പ്രതീകാത്മക ചിത്രം
പിറവം: ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങൾക്ക് അനാവശ്യമായി പെറ്റി കേസ് ചാർജ് ചെയ്യുന്ന പൊലിസ് നടപടിക്കെതിരെ പിറവം മർച്ചന്റ്സ് അസോസിയേഷൻ. പൊലിസുകാർ സിവിൽ ഡ്രസിൽ പോലുമെത്തി മൊബൈൽ ഫോണിൽ വാഹനങ്ങളുടെ ചിത്രങ്ങളെടുക്കുകയാണ്. വാഹന ഉടമകൾക്ക് മൊബൈലിൽ മെസേജ് വരുമ്പോഴാണ് ഫൈൻ അടിച്ചിരിക്കുന്ന കാര്യം അറിയുന്നത്.
അണ്ടേത്ത് കവല മുതൽ പോസ്റ്റ് ഓഫിസ് ജംഗ്ഷൻ വരെ പൊലിസ് ജീപ്പിൽ വരുന്ന ഉദ്യോഗസ്ഥർ പോകുന്ന വഴിക്ക് കാണുന്ന വാഹനങ്ങളുടെ പിന്നിൽ നിർത്തി വാഹനത്തിനുള്ളിൽ നിന്നുതന്നെ മൊബൈലിൽ ഫോട്ടോയെടുക്കുന്നുമുണ്ട്.
പിറവത്തെ ട്രാഫിക് പരിഷ്കാരങ്ങളിൽ കാലാകാലങ്ങളായി റോഡുകളിൽ ലൈനുകൾ വരയ്ക്കുകയും സപോൺസർഷിപ്പിൽ സൈൻ ബോർഡുകൾ വാങ്ങി അശാസ്ത്രീയമായി ടൗണിലെ പല സ്ഥലങ്ങളിലും കൊണ്ട് വച്ചിട്ട് പോയതല്ലാതെ ട്രാഫിക് പൊലിസോ മറ്റ് അധികാരികളോ ഇതിലേക്ക് പിന്നീട് തിരിഞ്ഞു നോക്കാറു പോലുമില്ല. ഏറ്റവും തിരക്കുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്ത് വൈകുന്നേരങ്ങളിൽ ഗതാഗതം നിയന്ത്രിക്കാനും പൊലിസെത്താറില്ല.
കഴിഞ്ഞ ഒരു വർഷത്തോളമായി പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിലുണ്ടായിരുന്ന പൊലിസ് എയ്ഡ് പോസ്റ്റ് പൊളിച്ചു മാറ്റി. ഇത് പുനർ നിർമിക്കാനും നടപടികളായിട്ടില്ല. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണങ്ങളൊന്നും തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും അസോസിയേഷൻ ആരോപിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആൽബിൻ പാവോടത്ത്, രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം, ജനറൽ സെക്രട്ടറി റോയി ഡി. പോൾ എന്നിവർ പറഞ്ഞു.
Tags : Petty Fines nattuvishesham district news deepika news Police Issuing