ചെറുകോല്‍ ഉത്രാടം തിരുനാള്‍ ജലോത്സവത്തിന്റെ ഭദ്രദീപ പ്രകാശനം
കോഴഞ്ചേരി: രണ്ടാമത് ചെറുകോല്‍ ഉത്രാടം തിരുനാള്‍ ജലോത്സവത്തില്‍ എ ബാച്ചില്‍ കോയിപ്രവും ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടവും വിജയികളായി.
വിജയികള്‍ക്ക് ഉത്രാടം തിരുനാള്‍ ട്രോഫി സമ്മാനിച്ചു. നന്നായി പാടിത്തുഴഞ്ഞ പള്ളിയോടങ്ങള്‍ക്കുള്ള ഭാരത കേസരി ട്രോഫി നെടുമ്പ്രയാറും പുല്ലൂപ്രവും കരസ്ഥമാക്കി. 2012 ജൂലൈ 31 ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ചെറുകോല്‍ കരയിലെത്തി പള്ളിയോടത്തിന് രാജമുദ്ര സമ്മാനിച്ചതിന്റെ സ്മരണാര്‍ഥം കഴിഞ്ഞ വര്‍ഷം ആരംഭിച്ചതാണ് ജലമേള.
എന്‍എസ്എസ് റാന്നി താലൂക്ക് യൂണിയന് പ്രസിഡന്റ് വി.ആര്. രാധാകൃഷ്ണന് ഭദ്രദീപ പ്രകാശനം നടത്തി. പഴകുളം മധു എംഎല്‍എ ജലോത്സവം ഉദ്ഘാടനം ചെയ്തു. ഹരിശ്ചന്ദ്രന് അധ്യക്ഷത വഹിച്ചു. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ. വി. സാംബദേവന്‍ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്തു.
മുന്‍ എംഎല്‍എ മാരായ രാജു ഏബ്രഹാം, പ്രമോദ് നാരായണ്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന് സെക്രട്ടറി രാജേഷ് കുമാര്‍, ട്രസ്റ്റിമാരായ സനോജ് കുമാര്‍, വേണു ഗോപാല്‍ മേനോന്, പളളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് , വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്തംഗം ജൂലി സാബു, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.ജി. സനല്‍ കുമാര്‍, ചെയര്മാന് പ്രസാദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജലോത്സവത്തിന്റെ ഭാഗമായി നടന്ന ജലഘോഷയാത്രയില്‍ ഇടക്കുളം, ഇടപ്പാവൂര്‍ - പേരൂര്‍, കീക്കൊഴൂര്‍, ഇടപ്പാവൂര്‍, കാട്ടൂര്‍, കോറ്റാത്തൂര്‍ - കൈതക്കോടി, ചെറുകോല്‍, കീഴുകര, കുറിയന്നൂര്‍, ചിറയിറമ്പ്, പുന്നം തോട്ടം, കോയിപ്രം, പുല്ലൂപ്രം, നെടുമ്പ്രയാര്‍ പള്ളിയോടങ്ങള്‍ പങ്കെടുത്തു.
Tags : Jalotsavam NattuVishasham DistrictNews