ഫോട്ടോ സെന്‍ഡ് ചെയ്യും മുമ്പ് ഒന്നു ചിന്തിക്കൂ...
ഫോട്ടോ സെന്‍ഡ് ചെയ്യും മുമ്പ് ഒന്നു ചിന്തിക്കൂ...
Tuesday, March 24, 2020 4:30 PM IST
അടുത്തിടെ എറണാകുളത്തെ സൈബര്‍ സെല്ലില്‍ പരാതിയുമായി മാതാപിതാക്കളും മകളുമെത്തി. മകളുടെ നഗ്ന ഫോട്ടോ കാണിച്ച് സീനിയര്‍ ആയ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി. ആ സംഭവം ഇങ്ങനെയായിരുന്നു.

നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു അനു (യഥാര്‍ഥ പേരല്ല). അതേ സ്‌കൂളില്‍ തന്നെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു കിരണ്‍ (യഥാര്‍ഥ പേരല്ല). സ്‌കൂളില്‍ വച്ച് ഇരുവരും പരിചയപ്പെട്ടു. സൗഹൃദം പതിയെ പ്രണയത്തിലേക്കു വഴിമാറി. ചാറ്റിംഗ് ആയിരുന്നു ഇരുവരുടെയും പ്രധാന ഹോബി. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന പെണ്‍കുട്ടി അതിനായി മാര്‍ഗവും കണ്ടെത്തി. പിതാവിന്റെ ഫോണ്‍ ഡൈനിംഗ് റൂമിലാണ് ചാര്‍ജ് ചെയ്യാനായി ചെയ്യാനായി വയ്ക്കുന്നത്. വീട്ടുകാര്‍ ഉറങ്ങിയ ശേഷം ആ ഫോണ്‍ കൈക്കലാക്കി പാതിരാ വരെ കിരണുമായി അനു ചാറ്റു ചെയ്യുക പതിവായിരുന്നു.

നഗ്നഫോട്ടോയ്ക്കായി

ഒരു ദിവസം കിരണ്‍ അനുവിനോട് ഒരു ഫോട്ടോ അയച്ചുതരാന്‍ ആവശ്യപ്പെു. അവളുടെ പാതി നഗ്നമായ ഫോട്ടോയായിരുന്നു ആവശ്യപ്പെത്. എന്നാല്‍ ആ പെണ്‍കുട്ടി അതിന് തയാറായില്ല. തുടര്‍ന്ന് അവന്‍ മെല്ലേ സൗഹൃദം അവസാനിപ്പിക്കുന്ന രീതിയില്‍ പെരുമാറി തുടങ്ങി. സ്‌കൂളില്‍ വച്ച് അനുവിനെ കണ്ടാല്‍ അവഗണിക്കാന്‍ തുടങ്ങി. അവളുടെ ക്ലാസിലെ മറ്റൊരു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. ഇതെല്ലാം അനുവിനെ മാനസികമായി തളര്‍ത്തി. ഒരു ദിവസം അവള്‍ കിരണിനെ വിളിച്ചു ക്ഷമ പറഞ്ഞു. തുടര്‍ന്ന് അവളുടെ പാതി നഗ്നമായ ഫോട്ടോ കിരണിന് അയച്ചു കൊടുത്തു. അതോടെ അവരുടെ സൗഹൃദം കൂടുതല്‍ ദൃഢമായി. നഗരത്തിലെ പല സ്ഥലങ്ങളിലും സിനിമ തീയറ്ററിലുമൊക്കെ ഇരുവരും കറങ്ങി നടന്നു. അര്‍ധരാത്രിവരെ നീളുന്ന ചാറ്റിംഗും തകൃതിയായി നടന്നു. ഇതിനിടയില്‍ കിരണ്‍ പെണ്‍കുട്ടിയോട് മറ്റൊരു കാര്യം ആവശ്യപ്പെട്ടു. അവളുടെ ഒരു നഗ്ന വീഡിയോ വേണമെന്നായിരുന്നു ആവശ്യം. ഒപ്പം കിരണിന്റെ ഒരു നഗ്ന വീഡിയോയും അവന്‍ അനുവിനു അയച്ചു കൊടുത്തു. എന്നാല്‍ പെണ്‍കുട്ടി ആ ആവശ്യം നിരസിച്ചു. അതോടെ കിരണിന്റെ തനിനിറം അവള്‍ക്കു മനസിലായി.

മുമ്പ് അയച്ച അവളുടെ നഗ്നഫോട്ടോ കൂട്ടുകാരെ കാണിക്കുമെന്ന് അവന്‍ ഭീഷണിപ്പെടുത്തി. അതോടെ പെണ്‍കുട്ടി കൂടുതല്‍ വിഷമത്തിലായി. മറ്റു മാര്‍ഗങ്ങളില്ലാതെ വന്നതോടെ അവള്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള അവളുടെ നഗ്ന വീഡിയോ കിരണിന് കൈമാറി.

