കുട്ടനാടിനു വേണ്ടത് രണ്ടാം കൃഷിയോ?
Tuesday, September 23, 2025 1:39 PM IST
പുഞ്ചക്കൃഷിക്കുശേഷം മണ്സൂണിന്റെ വരവോടെ ആറുമാസത്തിലധികം വെള്ളത്തിലാകുന്ന കുട്ടനാടൻ പാടശേഖരപ്രദേശങ്ങൾക്കു വേണ്ടത് കരുതലിന്റെ പന്പിംഗ്. മഴക്കാലത്തു രണ്ടാംകൃഷിക്കു പകരം മത്സ്യക്കൃഷിയും നിയന്ത്രിത പന്പിംഗും സംയുക്തമായി നടപ്പിലാക്കിയാൽ, പാടശേഖരപ്രദേശങ്ങളെ നിഷ്പ്രയാസം വെള്ളക്കെട്ടുദുരിതങ്ങളിൽനിന്നും സംരക്ഷിക്കാനാവും.
പാടശേഖര പുറംബണ്ടുകൾ ഉയർത്തി ബലപ്പെടുത്തി മോട്ടോർതറകളിൽ സ്ഥിരം വൈദ്യുതി കണക്ഷൻ സജ്ജമാക്കുകയാണിതിനാദ്യം വേണ്ടത്. ബണ്ടു നിർമാണത്തിനു കുട്ടനാട്ടിൽ നിന്നു തന്നെ കട്ടയെടുത്താൽ ജലാശയങ്ങളുടെ ആഴവും നീരൊഴുക്കും വർധിക്കും.
പാടശേഖരങ്ങളിലെ പരന്പരാഗത പെട്ടിയും പറയ്ക്കും പകരം, ഒരു മോട്ടോർതറയിലെങ്കിലും സബ്മേഴ്സിബിൾ പന്പും ഷട്ടറും സ്ഥാപിച്ചാൽ അതു മഴക്കാലത്തെ ജലനിരപ്പുക്രമീകരണത്തിന് കൂടുതൽ സഹായകരമാകും.
കർഷകരും കർഷകതൊഴിലാളികളും പൊതുപ്രവർത്തകരുമെല്ലാം ഇത്തരം ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുന്നുണ്ടെങ്കിലും നടപടികൾ വൈകുന്നുവെന്നാണു പരാതി. പുറത്തെ ജലനിരപ്പ് കൂടുതൽ ഉയർന്നു നിൽക്കുന്ന സമയത്ത്, രണ്ടാം കൃഷിക്കുവേണ്ടി പന്പിംഗു നടത്തി അകത്തെ വെള്ളം തീർത്തു വറ്റിക്കുന്നതു പാടശേഖരങ്ങളിൽ മടവീഴ്ചയ്ക്കു കാരണമാകാറുണ്ട്.
മടവീഴ്ചയും കൃഷിനാശവും കർഷകർക്കും സർക്കാരിനും കനത്ത സാന്പത്തിക ബാധ്യത വരുത്തിവയ്ക്കാറുമുണ്ട്. എന്നിരുന്നാലും, വെള്ളക്കെട്ടിൽനിന്നു രക്ഷനേടാനുള്ള മാർഗമായാണ് പലരുമിപ്പോൾ രണ്ടാംകൃഷിയെ പിന്തുണയ്ക്കാറുള്ളത്.
ഇതേസമയം, പാടശേഖരപ്രദേശങ്ങളിലെ താമസക്കാരല്ലാത്തവർക്കു വെള്ളക്കെട്ടിന്റെ ദുരിതം അനുഭവപ്പെടുന്നില്ലെന്നതിനാൽ, അവരാരും തന്നെ, രണ്ടാംകൃഷിയെ അനുകൂലിക്കാറുമില്ല. നെൽക്കർഷകരല്ലാത്ത പ്രദേശവാസികൾക്കാകട്ടെ, പാടശേഖരസമിതികളിൽ പ്രാതിനിധ്യമില്ലാത്തതിനാൽ രണ്ടാംകൃഷി വേണമെന്നു വാദിക്കാനുള്ള അവകാശവുമില്ല.
