കാലിടറിയപ്പോഴും മനസ് ഇടറാതെ; മനുവിന്റെ ഏദൻതോട്ടത്തിൽബിവി 380 താരം
Monday, October 13, 2025 5:08 PM IST
തോൽവികളെ മറികടന്ന് വിജയം വരിക്കുന്ന ആളുകളാണ് എന്നും എല്ലാവർക്കും പ്രചോദനമേകുന്നത്. വിധിക്കുമുന്നിൽ തളരാതെ മണ്ണിൽ പൊന്നുവിളയിക്കുകയാണ് പത്തനംതിട്ട വെച്ചൂച്ചിറ അരീക്കാപ്പറന്പിൽ മനു തോമസ്.
അഞ്ചാം വയസിൽ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടമായെങ്കിലും തളർന്നില്ല. കാലിടറിയപ്പോഴും മനസ് ഇടറാതെ നിശ്ചയദാർഢ്യത്തോടെ മുന്നേറി വിധിയെ തോൽപിച്ച് മികച്ച ഭിന്നശേഷി കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ യുവ കർഷകൻ.
തന്റെ അഞ്ചേക്കർ ഭൂമിയിൽ 4,500 കോഴികളുള്ള ഫാമുൾപ്പെടെ സമ്മിശ്രകൃഷിയാണ് മനു ചെയ്തുവരുന്നത്. ഭിന്നശേഷിമൂലം പകച്ചു നിൽക്കുന്നവർക്ക് മുന്നേറാനുള്ള പ്രചോദനം കൂടിയാണ് ഈ കർഷകന്റെ ജീവിതം. കാലുകൾക്ക് ചലനശേഷി നഷ്ടമായതോടെ വീട്ടിലിരുന്ന് പഠിച്ച് എസ്എസ്എൽസി ഉന്നത മാർക്കോടെ വിജയിച്ചു.
തുടർന്നു പഠിക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും മനു കൃഷിയിലേക്കു തിരിയുകയായിരുന്നു. മുപ്പത്തിമൂന്നു വയസുവരെ പാലക്കാട് മണ്ണാർകാട്ടായിരുന്നു മനുവും കുടുംബവും താമസിച്ചിരുന്നത്.
പിന്നീടു കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിൽ അഞ്ചേക്കർ സ്ഥലം വാങ്ങിയത്. തുടർന്ന് വീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയോടെ കൃഷി ആരംഭിച്ചു.
കോഴിഫാം, റബർ, കാപ്പി, കശുമാവ്, തെങ്ങ്, കമുക്, കുരുമുളക്, കൊക്കോ, പ്ലാവ്, മാവ്, തേനീച്ച, ജാതി, കപ്പ, താറാവ്, പശു, മത്സ്യക്കൃഷി, തീറ്റപ്പുൽക്കൃഷി, വാനില തുടങ്ങിയവ ഏദൻ എന്നു പേരിട്ടിരിക്കുന്ന കൃഷിഭൂമിയിലുണ്ട്.
കോഴിഫാം പരീക്ഷണം
കൃഷി വൻ വിജയമായതോടെ ഇതിനോടനുബന്ധിച്ച് എന്തെങ്കിലും അനുബന്ധ സംരംഭം തുടങ്ങാൻ ആലോചിച്ചപ്പോഴാണ് കോഴിഫാം തുടങ്ങാൻ തീരുമാനിച്ചത്. തന്റെ ആഗ്രഹം വീട്ടുകാരോട് പറഞ്ഞപ്പോൾ എല്ലാ പിന്തുണയും കുടുംബം നൽകി.
തുടർന്ന് ചെറിയ രീതിയിൽ തുടങ്ങി. ഇതിൽ നിന്ന് മികച്ച വരുമാനം ലഭിച്ചതോടെ ഫാം വിപുലീകരിക്കാൻ തീരുമാനിച്ചു. ഇന്ന് 4,500 കോഴികളുള്ള ഫാമിന് ഉടമയാണ് മനു. വർഷം 300 മുട്ടയിടുന്ന ബിവി 380 കോഴികളാണ് കൂടുതലായും ഇവിടെയുള്ളത്.
