പ്രതീകാത്മക ചിത്രം
കാട്ടാക്കട: വിദ്യാര്‍ഥിനിയെ മൈക്കിലൂടെ പരസ്യമായി അധിക്ഷേപിച്ചതായി പരാതി. കാട്ടാക്കട വീരണകാവ് ഗവണ്മെന്റ് വിഎച്ച്എസ്എസിലെ ഹയര്‍ സെക്കൻഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.
ഒക്ടോബര്‍ 26നു നടന്ന സ്കൂള്‍ കലോത്സവത്തില്‍ നാടോടിനൃത്ത മത്സരത്തിന്റെ വിധിനിര്ണയത്തിനെത്തിയ ജഡ്ജാണ് വിദ്യാര്‍ഥിനിയെ മൈക്കിലൂടെ പരസ്യമായി അധിക്ഷേപിച്ചതെന്നാണ് ആരോപണമുയരുന്നത്. നാടോടി നൃത്ത മത്സരത്തില്‍ വിദ്യാര്‍ഥിനിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. മത്സരത്തിനിടെ കുട്ടിയുടെ കറുത്തനിറം ചൂണ്ടിക്കാണിച്ചും ശരീരപ്രകൃതിയെ അപഹസിച്ചും ജഡ്ജ് മൈക്കിലൂടെ സംസാരിക്കുകയായിരുന്നു.
കറുത്ത നിറമുള്ളവൾ നിറത്തിനു ചേർന്ന വസ്ത്രം ധരിക്കണമെന്നായിരുന്നു വിധികർത്താവിന്റെ അധിക്ഷേപം. ഇതേ തുടർന്ന് വിദ്യാർഥിനി പൊട്ടിക്കരയുകയും ചെയ്തു. പ്രസ്താവന നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനും വിദ്യാഭ്യാസ മന്ത്രിക്കും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിക്കും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതരുടെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
Tags :