ജനപ്രതിനിധികളും നേതാക്ക·ാരുമെല്ലാം വാഗ്ദാനങ്ങൾ ആവർത്തിക്കുകയും, ഗ്രാമസഭകൾ അനുകൂല തീരുമാനങ്ങളെടുക്കുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും; നെൽക്കൃഷിയില്ലാത്ത പാടത്ത് നിയന്ത്രിതപന്പിംഗ്, പലപ്പോഴും പ്രായോഗികമാകാറില്ല.
നെൽക്കൃഷിയില്ലാത്തപ്പോൾ പന്പിംഗ് നടത്താൻ സർക്കാർ പദ്ധതികളില്ലെന്നതാണിതിനു കാരണം. തന്മൂലം പൊതുഖജനാവിൽനിന്നും കോടികൾ മുടക്കി സജ്ജമാക്കിയിട്ടുള്ള അടിസ്ഥാനസൗകര്യങ്ങൾ ദുരിതനിവാരണത്തിനു പോലും പ്രയോജനപ്പെടാത്ത അവസ്ഥ സംജാതമാകുന്നു.
ദുരിതനിവാരണം പോലെയുള്ള കാര്യങ്ങൾ പാടശേഖരസമിതികളുടെ മാത്രം ഉത്തരവാദിത്വമായി കാണാനാവില്ലെന്നതിനാൽ, വ്യക്തമായ പദ്ധതികളും പ്രാദേശിക ഭരണകൂടങ്ങളുടെ ചുമതലയിൽ ആവശ്യമായ മുന്നൊരുക്കങ്ങളുമൊക്കെ ഉണ്ടായെങ്കിൽ മാത്രമേ, നിയന്ത്രിതപന്പിംഗ് പോലുള്ള പദ്ധതികൾ കുട്ടനാട്ടിൽ പ്രായോഗികമാകാനിടയുളളൂ.
കുട്ടനാട്ടിൽ നെൽകൃഷിക്കുമാത്രമാണിപ്പോൾ പന്പിംഗ്സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ലഭിക്കാറുള്ളത്. നെൽകൃഷിക്കൊപ്പം കപ്പ, വാഴ, കന്നുകാലി വളർത്തൽ എന്നിവയ്ക്കെല്ലാം സംരക്ഷണം നൽകണമെന്നും, മഴക്കാലത്തു ദുരിതനിവാരണത്തിനു മുൻഗണന നൽകണമെന്നുമൊക്കെയാണ് കർഷകർ ആവശ്യപ്പെടുന്നത്.
കാലാവസ്ഥയിലും ഭൂപ്രകൃതിയിലുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ കണക്കിലെടുത്തും, പ്രാദേശിക പ്രത്യേകതകൾക്കനുസൃതമായും, നാട്ടുകാരുന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിച്ചും സർക്കാർ നയങ്ങൾ പരിഷ്കരിക്കണം. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ കുട്ടനാട്ടിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കർഷകരുടെ അഭിപ്രായം.
