാന്‍ ശ്രമിക്കുന്നത്'- ജിന്റോ തോമസ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെത്തിയത്...
ചക്കിട്ടപ്പാറ എന്ന മലയോരഗ്രാമത്തില്‍ ഒരു കര്‍ഷകന്റെ മകനായാണു ഞാന്‍ ജനിച്ചത്. ചെറുപ്പംതൊട്ടുള്ള ആഗ്രഹമാണു സിനിമ. സിബി മലയിലിന്റെ കൊച്ചിയിലെ ഫിലിം സ്കൂളാണ് അതിലേക്കു വാതില്‍തുറന്നത്.
അവിടെ ഡയറക്ഷന്‍ പഠനശേഷം പരസ്യചിത്രങ്ങളില്‍ സഹായിയായി. ലിയോ തദേവൂസിന്റെ സിനിമാക്കാരന്, ലോനപ്പന്റെ മാമോദീസ എന്നീ സിനിമകളില്‍ സ്ക്രിപ്റ്റ് തൊട്ട് എല്ലാ കാര്യങ്ങളിലും അസിസ്റ്റന്റായി.
പിന്നീടു "കാടകലം' എന്ന സിനിമയില്‍ ഡോക്ടര്‍ സഖില്‍ രവീന്ദ്രന്റെ മുഖ്യ സംവിധാനസഹായിയും തിരക്കഥാകൃത്തുമായി. ഡോക്ടറുടെ ജീവിതത്തില്‍ നടന്ന ഒരു കഥയാണത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ ഒരു കുട്ടിയിലൂടെ പറയുന്നതുകൊണ്ട് ആ കഥയോട് ഇഷ്ടംതോന്നി.
സംസ്ഥാന പുരസ്കാരം നേടിയ ബാലതാരം ഡാവിഞ്ചി സതീഷ് മുഖ്യകഥാപാത്രമായി അഭിനയിച്ചു. ഡാവിഞ്ചിയുടെ അച്ഛന് സതീഷും കോട്ടയം പുരുഷനും മറ്റു വേഷങ്ങളിലെത്തി. ഒരച്ഛന്റെയും മകന്റെയും കഥയാണത്.
കാടും ആദിവാസികളും അവരുടെ പ്രശ്നങ്ങളും കാടിന്റെ നിലനില്പ്പുമാണു സിനിമ പറയുന്നത്. കാടകലം രണ്ടു സംസ്ഥാന പുരസ്കാരങ്ങള്‍ നേടി. കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം. ബി.കെ. ഹരിനാരായണനു മികച്ച ഗാനരചനയ്ക്കു പുരസ്കാരം.
പിന്നീടു പ്രതിലിപി നിര്‍മിച്ച് ബുക്ക് മൈ ഷോയില്‍ റിലീസായ പടച്ചോന്റെ കഥകള്‍ എന്ന ആന്തോളജി സിനിമയില്‍ "അന്തോണി' എന്ന സെഷന് സംവിധാനം ചെയ്തു.
ഇരുനിറം

"അന്തോണി'യുടെ തിരക്കഥാകൃത്ത് വിഷ്ണു കെ. മോഹനാണു പുതിയ ചിത്രം ഇരുനിറത്തിനും കഥയും തിരക്കഥയുമൊരുക്കിയത്. മനോഹരമായ ഒരു ഗ്രാമത്തിലാണ് വില്ലേജ് ഓഫീസ് ജീവനക്കാരന് വേണുവിന്റെയും മകള്‍ അമ്പിളിയുടെയും താമസം.
അമ്പിളിയുടെ അമ്മ മരണപ്പെട്ടതാണ്. ഇരുവരും ദളിതരും കറുത്ത നിറമുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഇവര്‍ ജാതിവിവേചനവും വര്‍ണവിവേചനവും നേരിടുന്നു. സംവരണത്തിലൂടെ ജോലി നേടിയതിനാല്‍ വേണുവിന്റെ പഠിപ്പിനെപ്പോലും ഒപ്പം ജോലി ചെയ്യുന്നവര്‍ അംഗീകരിക്കുന്നില്ല.
അധ്യാപകരും സഹപാഠികളും കളിയാക്കുന്നതിനാല്‍ സ്കൂളില്‍ പോകുന്നില്ലെന്ന് അമ്പിളി തീരുമാനിക്കുന്നു. അമ്പിളിയെ തിരികെ സ്കൂളിലെത്തിക്കാൻ അവളുടെ ടീച്ചര്‍ നടത്തുന്ന ശ്രമങ്ങളാണു കഥ.
ഇരുനിറം പറയുന്നത്...
സ്കൂളില്‍നിന്നുള്ള വിവേചനങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങനെയെങ്കിലും വെളുക്കണമെന്ന് അമ്പിളി തീരുമാനിക്കുന്നു. വെളുപ്പാണ് ഏറ്റവും നല്ല നിറമെന്നും വെളുത്താല്‍ മാത്രമേ സഹപാഠികള്‍ പോലും തന്നെ അംഗീകരിക്കുകയുള്ളൂ എന്നുമായി അവളുടെ ചിന്ത.
