വെള്ളക്കാരിത്തടം വനമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചനിലയിൽ.
മാന്ദാമംഗലം: വെള്ളക്കാരിത്തടം വനമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ഐനിക്കൽ ബിജോയ്, മലമേൽ ആന്റണി, വടക്കേടത്ത് ബാബു, കുടക്കച്ചിറ ബൈജു എന്നിവരുടെ കാർഷിക വിളകൾ ആണ് കാട്ടാനകൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി കാട്ടാനക്കൂട്ടം യൂക്കാലി കാട്ടിൽ തമ്പടിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പും നാട്ടുകാരും ചേർന്ന് ആനയെ തുരത്തി കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.
ഏതാനും മാസങ്ങൾക്ക് മുമ്പ് സമരസമിതിയുടെ നേതൃത്വത്തിൽ വിപുലമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും, വനംവകുപ്പും പ്രദേശവാസികളും സംയുക്തമായി ആനയെ തുരത്തുന്നതിന് ആവശ്യമായ നിലപാട് സ്വീകരിച്ചിരുന്നു. നിലവിൽ കാട്ടാനകളെ തുരത്തുന്നതിനുള്ള നടപടികൾ നിശ്ചലമായവസ്ഥയിലാണ്. വെള്ളക്കാരിത്തടം, മരോട്ടിച്ചാൽ, പീച്ചി തുടങ്ങിയ വനമേഖലകൾ കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. കാട്ടാനകളെ തുരത്താൻ വനാതിർത്തികളിൽ കിടങ്ങുകളും തൂക്ക് ഫെൻസിംഗും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : wild elephant nattuvishesham district news deepika news Farmers pushed their wits