ചര്‍മം സുന്ദരമാക്കാം; ആയുര്‍വേദത്തിലൂടെ
Monday, July 15, 2019 5:27 PM IST
ശരീരത്തിലെ ഓരോ അവയവത്തിനും അതിന്‍േറതായ ധര്‍മവും പ്രാധാന്യവുമുണ്ട്. അവയവത്തിനുണ്ടാകുന്ന ചെറിയ മാറ്റംപോലും ശരീരവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തെ പ്രകടമായോ അല്ലാതെയോ ബാധിക്കാം. പാദം മുതല്‍ തലയോട്ടി വരെ വ്യാപിച്ചു കിടക്കുന്ന ചര്‍മത്തിനു ശാരീരികാരോഗ്യവും സൗഖ്യവും ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കാണുള്ളത്. ഊഷ്മാവ് നിയന്ത്രിക്കുന്നതടക്കമുള്ള സുപ്രധാന ജോലികളിലൂടെ ആന്തരീകാവയവങ്ങളുടെ സംരക്ഷകനാകുന്നത് ത്വക്കാണ്. അതുകൊണ്ടുതന്നെ ചര്‍മസംരക്ഷണം അവഗണിക്കപ്പെടേണ്ട ഒന്നല്ലെന്ന് ആയുര്‍വേദം ഓര്‍മപ്പെടുത്തുന്നു.
ആയുര്‍വേദ പരിചരണം
രോഗബാധകളില്‍ നിന്നു ചര്‍മത്തെ സംരക്ഷിക്കാന്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന നിരവധി മാര്‍ഗങ്ങളുണ്ട്. വീട്ടകങ്ങളില്‍ മുത്തശിമാരും മുതിര്‍ന്നവരും പകര്‍ന്നു തരുന്ന ഇത്തരം 'പൊടിക്കൈകള്‍' പ്രായോഗിക പിന്‍ബലത്തില്‍ പിന്തുടരുന്നവരുണ്ട്. എന്നാല്‍ ആധികാരിക ഗ്രന്ഥങ്ങളും ആധുനിക ഗവേഷണങ്ങളും കരുത്തുപകരുന്ന സംരക്ഷണ മാര്‍ഗങ്ങളാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത്. മറ്റ് അവയവങ്ങളെ അപേക്ഷിച്ച് ചര്‍മത്തിന്റെ കാര്യത്തില്‍ വ്യാജചികിത്സയും വ്യാജമരുന്നുകളും വ്യാപകമാണെന്നു കാണാം. പച്ചില വരെ കൃത്രിമമായി നിര്‍മിക്കാവുന്ന ഇക്കാലത്ത് ശുദ്ധവും വിശ്വാസ്യതയുള്ളതുമായ വഴി തെരഞ്ഞെടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. പാര്‍ശ്വഫലങ്ങള്‍ കാര്യമായി ഇല്ലാത്തതിനാല്‍ ആയുര്‍വേദത്തെ ഉപയോഗപ്പെടുത്തുന്നവരാണ് അധികവും.
മുഖസംരക്ഷണം മാത്രമല്ല
ചര്‍മസംരക്ഷണമെന്നാല്‍ ശരീരസൗന്ദര്യം സംരക്ഷിക്കല്‍ മാത്രമാണെന്ന തെറ്റിധാരണ പരക്കെയുണ്ട്. മുഖത്തിന്റെ സൗന്ദര്യത്തില്‍ മാത്രമൊതുങ്ങുന്നതാണിതെന്ന തോന്നലാണ് മിക്കവര്‍ക്കും. ചര്‍മസംരക്ഷണം ഒരിക്കലും മുഖചര്‍മത്തിനു മോടി കൂട്ടാന്‍ വേണ്ടി മാത്രം ഉള്ളതല്ല. ആരോഗ്യമുള്ള ആന്തരികഘടന സൃഷ്ടിക്കുന്നതില്‍ ആയുര്‍വേദം പ്രത്യേകം ശ്രദ്ധിക്കുന്നു. രോഗരഹിതമായ ആന്തരികഘടന ഉറപ്പാക്കാന്‍ ആരോഗ്യമുള്ള ചര്‍മസംവിധാനം കൂടിയേ തീരൂ. ആയുര്‍വേദത്തിലെ ചര്‍മസംരക്ഷണം തൊലിപ്പുറമെ മാത്രമുള്ളല്ല. ഉള്ളില്‍ നിന്നുള്ള പരിപാലനവും ഇതില്‍പ്പെടുന്നു.