ഏറ്റവും നല്ല നിറം കണ്ടെത്തിയാല്‍ വെളുക്കാനുള്ള മരുന്നു പറഞ്ഞുതരാമെന്ന് അമ്പിളിയുടെ ടീച്ചര്‍. അങ്ങനെ ലോകത്തിലെ ഏറ്റവും നല്ല നിറം തേടിയുള്ള അമ്പിളിയുടെ യാത്രയാണ് ഈ സിനിമ.
നിറം, ജാതി എന്നിവയുമായി ബന്ധപ്പെട്ടു ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കഥ രൂപപ്പെടുത്തിയത്. ഒരു കുട്ടിയുടെ ലോകത്തുനിന്ന് നമ്മള് ആ കഥ പറയുന്നു.
കേരളത്തില്‍ പോലും തൊലി കറുത്തുപോയെന്നു പറഞ്ഞ് ഒരു പെണ്ണ് ജീവനൊടുക്കിയ സംഭവമുണ്ട്. വെളുക്കണമെന്ന തെറ്റിദ്ധാരണ നിലനിര്‍ത്തി വന്‍കിട കമ്പനികള്‍ ഈ സമൂഹത്തെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ മാര്‍ക്കറ്റാക്കി മാറ്റിയ കാഴ്ചകളുണ്ട്. നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടതായി മുന്‍ ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ വന്നത് അടുത്തിടെയാണ്.

എത്രതന്നെ നിഷേധിച്ചാലും നമ്മുടെയെല്ലാം ഉള്ളിന്റെയുള്ളില്‍നിന്നു പലപ്പോഴും ജാതിയും നിറവുമെല്ലാം പൊന്തിവരുന്നുണ്ട്. അമേരിക്കയില്‍ പോലും അതു സംഭവിച്ചു. അവിടെ കറുത്തവര്‍ഗക്കാരനായ ഒരു കള്ളനെ ഒരു പോലീസുകാരന് ചവിട്ടി ശ്വാസംമുട്ടിച്ചു കൊന്ന സംഭവം ഓര്‍മയില്ലേ. യൂറോപ്പിലേക്കു പോയാല്‍ എപ്പോഴും നിറം പറയുന്നു.
ഇന്ത്യയിലേക്കു വരുമ്പോള്‍ എപ്പോഴും ജാതി പറയുന്നു. ജാതിക്കുള്ളില്പ്പോലും നിറം മാറിയാല്‍ വിവേചനചിന്തകളുടെ വിളയാട്ടമാണ്. പക്ഷേ, മുടി വെളുത്താല്‍ ഉടന്‍ കറുപ്പിക്കാന്‍ നെട്ടോട്ടമോടും! നിറത്തിന്റെയോ ജാതിയുടെയോ രൂപത്തിന്റെയോ പേരില്‍ ആരും മാറ്റിനിര്‍ത്തപ്പെടരുത്.
ചോരയ്ക്കും കണ്ണീരിനുമൊന്നും ജാതിയില്ലല്ലോ. മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്നു പറയുന്ന സിനിമയാണിത്.
ദിനീഷ് ആലപ്പി, ജിയോ ബേബി...
നായാട്ട്, ആര്‍ഡിഎക്സ് ഫെയിം ദിനീഷ് ആലപ്പിയാണു വേണുവിന്റെ വേഷത്തില്‍. ജിയോ ബേബി, നിഷ സാരംഗ്, പ്രദീപ് ബാലന്, കബനി സാറ, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ സുരാജിന്റെ അമ്മവേഷം ചെയ്ത അജിത, പോള്‍ ഡി. ജോസഫ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലും.
ഛായാഗ്രഹണം റെജി ജോസഫ്. എഡിറ്റിംഗ്, ഡിഎ പ്രഹ്ളാദ് പുത്തഞ്ചേരി. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്കോര്‍ സാന്‍ഡി. ഗാനരചന ഷംസുദീന്‍ കുട്ടോത്ത്, അര്ജുന് ആമ്പ.
നിര്‍മാണം സിജി മാളോലയുടെ മാളോല പ്രൊഡക്ഷന്‍സ്. വിയറ്റ്നാം, കൊറിയ ഫെസ്റ്റിവലുകളില്‍ കുട്ടികളുടെ മികച്ച ചിത്രമായി ഇരുനിറം. മികച്ച നവാഗത പ്രതിഭയ്ക്കുള്ള ക്രിട്ടിക്സ് സ്പെഷൽ ജൂറി അവാര്‍ഡും ഇരുനിറത്തിലൂടെ കരഗതമായി.
നാടകനടന്‍ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് ജിന്റോ തോമസ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്.