ഉയർന്ന ഉത്പാദനശേഷിയുള്ള ഇവ നാലരമാസമാകുന്പോൾ മുട്ടയിടും. നാടൻ കോഴികൾക്കൊപ്പം, ടർക്കി, കരിങ്കോഴി, ഗിനിക്കോഴി, ഇറച്ചിക്കോഴി തുടങ്ങിയവയും ഫാമിലുണ്ട്. മുട്ടയിടാൻ പ്രായമാകുന്പോൾ കോഴിയെ വിൽക്കുന്നതാണ് മനുവിന്റെ രീതി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് പ്രധാനമായും കോഴികളെ വിൽക്കുന്നത്.
വിരിഞ്ഞ് ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് മനു വാങ്ങുന്നത്. ആദ്യ മൂന്നു ദിവസം കൃത്രിമ ചൂട് നൽകുന്നതിനൊപ്പം ധാന്യങ്ങൾ ഭക്ഷണമായി നൽകും. ചൂടിനായി വൈദ്യുതി, ഇൻഫ്രാറെഡ് ബൾബുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഒരാഴ്ചയ്ക്കു ശേഷം അന്തരീക്ഷ ഊഷ്മാവും കുഞ്ഞുങ്ങളുടെ അവസ്ഥയും നോക്കി ചൂട് ക്രമീകരിക്കും. ആദ്യ ദിവസങ്ങളിൽ 29-32 ഡിഗ്രി എന്ന നിലയിലാണ് ചൂട് നൽകുന്നത്. പിന്നീട് മൂന്നു ഡിഗ്രി വീതം കുറച്ചു കൊണ്ടുവരും.
തുടർന്ന് പ്രതിരോധ മരുന്നുകൾ നൽകും. ഏഴ്, പതിനാല്, ഇരുപത്തിയൊന്ന്, ഇരുപത്തിയെട്ട്, മുപ്പത്തിയഞ്ച് ദിവസം പ്രായമാകുന്പോൾ വാക്സിനേഷൻ നൽകും. ശരിയായ രീതിയിൽ മരുന്ന് നൽകുന്നതിനാൽ വസന്ത, കോഴിവസൂരി എന്നിവയിൽനിന്ന് ഇവയെ സംരക്ഷിക്കും.
ഏഴ്, ഇരുപത്തിയൊന്ന് ദിവസങ്ങളിൽ ലസോട്ടയും 14, 28 ദിവസങ്ങളിൽ ഐബിഡിയും നൽകും. രണ്ടു മാസം പൂർത്തിയാകുന്പോൾ ആർ2ബി വാക്സിനും നൽകും. തുടർന്ന് ഓരോ ആറു മാസം കൂടുന്പോഴും ആർ2ബി നൽകും.

കോഴികൾ പൂർണ ആരോഗ്യത്തോടെയിരിക്കുന്പോൾ മാത്രമേ പ്രതിരോധ മരുന്ന് കൊടുക്കാവൂ. രാവിലെ പത്തിനു മുന്പും വൈകുന്നേരം അഞ്ചിനു ശേഷവും മാത്രമേ മരുന്ന് കൊടുക്കാൻ പാടുള്ളൂ. കോഴിക്കൂട് വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.
തിളപ്പിച്ചാറിയ വെള്ളമാണ് കോഴികൾക്ക് കുടിക്കാനായി നൽകുന്നത്. കൂട്ടിൽ ഓട്ടോമാറ്റിക്ക് ഡ്രിങ്കർ സജ്ജീകരിച്ചിട്ടുണ്ട്. മറ്റു ജീവികളുടെ ആക്രമണത്തിൽനിന്ന് കോഴികളെ സംരക്ഷിക്കുന്നതിന് ഫെൻസിംഗ് ഉൾപ്പടെയുള്ള ആധുനിക സജ്ജീകരണങ്ങളും ഫാമിൽ ഒരുക്കിയിട്ടുണ്ട്.