വീഡിയോ അയച്ച ശേഷം പെണ്‍കുട്ടി മാനസികമായി തകര്‍ന്ന അവസ്ഥയിലായി. ഭക്ഷണം കഴിക്കാതെയും സ്‌കൂളില്‍ പോകാന്‍ മടികാണിക്കുകയും ചെയ്തതോടെ രക്ഷിതാക്കള്‍ കാര്യങ്ങള്‍ തിരക്കി. ഒടുവില്‍ നടന്ന കാര്യങ്ങള്‍ അനു രക്ഷിതാക്കളെ അറിയിച്ചു.


പരാതി സൈബര്‍ സെല്ലിലേക്ക്

തുടര്‍ന്ന് അനുവിന്റെ മാതാപിതാക്കള്‍ സൈബര്‍ സെല്ലിനു പരാതി നല്‍കി. ഞൊടിയിടയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കിരണിനെ കണ്ടെത്തി. അവന്റെ വീട്ടില്‍ ഒളിപ്പിച്ചു വച്ചിരുന്ന മെമ്മറി കാര്‍ഡ് പോലീസ് കണ്ടെത്തി. അതില്‍ നിന്നും നഗ്നഫോാേകളും വീഡിയോയും നശിപ്പിച്ചു കളഞ്ഞു.

സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞും തട്ടിപ്പ്‌

പോലീസ് ഉദ്യോഗസ്ഥരെപ്പോലും കുടുക്കുന്ന രീതിയിലാണ് പുതിയ സൈബര്‍ തട്ടിപ്പ് നടക്കുന്നത്. അടുത്ത് സൈബര്‍ സെല്ലിലെത്തിയ ചില പരാതികള്‍ അത്തരത്തിലുള്ളതായിരുന്നു. സൈബര്‍ സെല്ലിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരും റാങ്കും പറഞ്ഞ് പെണ്‍കുട്ടികളെയും വീട്ടുകാരെയും ഫോണില്‍ വിളിച്ച് തിപ്പ് നടത്തുന്ന സംഘങ്ങളെ കൊച്ചി സൈബര്‍ സെല്‍ അടുത്തിടെ കുടുക്കുകയുണ്ടായി. നിങ്ങളുടെ മകളുടെ നഗ്നവീഡിയോയും ഫോട്ടോയും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് സൈബര്‍ സെല്‍ കണ്ടെത്തി എന്നു പറഞ്ഞാണ് വിളിക്കുന്നത്. ഇത് സ്ഥിരീകരിക്കാനായി അര്‍ധനഗ്നമായി ഒരു ഫോട്ടോ വാട്‌സ്ആപ്പില്‍ ഡിസ്‌പ്ലേ പിക്ചര്‍ ആയി ഒരു സെക്കന്റ് നേരത്തേക്ക് ഇടാന്‍ ആവശ്യപ്പെടും. ഡിസ്‌പ്ലേ ഇട്ടാല്‍ ഉടന്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കുകയാണ് ഇവരുടെ പതിവ്. പോലീസില്‍ നിന്നുള്ള വിളിയായതുകൊണ്ട് പലരും ആദ്യം ചതി മനസിലാക്കാതെ ചിത്രം അയച്ചു കൊടുക്കും. തുടര്‍ന്ന് ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി. പലരും നാണക്കേട് ഭയന്ന് പരാതിപ്പെടാന്‍ തുനിയാറില്ലെന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള കെണിയില്‍പ്പെടുന്നവരില്‍ ഏറെയും കൗമാരക്കാരാണ്.

ഫോട്ടോകള്‍ കൈമാറും മുമ്പേ...

വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുംമുമ്പേ ഒരു നിമിഷം ശ്രദ്ധിക്കണം. വിനോദയാത്ര, വിവാഹം തുടങ്ങിയ ഫോട്ടോകള്‍ പലരും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരം ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് മാറ്റാനുള്ള സോഫ്ട്‌വെയറുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണെന്ന വസ്തുത നാം മറക്കരുത്. അയ്യായിരം രൂപയില്‍ താഴെ വരുന്ന ഫോണുകളില്‍ പ്പോലും ഇത്തരം കാര്യങ്ങള്‍ നിസാരമായി ചെയ്യാന്‍ കഴിയും. അതിനാല്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കും മുമ്പ് ഒന്നു കൂടി ചിന്തിക്കണം. സൈബര്‍ കുരുക്കില്‍ വീഴാതെ ഓരോരുത്തരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പ്രമോദ് വൈ. ടി
അസി.സബ് ഇന്‍സ്‌പെക്ടര്‍, സൈബര്‍ സെല്‍, കൊച്ചി സിറ്റി