ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ പൊന്നുവിളയിച്ച് പ്രവാസി
മംഗലം ശങ്കരൻകുട്ടി
Tuesday, September 9, 2025 5:15 PM IST
ഡ്രാഗൺ ഫ്രൂട്ടിൽ പൊന്നുവിളയിച്ച് പ്രവാസിയുടെ കൃഷിയിടം. അമ്പലപ്പാറയിലാണ് ഒന്നരയേക്കറിൽ എണ്ണൂറിലേറെ ഡ്രാഗൺഫ്രൂട്ട് ചെടികൾ വളർത്തി ഉടമ രാമചന്ദ്രൻ ലാഭം കൊയ്യുന്നത്.
സീസണായാൽ 700 കിലോയിലേറെ ഡ്രാഗൺഫ്രൂട്ട് ലഭിക്കും. വിപണിക്കും അലയേണ്ട. നാട്ടിൻപുറങ്ങളിൽ അത്ര സുപരിചിതമല്ലാതിരുന്ന കൃഷിയെ വീട്ടുപറമ്പിൽ വിളയിച്ച കടമ്പൂർ ലക്ഷംവീട് ജംഗ്ഷൻ വരിക്കോട്ടിൽ കിഴക്കേക്കര രാമചന്ദ്രൻ (66) മറ്റുള്ളവർക്കും മാതൃകയാണ്.
പത്തുവർഷം മുമ്പ്പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോൾ തുടർ ജീവിതത്തിന് കൃഷിയാണ് രാമചന്ദ്രൻ തെരഞ്ഞെടുത്തത്. നെല്ല്, റബ്ബർ, വാഴ തുടങ്ങിയ കൃഷികളുമായി മുന്നോട്ടുപോകുന്നതിനിടെ യാദൃശ്ചികമായാണ് രാമചന്ദ്രൻ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞത്.
2022ൽ അമ്പലപ്പാറ കൃഷിഭവനിൽനിന്ന് ലഭിച്ച 240 തൈകളുമായി അരയേക്കറിലുണ്ടായിരുന്നു ആദ്യം ഡ്രാഗൺ ഫ്രൂട്ട് കൃഷി. പിന്നീട് അട്ടപ്പാടിയിൽനിന്ന് അമേരിക്കൻ ബ്യൂട്ടി വിഭാഗത്തിൽപ്പെട്ട കൂടുതൽ ചെടികളെത്തിച്ചു.
അകക്കാന്പിന് റോസ് നിറമുള്ള പഴങ്ങളാണ് വിളയുന്നത്. പൂവിട്ടാൽ 30 ദിവസംകൊണ്ട് പഴംലഭിക്കുമെന്നു രാമചന്ദ്രൻ പറയുന്നു. നന്നായി പരിപാലിച്ചാൽ എട്ടുമാസംകൊണ്ട് ഡ്രാഗൺഫ്രൂട്ട് വിളയുമെന്നും രാമചന്ദ്രന്റെ അനുഭവസാക്ഷ്യം. കടമ്പഴിപ്പുറത്തും ഒറ്റപ്പാലത്തുമാണ് വിൽക്കാറുള്ളത്.
ആവശ്യക്കാർക്ക് തൈകളും നൽകാറുണ്ട്. കഴിഞ്ഞവർഷം മൂവായിരത്തോളം തൈകളാണ് ചാവക്കാട്, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ ആവശ്യക്കാരിലേക്ക് എത്തിച്ചത്. അവക്കാഡോ, റംബുട്ടാൻ, ജെബോട്ടിക്ക, അബിയു എന്നീ പഴവർഗക്കൃഷിയിലേക്കുകൂടി തിരിഞ്ഞിരിക്കയാണ് രാമചന്ദ്രൻ.