കൈകാട്ടി–ഊത്തുകുഴി റോഡിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ കാടുകയറിയ നിലയിൽ.
നെല്ലിയാമ്പതി: കൈകാട്ടി ജംഗ്ഷൻ മുതൽ ഊത്തുകുഴി വരെയുള്ള നാലു കിലോമീറ്റർ ദൂരം വരുന്ന പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ വളർന്നുനിൽക്കുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. റോഡരികിലെ കാടുകൾ വർഷത്തിൽ രണ്ടുതവണയെങ്കിലും വെട്ടിമാറ്റേണ്ടതുണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും സീതാർകുണ്ട് വ്യൂ പോയിന്റ് ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനായി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി എത്തുന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ തിരക്ക് വർധിക്കുന്നതിനൊപ്പം റോഡിന്റെ ഇരുവശത്തും കാട് വളർന്നുനിൽക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ റോഡരികിൽ എത്തിയാൽ പോലും കാടുകൾക്കിടയിൽ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്നുണ്ട്. വളവുകളിലും ഇടുങ്ങിയ ഭാഗങ്ങളിലും കാഴ്ച മറയ്ക്കുന്നവിധം കാടുകൾ വളർന്നത് അപകടസാധ്യതയും വർധിപ്പിക്കുന്നു.
വിനോദസഞ്ചാരികളുടെ തിരക്കേറിയ പാതയായതിനാൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ അടിയന്തരമായി വെട്ടിമാറ്റണമെന്നും തുടർന്ന് കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്താൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags : nattuvishesham district news deepika news Overgrowth along t roadside makes