പ്രതിരോധ മരുന്നുകൾക്കൊപ്പംതന്നെ പ്രാധാന്യത്തോടെ നൽകേണ്ടതാണ് തീറ്റ. ആദ്യത്തെ പതിനാലു ദിവസം പ്രീ സ്റ്റാർട്ടറും തുടർന്ന് ഇരുപത്തിയെട്ട് ദിവസം വരെ സ്റ്റാർട്ടറും നൽകും. അതിനുശേഷം ഫിനിഷർ തീറ്റയാണ് നൽകുന്നത്. മുട്ടപ്രായമാകുന്പോൾ ഗ്രോവർ തീറ്റ നൽകും.
കോഴികൾക്ക് എപ്പോഴും തീറ്റ നൽകിയാൽ ഒരുപാട് വേസ്റ്റായി പോകും. രാവിലെയും വൈകുന്നേരങ്ങളിലും മാത്രമാണ് തീറ്റ കൊടുക്കുന്നത്. പൊടിത്തീറ്റകൾ നൽകുന്പോൾ നനച്ചു നൽകുന്നത് നന്നായിരിക്കും.
നനവില്ലാതെ പൊടിത്തീറ്റ നൽകിയാൽ കോഴികൾക്ക് അത് ഇറക്കാൻ ബുദ്ധിമുട്ടാകും. തീറ്റ നനച്ചു നൽകിയാൽ ശ്വാസതടസം ഒഴിവാക്കാൻ സാധിക്കും.
കുടുംബത്തിന്റെ പിന്തുണ
കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ തനിക്ക് കാർഷിക രംഗത്ത് മികച്ച നേട്ടം കൊയ്യാൻ കഴിയുമായിരുന്നില്ലെന്ന് മനു പറയുന്നു. തലമുറകളായി കൃഷിയെ ആശ്രമിച്ചു ജീവിക്കുന്നവരാണ്. തന്റെ അഞ്ചേക്കർ പുരയിടത്തിലെ എല്ലാ ജോലികളും വീട്ടിലെ എല്ലാവരും ഒന്നിച്ചാണ് ചെയ്യുന്നത്.
ഭാര്യ മിനിയും മക്കളായ അനു, മിയ, ഏബൽ എന്നിവരും മാതാപിതാക്കളായ തോമസും അന്നമ്മയുമാണ് മനുവിന്റെ ശക്തി. വെച്ചൂച്ചിറയിലെ വിപണിയിലാണ് കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്നത്. സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഓട്ടോറിക്ഷയും സ്കൂട്ടറും കാറും ഉണ്ട്.
കൈകൾകൊണ്ട് ഉപയോഗിക്കാവുന്ന വിധം ബ്രേക്കും ആക്സിലേറ്ററും ഘടിപ്പിച്ചാണ് മനു ഇവയൊക്കെ ഓടിക്കുന്നത്. കാർഷിക രംഗത്തെ മികവിന് നിരവധി പുരസ്കാരങ്ങളാണ് മനുവിനെ തേടിയെത്തിയത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ തെരഞ്ഞെടുത്തിരുന്നു.
ജൈവ വൈവിധ്യ ബോർഡിന്റെ അവാർഡ്, പത്തനംതിട്ട ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ്, സരോജിനി ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മനുവിന്റെ അമ്മയെ വെച്ചൂച്ചിറ പഞ്ചായത്തിലെ മികച്ച വനിതാ കർഷകയായും മകൻ ഏബലിനെ മികച്ച കുട്ടിക്കർഷകനായും തെരഞ്ഞെടുത്തിരുന്നു.
മനു: ഫോണ്: 9249986188