മാപ്പിംഗ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ മാപ്പിങ്ങിനിടെ.
കോട്ടയം: എംജി സര്‍വകലാശാലയില്‍ ഡോ. ആര്. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസും ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് കമ്യൂണിറ്റിയും ചേര്‍ന്ന് മാപ്പിംഗ് പാര്‍ട്ടി സംഘടിപ്പിച്ചു.
സംസ്ഥാനതല ഓപ്പണ്‍ മാപ്പിംഗ് സമ്മേളനമായ സ്റ്റേറ്റ് ഓഫ് ദ മാപ് കേരള 2026ന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടൊപ്പം നവംബര്‍ 14, 15 തീയതികളില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും പ്രകാശനം ചെയ്തു.
സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. മഹേഷ് മോഹന്‍ മാപ്പിംഗ് പാര്‍ട്ടി ഉദ്ഘാടനം ചെയ്തു. ഡീന്‍ ഡോ. ബൈജു കെ.ആര് വെബ്സൈറ്റ് (kerala.stateofthemap.in) പ്രകാശനം ചെയ്തു. കാമ്പസിലെ ഭൂവിവരങ്ങള്‍ ശേഖരിച്ച് കൃത്യതയുള്ള ഓപ്പണ്‍ ജിയോസ്പെഷ്യല്‍ ഡാറ്റയായി പുതുക്കുകയാണ് മാപ്പിംഗ് പാര്‍ട്ടിയുടെ ലക്ഷ്യം.
പൂര്‍വവിദ്യാര്‍ഥിയായ ജയ്സെന്‍ നെടുമ്പാല മാപ്പിംഗ് പാര്‍ട്ടിക്ക് നേതൃത്വം നല്കി.2018, 2019 പ്രളയകാലത്തും ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തസമയത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാപ്പ് ഡാറ്റ നല്കാന് ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് കമ്യൂണിറ്റിക്ക് സാധിച്ചതായി ഡോ. ആര്. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജി.ഐ.എസ് കോഴ്സ് കോ-ഓർഡിനേറ്റര്‍ ഡോ. എബിന് വര്‍ഗീസ് പറഞ്ഞു.
അക്കാദമിക് സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പുവരുത്തി ഓപ്പണ്‍ മാപ്പിംഗ്, ജിയോസ്പെഷ്യല്‍ സാങ്കേതികവിദ്യ, ഗവേഷണം, അറിവ് പങ്കിടല്‍ എന്നിവ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
Tags : Nattuvishesham Districtnews Deepikanews MG University