പ്രതീകാത്മക ചിത്രം
ചിറ്റൂർ: കാൻസർ ചികിത്സയ്ക്കായി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന ചിറ്റൂർ മേഖലയിലെ രോഗികൾക്ക് ആശ്വാസം. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാൻസർ ചികിത്സാ സേവനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ.വി.എസ്. ദിവ്യയെ ചിറ്റൂരിലേക്ക് നിയമിച്ചു.
ആഴ്ചയിൽ രണ്ടു ദിവസം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ സേവനം ലഭ്യമാക്കിക്കൊണ്ടാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. സുമേഷ് അച്യുതൻ എംഎൽഎ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചിറ്റൂർ താലൂക്കിലെ അതിർത്തി പ്രദേശങ്ങളിൽനിന്നുൾപ്പെടെ ഒട്ടേറെ രോഗികൾ കാൻസർ ചികിത്സയ്ക്കായി ഏറെ ദൂരം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് പരിഹാരമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വിദഗ്ധ കാൻസർ ചികിത്സാ സേവനങ്ങൾ ആരംഭിക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചത്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന ഡോ.വി.എസ്. ദിവ്യയുടെ സേവനം ആഴ്ചയിൽ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും ചിറ്റൂരിൽ ലഭ്യമാക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. ഇത് പരിഗണിച്ചാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്.
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രാരംഭ കാൻസർ രോഗനിർണയം, കീമോതെറാപ്പി, പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങൾ ഘട്ടംഘട്ടമായി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതോടെ കാൻസർ രോഗികൾക്ക് വിദഗ്ധ ഡോക്ടറുടെ സേവനത്തിനായി ദൂരെയുള്ള ആശുപത്രികളിലേക്ക് നിരന്തരം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം കുറയ്ക്കാനാകും. രോഗനിർണയം മുതൽ തുടർചികിത്സയും പരിചരണവും വരെ പ്രാദേശികതലത്തിൽ ലഭ്യമാക്കുന്നതിനുള്ള സാധ്യതയും തുറക്കും.
കാൻസർ ചികിത്സ ദീർഘകാലം തുടരേണ്ടിവരുന്ന സാഹചര്യത്തിൽ യാത്രാചെലവും സമയനഷ്ടവും രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ഭാരമാണ്. ചിറ്റൂർ താലൂക്കിലെ ഗ്രാമീണ, അതിർത്തി മേഖലകളിലുള്ളവർക്ക് ഈ തീരുമാനം ഏറെ പ്രയോജനകരമാകും.
Tags : Chittur Taluk Hospital nattuvishesham district news deepika news Oncologist services will be available at Chittur Taluk Hospital