പ്രതീകാത്മക ചിത്രം
ആലപ്പുഴ: കേരളത്തിൽ പുതിയ ഇരുചക്രവാഹനം വാങ്ങുമ്പോൾ സൗജന്യമായി ലഭിക്കാൻ നിയമപ്രകാരം അർഹതയുള്ള ഹെൽമറ്റുകൾ ഉപയോക്താവ് ആവശ്യപ്പെടാതെതന്നെ വ്യാപാരികൾ കൈമാറണമെന്ന് വീലേഴ്സ് കേരള ആവശ്യപ്പെട്ടു.
നിർമാതാക്കൾ അല്ലെങ്കിൽ ഡീലർമാർ രണ്ട് ഐഎസ്ഐ സ്റ്റാൻഡേർഡ് ഹെൽമറ്റുകൾ, വാഹനം ഓടിക്കുന്നയാൾക്കും പുറകിലിരിക്കുന്ന യാത്രികനും ഉൾപ്പെടെ, സൗജന്യമായി നൽകണമെന്നാണ് നിയമം. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് വ്യവസ്ഥകൾ പ്രകാരം ഇരുചക്രവാഹന നിർമാതാക്കൾ വാഹനം വിൽക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് സുരക്ഷാ മാനദണ്ഡങ്ങളുള്ള ഹെൽമെറ്റുകൾ നൽകേണ്ടതുണ്ട്.
കേരളത്തിൽ പുതിയ ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെങ്കിൽ നിർമാതാക്കൾ സൗജന്യ ഹെൽമെറ്റ് നൽകിയിരിക്കണമെന്ന കർശന നിർദേശം സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ റോഡിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ സമിതിയുടെയും മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത് കർശനമാക്കിയിരിക്കുന്നത്.
വാഹനം ഡെലിവറി എടുക്കുമ്പോൾ ഐഎസ്ഐ മുദ്രയുള്ള രണ്ട് ഹെൽമെറ്റുകൾ ഡീലർമാർ സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എന്നാൽ, മിക്കയിടത്തും ഇതു നടപ്പാക്കുന്നില്ലെന്ന് വീലേഴ്സ് കേരള കൺവീനർ ജോസഫ് ആന്റണി പറഞ്ഞു.
Tags : Approved helmets nattuvishesham district news deepika news must be handed