കണിയാംതോട്ടിലെ കറുത്ത നിറത്തിൽ കെട്ടികിടക്കുന്ന വെള്ളം.
വൈക്കം: നഗരമധ്യത്തിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ സംഗമിക്കുന്ന കണിയാംതോട്ടിൽ ശുചിമുറിമാലിന്യമടക്കം പതിവായി തള്ളുന്നതുമൂലം പ്രദേശവാസികൾ സാംക്രമിക രോഗ ഭീതിയിൽ. നീരൊഴുക്ക് നിലച്ച നാട്ടുതോട്ടിൽ വാഹനങ്ങളിൽ രാത്രികാലങ്ങളിൽ കൊണ്ടുവന്നു തള്ളുന്ന ശുചിമുറിമാലിന്യം കെട്ടിക്കിടന്ന് തോട്ടിലെ വെള്ളത്തിന് കടുംകറുപ്പ് നിറമാണ്.
തോട് കടന്നുപോകുന്നതിന്റെ ഇരുകരകളിലും കായലോരത്തുതാമസിക്കുന്നവർക്കടക്കം മലിനീകരണത്തിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം പട്ടാപകൽ ഈ തോട്ടിൽ പതിവായി സ്കൂട്ടറിലെത്തി പ്ലാസ്റ്റിക്കവറിൽ നിറച്ച മാലിന്യം തള്ളുന്ന വയോധികനെ പ്രദേശവാസികൾ കയ്യോടെ പിടികൂടിയിരുന്നു. മാലിന്യ വാഹിനിയായ പൊതുതോട്ടിലേക്ക് നിരന്തരം മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ടിട്ടും അധികൃതർ നടപടി കർശനമാക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാലിന്യം അടിഞ്ഞ് നീരൊഴുക്ക് നിലച്ചതോട് ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയില്ലെങ്കിൽ പ്രദേശവാസികൾ സാംക്രമിക രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വൈക്കം നഗരസഭയിലെ പെരിഞ്ചിലയിൽ നിന്ന് തുടങ്ങി വേമ്പനാട്ട് കായലിലാണ് കണിയാംതോട് അവസാനിക്കുന്നത്.
തോടിന്റെ ഓരത്ത് എല്ലാ ആഴ്ചയും വൻതോതിൽ ശുചിമുറി മാലിന്യം തള്ളുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മറ്റ് സ്ഥലങ്ങളിലുള്ളവർ വാഹനങ്ങളിലെത്തി വീടുകളിലെ മാലിന്യവും ഇവിടെ വ്യാപകമായി നിക്ഷേപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പകൽ സ്കൂട്ടറിലെത്തി സ്ഥിരമായി മാലിന്യം തള്ളുന്നഒരു വയോധികന്റെ ദൃശ്യങ്ങൾ നാട്ടുകാർ നഗരസഭയ്ക്ക് കൈമാറിയിട്ടുമുണ്ട്. നീരൊഴുക്ക് തടസപ്പെട്ടു കിടക്കുന്ന രണ്ടരക്കിലോമീറ്റർ ദൈർഘ്യമുള്ളതോട്ടിൽ മാലിന്യം നിറഞ്ഞ് കറുത്തനിറത്തിൽ വെള്ളം കെട്ടി കിടക്കുകയാണ്. ഏഴ് മീറ്റർ വീതിയുള്ളതോട് നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലുടെയും ഉദയനാപുരം പഞ്ചായത്തിലെ 12, 16 വാർഡുകളിലൂടെയുമാണ് കടന്നുപോകുന്നത് .
പ്രദേശവാസികൾ തോട്ടിലെ വെള്ളം കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗിച്ചിരുന്നു. തോടിന്റെ ഇരുകരകളിലൂടെയും റോഡുണ്ട്. തോടി നുകുറുകെ പലയിടത്തും പാലമുള്ളതിനാൽ വാഹനങ്ങളിൽ എത്തുന്നവർക്ക് വേഗത്തിൽ മാലിന്യം തള്ളി പോകാൻ കഴിയും. പോലീസിലടക്കം പരാതിപറഞ്ഞിട്ടും ശുചിമുറി മാലിന്യം തള്ളുന്നത് തടയാൻ നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വൈക്കം-എറണാകുളം പ്രധാന പാതയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്ന കണിയാംതോട് ശുചീകരിച്ച് മിനീകരണ ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തോട് ആഴം കൂട്ടി ശുചീകരിക്കും
തോട് ആഴംകൂട്ടി നീരൊഴുക്ക് സാധ്യമാക്കാനായുള്ള പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ തോട് ശുചീകരണം നടത്താൻ ശ്രമം നടത്തിവരികയാണ്. ക്യാമറകൾ സ്ഥാപിച്ച് തോട്ടരികിൽ സുരകക്ഷാവേലി നിർമിക്കുന്നതിനായി 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ഇടവട്ടം ജയകുമാർ
നഗരസഭ കൗൺസിലർ
വൈക്കം