മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ; ബിനു അടിമാലി അപകടനില തരണം ചെയ്തു
Wednesday, June 7, 2023 2:56 PM IST
മിമിക്രി കലാകാരന് കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ഇന്നു ശസ്ത്രക്രിയ നടത്തും. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമാണ് പരിക്ക്.
ഒൻപതു മണിക്കൂർ നീളുന്ന ശസ്ത്രക്രിയയാണ് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാർഥന ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്ത് പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരിക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. മഹേഷ് കുഞ്ഞുമോനെ വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഖത്ത് പരിക്കുപറ്റിയ മഹേഷിന്റെ പല്ലുകൾ പൊട്ടിയിട്ടുണ്ടെന്നാണ് സുഹൃത്തുക്കൾ സൂചിപ്പിക്കുന്നത്. ബിനു അടിമാലി അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.
കൊല്ലം സുധിയെപ്പോലെ നിരവധി ആരാധകരുള്ള താരമാണ് മഹേഷ് കുഞ്ഞുമോൻ. കോവിഡ്കാലത്ത് പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വീഡിയോയിലൂടെയാണ് മഹേഷ് കുഞ്ഞുമോൻ ശ്രദ്ധേയനാകുന്നത്.
വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂർണതയോടെ മഹേഷ് അവതരിപ്പിക്കുന്നുണ്ട്.
എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷിന്റെ സ്വദേശം. അച്ഛന് കുഞ്ഞുമോന്, അമ്മ തങ്കമ്മ, ചേട്ടൻ അജേഷ് എന്നിവരാണ് മഹേഷിനുള്ളത്.