കോഴഞ്ചേരി: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ആധുനിക ഹൈടെക് സ്മാര്‍ട്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. യാത്രാസൗകര്യങ്ങള്‍ ആധുനികവത്കരി ക്കുന്നതിന്റെ ഭാഗമായി സംസ്ഥാത്താകമാനം ആധുനിക സ്മാര്‍ട്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.
സംസ്ഥാന പാതകളിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലുമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബസുകളുടെ തല്‍സമയ വിവരങ്ങള്‍ ഡിജിറ്റല്‍ സ്ക്രീനുകളില്‍ ലഭ്യമാക്കുന്നതിനോടൊപ്പം അനൗന്‍സ്മെന്റ് സംവിധാനം, ടിക്കറ്റ് ബുക്കിംഗ്, സൗജന്യ വൈഫൈ, എഐ കാമറ തുടങ്ങിയ എല്ലാ ആധുനിക സംവിധാനങ്ങളും കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ഉണ്ടാകും. യാത്രക്കാര്‍ക്ക് ബസ് സമയ വിവരങ്ങള്‍ അറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും കാത്തിരിപ്പ് കൂടുതല്‍ സൗകര്യപ്രദമാക്കാനും ഇതിലൂടെ സാധിക്കും.
സ്വകാര്യ പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളാണ് പ്രധാനമായും ഇതിനായി തെരഞ്ഞെടുക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായതിനാലാണ് കെഎസ്ആര്‍ടിസിയുടെ സ്വന്തം സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്.
സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതിലൂടെ പരസ്യങ്ങള്‍ കണ്ടെത്താനും കെഎസ്ആര്‍ടിസിക്ക് കഴിയും. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം കോര്‍പ്പറേഷന്റെ വരുമാന വര്‍ധനവിനും സഹായകമാകുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
മലപ്പുറം ജില്ലയിലെ കെഎസ്ആര്‍ടിസിയുടെ ഇടപ്പാളിലുള്ള റീജണല്‍ വര്‍ക്ക്ഷോപ്പിനു മുന്‍പിലാണ് സ്മാര്‍ട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം തുടക്കം കുറിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിനോടൊപ്പംതന്നെ കോട്ടയം ബസ് സ്റ്റാന്‍ഡിലും ആധുനിക സ്മാര്‍ട്ട് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.
പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്ത് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യന്നതിനുസമീപത്തായിട്ടാണ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അജീഷ്കുമാര്‍ പറഞ്ഞു. ഹൈമാസ് ലൈറ്റുകളും ഇതിനോടൊപ്പം സ്ഥാപിക്കും. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന കേന്ദ്രമായതിനാല്‍ ഇരുപതിലധികം ആള്‍ക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കും. ഇതിനോടൊപ്പം എല്ലാ ആധുനിക സംവിധാനങ്ങളും കേന്ദ്രത്തില്‍ ഉണ്ടായിരിക്കും.
പദ്ധതി വ്യാപകമാകുന്നതോടെ സംസ്ഥാനത്തെ പ്രധാന യാത്രാകേന്ദ്രങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കും.
Tags :