രാജീവ്ഗാന്ധിയുടെ കുട്ടനാടു സന്ദർശനം മുതലിങ്ങോട്ട് കോടികളുടെ ഫണ്ട് കുട്ടനാട്ടിലേക്കൊഴുകിയെത്തിയെങ്കിലും കുറ്റമറ്റ ആസൂത്രണമോ കാര്യക്ഷമമായ പദ്ധതി നടത്തിപ്പോ ഉണ്ടാകാത്തതാണു നാടിന്റെ പിന്നോക്കാവസ്ഥയ്ക്കു കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
രണ്ടാം കുട്ടനാട് പാക്കേജുൾപ്പെടെ കുട്ടനാടിന്റെ പേരിൽ പലവിധ പ്രഖ്യാപനങ്ങളിപ്പോഴും ആവർത്തിക്കുന്നുണ്ട്. വകുപ്പുകളുടെ ഏകോപനമില്ലായ്മയും അഴിമതിയും ജനപ്രതിനിധികളുൾപ്പെടെയുള്ളവരുടെ കെടുകാര്യസ്ഥതയുമൊക്കെ മൂലമാണ് ഒന്നാം കുട്ടനാട് പാക്കേജ് ലക്ഷ്യത്തിലെത്താതിരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പുറംബണ്ടു നവീകരണത്തിന്റെ മറവിൽ കായൽനിലങ്ങളിൽ പൈലും സ്ലാബും നാട്ടി പാക്കേജിനെ കൊള്ളയടിച്ചവർ കുട്ടനാട്ടിലെ ജനവാസ മേഖലകളെ അവഗണിച്ചതായും, രാഷ്ട്രീയ- ഉദ്യോഗസ്ഥലോബികൾ ഒത്തുകളിച്ച് കുട്ടനാടിനു പുറത്തേക്കു ഫണ്ടു വകമാറ്റിയതായുമൊക്കെയുള്ള ആക്ഷേപങ്ങളും നിലവിലുണ്ട്.
പുറംബണ്ടുകൾ ബലപ്പെടുത്തി റോഡുകളാക്കണമെന്നും പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും കൃഷിയും പ്രോത്സാഹിപ്പിക്കണമെന്നും ജല മാനേജ്മെന്റ് കാര്യക്ഷമമാക്കണമെന്നും, പോത്തുവളർത്തൽ പോലെ കുട്ടനാടിന് അനുയോജ്യമായ സമ്മിശ്രകൃഷി രീതികൾ പരീക്ഷിക്കണമെന്നും അതിലൂടെ കുട്ടനാട്ടിൽ ജീവിക്കുന്നവരുടെ ജീവിതനിലവാരമുയർത്തണമെന്നുമൊക്കയുള്ള നിരവധി നല്ല നിർദേശങ്ങൾ കുട്ടനാടു പാക്കേജിന്റെ ശിൽപ്പിയായ ഡോ. എം.എസ്. സ്വാമിനാഥൻ മുന്നോട്ടുവച്ചിരുന്നെങ്കിലും അവയിൽ പലതും ജലരേഖകളായി.
റവന്യുവകുപ്പിനു കീഴിലുള്ള പുഞ്ച സ്പെഷൽ ഓഫീസ് മുതൽ കൃഷി, ഇറിഗേഷൻ, വൈദ്യുതി, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വ്യത്യസ്ത ഓഫീസുകൾ ഏകോപനത്തോടെ പ്രവർത്തിക്കുകയും, ആവശ്യമായ സർക്കാർ ഇടപെടലുകളും ഭരണതല തീരുമാനങ്ങളും യഥാസമയം ഉണ്ടാവുകയുമൊക്കെ ചെയ്താൽ തടസങ്ങൾക്കെല്ലാം പരിഹാരമാകും.
വെള്ളം പൊങ്ങി കാര്യങ്ങൾ കൈവിട്ടു പോയതിനു ശേഷം പാടശേഖരസമിതികളുടെ യോഗം വിളിച്ചതുകൊണ്ടോ, റൂം ഫോർ റിവറെന്നൊക്കെ പറഞ്ഞതുകൊണ്ടോ എന്തു പ്രയോജനമെന്നാണ് കുട്ടനാട്ടുകാർ ചോദിക്കുന്നത്.
