ദേശീയപാതയിൽ മരുതുംമൂടിനു സമീപം അപകടഭീഷണിയായി നിന്ന മരം വെട്ടിമാറ്റുന്നു.
മുണ്ടക്കയം ഈസ്റ്റ്: ദേശീയപാത 183ൽ മരുതുംമൂടിനും കൊടുകുത്തിക്കുമിടയിൽ അപകടഭീഷണിയുയർത്തി നിന്നിരുന്ന വൻ മരങ്ങൾ വെട്ടിമാറ്റിത്തുടങ്ങി. നിലവൽ കുമാരനാശാൻ സ്കൂളിന് സമീപത്ത് നിന്ന അപകടകരമായ വൻ മരമാണ് ആദ്യഘട്ടത്തിൽ വെട്ടിമാറ്റിയത്.
മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് അന്യസംസ്ഥാനങ്ങളിൽനിന്നടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കഴിഞ്ഞ മാസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും മരുതുംമൂടിന് സമീപമുണ്ടായിരുന്ന കൂറ്റൻ മരം കടപുഴകി വീണിരുന്നു. അന്ന് തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയുടെ വശത്ത് വിദ്യാലയവും പ്രവർത്തിക്കുന്നുണ്ട്.
മരങ്ങൾ കടപുഴകി വീണാൽ അത് വലിയ അപകടങ്ങൾക്കാകും വഴിവയ്ക്കുക. ഇത് മുന്നിൽക്കണ്ടാണ് ഇപ്പോൾ അപകടഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നത്.
കൊടുകുത്തിക്കും മരുതുംമൂടിനുമിടയിൽ അപകടഭീഷണിയുയർത്തി നിരവധി മരങ്ങളാണ് നിൽക്കുന്നത്. മുപ്പത്താറാംമൈലിന് സമീപം വെയ്റ്റിംഗ് ഷെഡിനോട് ചേർന്ന് അപകടഭീഷണിയുയർത്തി വൻമരം നിൽക്കുന്നുണ്ട്.
ഇതു കൂടാതെ കുട്ടിക്കാനത്തിനും മുപ്പത്തഞ്ചാംമൈലിനുമിടയിൽ നിരവധി വൻ മരങ്ങളാണ് റോഡിന്റെ വശത്ത് നിലകൊള്ളുന്നത്. ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ് നിരവധി മരങ്ങൾ നിൽക്കുന്നത്. അടിയന്തരമായി ഈ മരങ്ങൾ കൂടി വെട്ടിമാറ്റി റോഡിലൂടെയുള്ള യാത്ര സുരക്ഷിതമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.