ജയിലർ സിനിമയ്ക്ക് പാക്കപ്പ്; തമന്നയ്ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് രജനീകാന്ത്; ചിത്രങ്ങൾ
Friday, June 2, 2023 10:14 AM IST
രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി എന്റർടെയ്ൻമെന്റ് "ജയിലർ' ചിത്രത്തിന് പാക്കപ്പ്. രജനീകാന്തും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജയിലർ സിനിമയ്ക്കുണ്ട്.

2022 ഫെബ്രുവരിയിലാണ് രജനീകാന്തിന്റെ 169-ാം ചിത്രമായ ജയിലർ പ്രഖ്യാപിച്ചത്. ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. മുത്തുവേല്‍ പാണ്ഡ്യന് എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തമന്നയാണ് നായിക.
രമ്യ കൃഷ്ണന്, വിനായകന് തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മോഹന്‍ലാല്‍ അതിഥിവേഷത്തിലാണ് എത്തുക.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. ചിത്രത്തിന്റെ തിരക്കഥയും നെല്‍സണിന്റേതാണ്.
ആദ്യ ചിത്രമായ കോലമാവ് കോകിലയിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ സംവിധായകനാണ് നെല്‍സണ്‍. വിജയിയെ നായകനാക്കി ഒരുക്കിയ ബീസ്റ്റ് ആയിരുന്നു ഏറ്റവും ഒടുവിൽ തിയറ്ററിലെത്തിയ നെൽസൺ ചിത്രം. എന്നാൽ ബീസ്റ്റ് പരാജയമായിരുന്നു.