ഏനാത്ത് ഇളങ്ങമംഗലം ഐത്തല ഏലായിൽ നെൽവിത്ത് വിതയ്ക്കുന്ന കർഷകൻ ബഷീർ.
അടൂർ: മഴ ശക്തമായതോടെ ഏനാത്ത് ഇളങ്ങമംഗലം ഐത്തല ഏലായിൽ വീണ്ടും നെൽക്കൃഷിക്ക് തുടക്കമായെങ്കിലും ജലസേചനത്തിന്റെ അസൗകര്യം ബുദ്ധിമുട്ടാകുന്നു.
മഴ ശക്തമായതോടെ വയലിൽ ആവശ്യത്തിന് വെള്ളമെത്തിയതോടെയാണ് കർഷകനായ കളമല ബഷീർ വീണ്ടും കൃഷിയിറക്കിയത്. ഏനാത്ത് ഭാഗത്ത് നിലവിൽ നെൽക്കൃഷി നടക്കുന്ന ചുരുക്കം ഏലാകളിലൊന്നാണ് ഐത്തല. എട്ടേക്കർ വിസ്തൃതിയുള്ള ഏലായിൽ ഇത്തവണ അഞ്ചേക്കറിലാണ് വിത്ത് വിതച്ചത്. വെള്ളം ലഭിക്കാത്തതിനാൽ കൃഷിയിറക്കാൻ വൈകിയതോടെ മൂന്നേക്കറിലെ കൃഷി ഒഴിവാക്കേണ്ടിവന്നതായി ബഷീർ പറഞ്ഞു. വെള്ളത്തിന്റെ കൃത്യമായ ലഭ്യത ഉറപ്പാക്കാത്തതിനാൽ ഐത്തല ഏലായിൽ മറ്റിടങ്ങളിൽ ആരും കൃഷി ഇറക്കുന്നില്ല.
110 ദിവസംകൊണ്ട് വിളയുന്ന ഉമ നെൽവിത്താണ് വിതച്ചിരിക്കുന്നത്. നിലവിൽ വയലിൽ വെള്ളമുണ്ടെങ്കിലും മഴ മാറുന്നതോടെ വീണ്ടും ജലക്ഷാമം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകൻ. ഏലായിലെ വെള്ളത്തിന്റെ അഭാവം ദീപിക നേരത്തേ വാർത്തയാക്കിയിരുന്നു.
ഐത്തല ഏലായിൽ കൃഷി നിലനിർത്താൻ വയലിന് സമീപം കുളം നിർമിക്കുകയോ കല്ലടയാറ്റിൽനിന്ന് വെള്ളമെത്തിക്കാൻ സംവിധാനം ഒരുക്കുകയോ വേണമെന്നാണ് കർഷകരുടെ ആവശ്യം. ഇതിനായി അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ആവശ്യമാണ്
ഏനാത്ത് കരിപ്പാൽ ഏലായിൽ കഴിഞ്ഞതവണ വെള്ളം ലഭിക്കാതെ നെൽകൃഷി കരിഞ്ഞുണങ്ങിയിരുന്നു. ഐത്തല, കരിപ്പാൽ ഏലാകളിൽ സ്ഥിരമായ ജലസേചന സൗകര്യം ഒരുക്കിയാൽ മാത്രമേ കൂടുതൽ കർഷകർ നെൽകൃഷിയിലേക്ക് വരാൻ തയ്യാറാകൂ. മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കേണ്ടിവരുന്ന സാഹചര്യം മാറിയില്ലെങ്കിൽ നെൽക്കൃഷി നിലനിർത്തുക കൂടുതൽ പ്രയാസമാകുമെന്നാണ് ബഷീറിന്റെ ആശങ്ക.
Tags :