മധുരം പദ്ധതിയുടെ ഉദ്ഘാടനം വിനു ജോബ് എംഎല്‍എ നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് പൊതുജനങ്ങളില്‍ ആരോഗ്യബോധം വളര്‍ത്തുന്നതിനായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി വിഭാവനം ചെയ്ത പ്രത്യേക ആരോഗ്യ പരിശോധനാ പാക്കേജ് മധുരം ഔദ്യോഗികമായി നിലവില്‍ വന്നു. വിനു ജോബ് എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജയിംസ് പി കുന്നത്ത് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. മാര്ട്ടിന് തൈപ്പറമ്പിൽ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, ഡോ. നവീന്‍ എസ് നായർ, ഡോ. ആന്റണി എ. തോമസ്, ഡോ. എസ്. അബ്ദുള്‍ ഖാദർ, ഡോ. ദിലീപ്കുമാര് ജി, പോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രമേഹരോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ, രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും ഉറപ്പാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. നവംബര്‍ ഒന്നു മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രമേഹ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്.
മധുരം ഹെല്‍ത്ത് ചെക്കപ്പ് പാക്കേജിന്റെ ഭാഗമായി, എ, ബി, സി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് പരിശോധനാ പാക്കേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അടിസ്ഥാന പരിശോധനകള്‍: ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ഭക്ഷണാനന്തര രക്തത്തിലെ പഞ്ചസാരയുടെ അളവ്, എച്ച്ബിഎ.1.സി, ലിപിഡ് പ്രൊഫൈൽ, ബോഡി മാസ് ഇന്‍ഡക്സ്, രക്തസമ്മര്‍ദ്ദ പരിശോധന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ വിപുലമായ സേവനങ്ങളും പാക്കേജിന്റെ വിഭാഗമനുസരിച്ച് കിഡ്നി ഫംഗ്ഷന് ടെസ്റ്റ്, യൂറിന്‍ റൂട്ടീന്‍ പരിശോധന, ഇസിജി, വിദഗ്ധ ഡോക്ടറുടെ കണ്സള്ട്ടേഷന് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 04812722100 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.