പ്രളയദിനങ്ങളിൽ ഒഴുകിയെത്തുന്ന അധികജലം വേഗത്തിൽ ഒഴുകി മാറാനിടയാകും വിധം ജലനിർഗമനമാർഗങ്ങൾ സുഗമമാക്കണം. റഗുലേറ്ററുകൾ, ഷട്ടറുകൾ, പന്പുകൾ തുടങ്ങി ജലനിർഗമനത്തിനുള്ള സംവിധാനങ്ങൾ ആവശ്യാനുസരണം സ്ഥാപിച്ചും യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിയും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തണം.
കുട്ടനാടിനെ പൊതുവിലൊരു പാടശേഖരംപോലെ കണ്ടുകൊണ്ട്, ഉയർന്ന കുതിരശക്തിയുള്ള പന്പുകളുപയോഗിച്ചു പ്രളയജലം കടലിലേക്കു പന്പുചെയ്യാനുള്ള മെക്കനൈസ്ഡ് ഡി വാട്ടറിംഗിനെക്കുറിച്ചു ചിന്തിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്. ഡച്ച്മോഡൽ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും, നമ്മുടെ മുംബൈ പോലുള്ള സ്ഥലങ്ങളിലുമൊക്കെ മെക്കനൈസ്ഡ് ഡിവാട്ടറിംഗ് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
എന്തായാലും, കുട്ടനാട്ടിൽ വേണ്ടത് രണ്ടാംകൃഷിയോ എന്ന ചോദ്യം അതാതു പാടശേഖരങ്ങളിലെ കർഷകരുടെയും പ്രാദേശിക ഭരണകൂടങ്ങളുടേയും യോജിച്ചുള്ള തീരുമാനത്തിനു തന്നെ വിട്ടുകൊടുക്കുന്നതാവും ഉചിതം.
പാടശേഖരങ്ങൾക്കുള്ളിൽ മത്സ്യക്കൃഷിയും നിയന്ത്രിതപന്പിംഗും സംയുക്തമായി ചെയ്യുന്നതിനുള്ള പദ്ധതികൾ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കിയാൽ, പാടശേഖരപ്രദേശങ്ങളിലെ വെള്ളക്കെട്ടു ദുരിതങ്ങൾക്കു നിഷ്പ്രയാസം പരിഹാരം കാണാനാവും.
മത്സ്യക്കൃഷിക്കായി പാടശേഖരങ്ങളിൽ ജലം കെട്ടിനിർത്തുമെന്നതിനാൽ, മടവീഴ്ചയ്ക്കു സാധ്യതയില്ല. തൂന്പുതുറക്കുന്നിടത്ത് നെറ്റുകൾ സ്ഥാപിച്ചു മത്സ്യത്തെ സംരക്ഷിക്കാനും സാധിക്കും. ഡോ. എം.എസ്. സ്വാമിനാഥനും മറ്റും ചൂണ്ടിക്കാട്ടിയിട്ടുള്ളതു പോലെ കളശല്യം കുറയാനും വളക്കൂറു കൂടാനുമെല്ലാം മത്സ്യക്കൃഷി സഹായകമാവുകയും ചെയ്യും.
മത്സ്യം വളർത്തി പൊതു ജലാശയത്തിലേക്കു തുറന്നു വിടുന്ന രീതിയിലുള്ള പദ്ധതികളും ഫീഷറീസ് വകുപ്പിനുള്ളതിനാൽ, ജലം പരിധിവിട്ടുയർന്നു വിളവു നശിച്ചുപോയേക്കാമെന്ന ആശങ്കയ്ക്കും അടിസ്ഥാനമില്ല.
ചുരുക്കിപ്പറഞ്ഞാൽ, ഇടപെടലുകൾ നടത്തേണ്ടതും പദ്ധതികൾ ആവിഷ്കരിക്കേണ്ടതും സർക്കാരാണ്. അതായത്, പ്രഖ്യാപനങ്ങളിൽ നിന്നും പ്രവർത്തിയിലേക്കുള്ള ദൂരമാണ് കുട്ടനാട്ടുകാർക്കു മുൻപിലുള്ള യഥാർഥ പ്രശ്നം.