ചര്‍മത്തെ അറിയുക
ചികിത്സയ്ക്കും പരിചരണത്തിനും മുന്നോടിയായി ചര്‍മത്തെ അറിയണമെന്ന് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നു. പല ഘടകങ്ങള്‍ വിലയിരുത്തി വിധിപ്രകാരം ചര്‍മത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. വാതം, പിത്തം, കഫം എന്നീ സ്വഭാവങ്ങളാണ് ചര്‍മത്തിലും പ്രകടമാകുക. ഓരോന്നിന്റെയും രൂപഘടന വ്യത്യസ്തമായിരിക്കും. അതിനാല്‍ പരിപാലനചികിത്സാരീതികളും വ്യത്യസ്തമാണ്. അതുകൊണ്ടാണ് ആദ്യപടിയായി ചര്‍മം അറിയണമെന്നു നിര്‍ദേശിക്കുന്നത്. എങ്കില്‍ മാത്രമേ ചര്‍മത്തിനു ചേരുന്ന മരുന്നുകള്‍ പ്രയോഗിക്കാന്‍ കഴിയുകയുള്ളൂ.
പരിപാലനരീതികള്‍ വാത ചര്‍മമുള്ളവര്‍
ഓരോ ചര്‍മത്തിനും തികച്ചും വ്യത്യസ്തമായ പരിപാലനരീതികളുണ്ട്. വാതസ്വഭാവത്തിലുള്ള ചര്‍മക്കാര്‍ അതിന്റെ ജലാംശം സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. പോഷകാംശങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും എണ്ണ തേച്ച് കുളിക്കണം.
പിത്ത ചര്‍മുള്ളവര്‍
പിത്ത ചര്‍മം ഉള്ളവര്‍ അമിതമായി വെയിലു കൊള്ളാതെ ശ്രദ്ധിക്കണം. പുളിയും എരിവും അധികമായുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ശരീരം അമിതമായി വിയര്‍പ്പിക്കുന്ന അതികഠിനമായ വ്യായാമമുറകള്‍ ഒഴിവാക്കുന്നതും ഗുണകരമാണ്.

കഫ ചര്‍മമുള്ളവര്‍
കഫ ചര്‍മമുള്ളവര്‍ ത്വക്ക് വൃത്തിയായി സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തരുത്. സാധിക്കുമെങ്കില്‍ കൃത്യമായ ഇടവേളയില്‍ ഒന്നിലേറെ തവണ ത്വക്ക് വൃത്തിയാക്കണം. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ അമിതമായി ഉപയോഗിക്കരുത്. ത്വക്കിന്റെ ആരോഗ്യത്തിനു നല്ല ഉറക്കവും ഏറെ ഗുണകരമാണ്.
വരണ്ട ചര്‍മമുള്ളവര്‍
വരണ്ട ചര്‍മക്കാര്‍ക്ക് ചൂടുള്ള എണ്ണ ഉപയോഗിച്ചുള്ള ഉഴിച്ചില്‍ ഗുണദായകമാണ്. കണിക്കൊന്ന, ആര്യവേപ്പ് എന്നിവയില്‍ നിന്നുള്ള എണ്ണകള്‍ ഇതിനുപയോഗിക്കാം. ഇവ ചര്‍മത്തെ പുനരുജ്ജീവിപ്പിക്കും.
ജലാംശം നിലനിര്‍ത്തല്‍
ചര്‍മകോശങ്ങള്‍ ജലാംശമുള്ളതായി നിലനിര്‍ത്തുക എന്നതാണ് സംരക്ഷണത്തിലെ സുപ്രധാന വഴി. ധാരാളം വെള്ളം കുടിക്കണം. നിത്യവും എണ്ണ തേച്ച് കുളിക്കണം. ചര്‍മസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ധുര്‍ത്തുരപത്രാദി കേരം, ത്രിഫലാദി കേരം, നീലിഭൃംഗാദി തൈലം എന്നിവ വൈദ്യനിര്‍ദേശപ്രകാരം തലയില്‍ തേയ്ക്കാവുന്നതാണ്. ഏലാദി തൈലം, നാല്‍പാമരാദി തൈലം, പഞ്ചവല്‍ക്കാദി തൈലം തുടങ്ങിയവ ദേഹത്ത് ഉപയോഗിക്കാം. പച്ചമരുന്നുകള്‍ കലര്‍ത്തിയുള്ള എണ്ണകളും ഗുണം ചെയ്യും. എണ്ണകളുടെ ഉപയോഗം ചര്‍മത്തിന്റെ ഏറ്റവും ആഴത്തിലുള്ള പാളിയെ ജലാംശമുള്ളതാക്കും. എണ്ണയിലെ മരുന്നുകള്‍ ചര്‍മത്തിനു തിളക്കം നല്‍കുന്നു. കുളിക്കുമ്പോള്‍ രാസവസ്തുക്കളടങ്ങിയ സോപ്പിന് പകരം പാല്‍ ക്രീം, മഞ്ഞള്‍ പൊടി, ചെറുപയര്‍പൊടി തുടങ്ങിയവ ഉപയോഗിക്കാം. ഇവ ചര്‍മത്തെ മൃദുലമാകാന്‍ സഹായിക്കും. പരുത്തി വസ്ത്രങ്ങളുപയോഗിക്കുന്നതും ഗുണകരമാണ്.
