മന്ത്രി പി.കെ. ബഷീര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍.
തവനൂര്‍: മണ്ഡലത്തില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പൊതുമരാമത്ത് പദ്ധതികള്‍ പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമായി മന്ത്രി പി.കെ. ബഷീര്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
തവനൂര്‍ എംഎല്‍എ അഡ്വ. വി.എസ്. ജോയിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.പൊന്നാനിയെയും പുറത്തൂര്‍ പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ഹൗറ മോഡല്‍ പാലത്തിന്റെ തടസങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. തീരദേശ ഹൈവേ യാഥാര്‍ഥ്യമാക്കുന്നതില്‍ ഈ പദ്ധതി നിര്‍ണായകമാണ്. അപ്രോച്ച് റോഡ് ടാറിങ് ഉടന്‍ പൂര്‍ത്തിയാക്കാനും അവശേഷിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കാനും മന്ത്രി നിര്‍ദേശം നല്കി.
തവനൂര്‍-തിരുനാവായ പാലം പദ്ധതിയില്‍ അലൈന്മെന്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തുടര്‍നടപടികള്‍ ആലോചിക്കും. ഇ. ശ്രീധരന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് എംഎല്‍എ അഡ്വ. വി.എസ്. ജോയ് അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിക്കും. ഭൂമി സൗജന്യമായി ലഭ്യമാക്കണമെന്നും അല്ലെങ്കില്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഉടമകള്‍ അഡ്വാന്‍സായി ഭൂമി കൈമാറണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഒളമ്പക്കടവിനെയും മാറഞ്ചേരിയെയും ബന്ധിപ്പിക്കുന്നതും 12 വര്‍ഷമായി മുടങ്ങിക്കിടക്കുന്നതുമായ ഈ പാലത്തിന്റെ പണികള്‍ അടുത്ത വര്‍ഷം മാര്‍ച്ചിന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
നടുവട്ടം, നരിപ്പറമ്പ് ജംഗ്ഷനുകളുടെ ഡിസൈന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഫണ്ട് അനുവദിക്കും. കുറ്റിപ്പുറം മുതല്‍ പെരുമ്പിലാവ് വരെയുള്ള സംസ്ഥാനപാത വീതികൂട്ടി നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. തവനൂരില്‍ സംഘടിപ്പിക്കുന്ന സര്‍വോദയമേളയുടെ ഭാഗമായി പുഴയ്ക്ക് കുറുകെ താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിന് ആറ് ലക്ഷം രൂപ അനുവദിക്കും. പദ്ധതി പ്രദേശങ്ങള്‍ വിലയിരുത്തിയ ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ സാങ്കേതികവും ഭരണപരവുമായ തടസങ്ങള്‍ നീക്കി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന, പഞ്ചായത്ത് പ്രസിഡന്റുമാരായ മുജീബ് പൂളക്കല്‍, കെ. സിന്ധു , റംല, ജസ്ന ബാനു, അബൂബക്കര്‍ കെ.വി. സിദ്ധീഖ് , മുബ്ഷിറ കാലടി, ഷാജി മോള്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഷ്ഹര്‍ പെരമുക്ക്, മെഹ്റുന്നിസ, സുലൈഖ റസാഖ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.