പ്രതീകാത്മക ചിത്രം
വടക്കഞ്ചേരി: രാപ്പകൽ വ്യത്യാസമില്ലാതെ മണ്ണ് കടത്ത് ലോറികൾ പാഞ്ഞ് കിഴക്കഞ്ചേരി പഞ്ചായത്തിലെ ഗ്രാമ റോഡുകളെല്ലാം തകർന്നു. ഒറവത്തൂരിൽ കുന്നിടിച്ചുള്ള മണ്ണ് കടത്തൽ കഴിഞ്ഞപ്പോൾ കോട്ടേകുളം ചുണ്ണാമ്പുകാരൻ കുളമ്പ് ഭാഗത്തുനിന്നാണ് ഇപ്പോൾ മണ്ണ് കടത്തൽ നടക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുന്നങ്കാട് -വാൽകുളമ്പ് റോഡ്, മലയോര ഹൈവേ തുടങ്ങുന്ന കോരഞ്ചിറ - വാൽക്കുളമ്പ് റോഡ്, പഞ്ചായത്ത് റോഡായ ഞൊണ്ടുകുളമ്പ് - ചുണ്ണാമ്പുകാരൻ കുളമ്പ് റോഡ് തുടങ്ങിയ റോഡുകളാണ് ഏറെ തകർന്നിട്ടുള്ളത്. ചുണ്ണാമ്പുകാരൻകുളമ്പ് റോഡ് പൂർണമായും തകർന്ന സ്ഥിതിയിലാണ്. വീതി കുറഞ്ഞതും ബലക്കുറവുമുള്ള ഗ്രാമവഴികളിലൂടെ മണ്ണ് കയറ്റിയ വലിയ ടോറസുകൾ പോകുന്നതിനാൽ റോഡ് തകർച്ച പൂർണമായി. നിറയെ വീടുകളുള്ള പ്രദേശത്തെ ഗ്രാമവഴികളാണ് ഇത്തരത്തിൽ തകർന്ന് നാട്ടുകാരുടെ യാത്രാമാർഗം ഇല്ലാതാക്കുന്നത്.
ഹൈവേ നിർമാണത്തിനെന്നു പറഞ്ഞാണ് മണ്ണ് കടത്തൽ. രാത്രിയും ഏറെ വൈകിയും അവധി ദിവസങ്ങളിലും മണ്ണ് ലോറികളുടെ ബഹളമാണ്. നിരയായി ലോറികൾ പായുന്നതിനാൽ പൊടിമൂടി താമസക്കാർക്കും കാർഷിക വിളകൾക്കും വലിയ ദ്രോഹമാണ് ഉണ്ടാക്കുന്നത്. ടോറസ് പോലെയുള്ള വലിയ ലോറികൾക്ക് പോകാൻ സമയക്രമങ്ങൾ ഉണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തിയാണ് സ്കൂൾ സമയത്തും മറ്റും ലോറികൾ പറയുന്നതെന്ന് പറയുന്നു.
ഒറവത്തൂരിൽ മണ്ണ് കടത്തിയതിനു പിന്നാലെ പ്രദേശത്ത് റോഡ് കൈറ്റങ്ങളും നടക്കുന്നതായി പറയുന്നുണ്ട്. മഴപെയ്താൽ ഇവിടെ ചെളിനിറയും. മഴയില്ലെങ്കിൽ പൊടിശല്യവും രൂക്ഷമാകും.
ഇത്രയേറെ റോഡുകൾ തകരുമ്പോഴും ബന്ധപ്പെട്ട അധികാരികളോ പൊതുമരാമത്ത് വകുപ്പോ നിയന്ത്രണമില്ലാതെ കുന്നിടിക്കുന്നതും കൈയേറ്റങ്ങളും തടയാൻ റവന്യു അധികാരികളോ ഇടപെടുന്നില്ല എന്നതാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്. മണ്ണുകടത്തിന് പിന്നിൽ വലിയ അഴിമതി നടക്കുന്നതാണ് നടപടിയെടുക്കുന്നവരും നിശബ്ദരാകുന്നതിന് കാരണമെന്നാണ് ആരോപണം. ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര തുടങ്ങി വലിയൊരു മേഖലയിലെ നിരവധി കുന്നുകൾ ഇല്ലാതാകും.
ഇതെല്ലാം പ്രകൃതിയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും പ്രകൃതി ദുരന്തങ്ങൾക്ക് വഴി വെക്കുമെന്നുമുള്ള ആശങ്കയാണ് നാട്ടുകാർക്കുള്ളത്. ഹൈവേയുടെ പേര് പറഞ്ഞ് മണ്ണ് കടത്തുന്നത് അവിടേക്ക് തന്നെയാണോ എന്ന് പോലും പരിശോധനകളുമില്ല.
Tags : lorries speed nattuvishesham district news deepika news Soil-hauling