ഭക്ഷണത്തിന്റെ പ്രാധാന്യം
ആരോഗ്യകരമായ ഭക്ഷണവും ചര്‍മസംരക്ഷണവും തമ്മില്‍ ഏറെ ബന്ധമുണ്ട്. നെല്ലിക്ക, ശതാവരി, ത്രിഫല തുടങ്ങിയവയൊക്കെ ഭക്ഷണത്തിലുള്‍പ്പെടുത്താം. ശരീരത്തിലെ വിഷദോഷങ്ങള്‍ ആഗിരണം ചെയ്ത് പുറന്തള്ളാന്‍ കഴിവുള്ളവയാണിവ. ജലാംശം കൂടുതലുള്ള കുമ്പളങ്ങ, വെള്ളരിക്ക, കക്കിരി, മാതളനാരങ്ങ, പേരക്ക, കദളിപ്പഴം എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ച്യവനപ്രാശം നിഷ്ഠയോടെ ഉപയോഗിക്കുന്നത് ശരീരത്തിനും ചര്‍മത്തിനും നല്ലതാണ്.
എണ്ണയില്‍ വറുത്ത ഭക്ഷണം അമിതമായും പതിവായും കഴിക്കുന്നത് ചര്‍മത്തെ ദോഷകരമായി ബാധിക്കും. ബേക്കറി ഉത്പന്നങ്ങളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളും പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കാം. മൈദ, ഉഴുന്ന്, തൈര്, വാളന്‍പുളി, ചുവന്നമുളക്, കൈതച്ചക്ക എന്നിവ ഒഴിവാക്കണം.
ചര്‍മസംരക്ഷണത്തിനായി ആയുര്‍വേദ മരുന്നുകള്‍ സേവിക്കുമ്പോള്‍ വൈദ്യനിര്‍ദേശപ്രകാരമുള്ള പഥ്യം കൃത്യമായി പിന്തുടരാന്‍ ശ്രദ്ധിക്കണം. പോഷകപൂര്‍ണമായ ഭക്ഷണം കൃത്യസമയത്ത് കൃത്യമായ അളവില്‍ കഴിക്കുന്നത് ശരീരമാലിന്യത്തിന്റെ അളവ് കുറയ്ക്കും. ദഹനം എളുപ്പത്തിലാകുന്നതോടെ ആന്തരീകാവയവങ്ങള്‍ക്കു മതിയായ വിശ്രമവും പോഷണവും ലഭിക്കും. കേടായ ചര്‍മകോശങ്ങള്‍ സംരക്ഷിക്കപ്പെടുകയും പുതിയവ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇതുവഴി രോഗങ്ങള്‍ ഒഴിവാകും.
കഴിക്കാനുള്ള മരുന്നുകള്‍
രോഗാവസ്ഥ കണക്കിലെടുത്ത് ലേപനങ്ങള്‍ക്കു പുറമേ ഉള്ളിലേക്കു കഴിക്കുന്ന മരുന്നുകളും ആയുര്‍വേദത്തില്‍ നിര്‍ദേശിക്കാറുണ്ട്. വൈദ്യനിര്‍ദേശ പ്രകാരം കൃത്യമായ പഥ്യം പാലിച്ചുവേണം മരുന്നുകള്‍ സേവിക്കാന്‍. വ്യായാമം, കുളി, ഉറക്കം, വിശ്രമം, ഭക്ഷണം എന്നിവയെല്ലാം പരിഗണിച്ചുള്ള സമയക്രമമാണ് മരുന്നുസേവയ്ക്ക് നിര്‍ദേശിക്കാറുള്ളത്. ഋതുക്കള്‍ക്കനുസരിച്ചും മരുന്നുകളുടെ പ്രയോഗം വ്യത്യാസപ്പെട്ടേക്കാം. അതായത് വേനല്‍ക്കാലത്തു ഗുണം ചെയ്യുന്ന മരുന്നുകള്‍ ശൈത്യകാലത്ത് പ്രയോജനപ്പെടണമെന്നില്ല. ഇത്തരം നിരവധി കാര്യങ്ങളുള്ളതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകള്‍ ഉപയോഗിക്കാവൂ.
ഡോ. എന്‍.പി. ദീപക്
ചെമ്മാട്, മലപ്പുറം