വാതരോഗം ചെറുപ്പക്കാരിലും
Tuesday, July 30, 2019 3:48 PM IST
മഴക്കാലം വന്നാല്‍ വീട്ടിലെ പ്രായമായവര്‍ക്ക് വാതത്തിന്റെ അസ്‌കിത തുടങ്ങുന്നത് കണ്ടുകൊണ്ടാണ് പലരും വളര്‍ന്നു വന്നത്. കാലം മാറിയപ്പോള്‍ മറ്റേതു രോഗത്തിനും ഉണ്ടായ മാറ്റം പോലെ തന്നെ ഒന്ന് വാതത്തിനും വന്നു. ഏതു കാലാവസ്ഥയിലും ഏതു പ്രായത്തില്‍പെവര്‍ക്കും ഇപ്പോള്‍ വാതമുണ്ട്.
കാരണങ്ങള്‍
ജീവിത സാഹചര്യവും ആഹാരചര്യയുമാണ് വാതത്തെ കുറേക്കൂടി ചെറുപ്പക്കാരുടെ അസുഖമാക്കി മാറ്റിയത്. പുതു തലമുറയുടെ ജീവിതശൈലിതന്നെയാണ് അതിനു കാരണം. ദീര്‍ഘനേരത്തെ ഇരുന്നുകൊണ്ടുള്ള ജോലിയും വ്യായാമമില്ലായ്മയും രാത്രി വൈകിയുള്ള ഉറക്കവും വാതരോഗത്തിന് കാരണമാകുന്നു. ദീര്‍ഘനേരത്തെ ഇരുന്നുകൊണ്ടുള്ള ജോലി എല്ലുകള്‍ നീങ്ങിപ്പോകുവാന്‍ കാരണമാകും. ഐടി മേഖലയില്‍ ജോലിചെയ്യുന്ന യുവതലമുറകള്‍ക്ക് വാതരോഗം പെെട്ടന്ന് പിടിപെടാന്‍ സാധ്യത ഏറെയാണ്. ഒരേ സമയം ഏറെനേരം ഇരിപ്പുതന്നെയുള്ള ജോലിയാണ് അതിനുള്ള മുഖ്യകാരണം.
നമ്മുടെ ഇരിപ്പ് നേരെയല്ലെങ്കില്‍ എല്ലിനുണ്ടാകുന്ന വ്യതിയാനം രോഗത്തിനു കാരണമാകും. എസിയില്‍ ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുമ്പോള്‍ മുറിവിട്ടു പുറത്തുപോകാന്‍ നാം താല്‍പര്യം കാണിക്കാറില്ല. അതുകൊണ്ടുതന്നെ പുറത്തേക്കിറങ്ങാനോ സൂര്യപ്രകാരം ശരീരത്തു കൊള്ളാനോ സാധിക്കാതെ വരുന്നു. സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ ശരീരത്തില്‍ പതിക്കുന്നതുമൂലമാണ് വിറ്റാമിന്‍ ഡി ഉണ്ടാകുന്നത്. വിറ്റാമിന്‍ ഡി ലഭിച്ചാല്‍ മാത്രമേ എല്ലുകളില്‍ കാത്സ്യം ഉല്പാദിപ്പിക്കുകയുള്ളൂ. ഇത് ലഭിക്കാതെവരുമ്പോള്‍ എല്ലുകള്‍ക്ക് ബലം കുറയുകയും അത് വാതരോഗത്തിന് കാരണമാകുകയും ചെയ്യും. രാവിലെ വൈകി എഴുന്നേല്ക്കുന്ന രീതി ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. സമയക്കുറവ് മൂലം കുളിക്കാനോ പ്രഭാത ഭക്ഷണം കഴിക്കാനോ സാധിക്കാതെയാണ് പലരും ഓഫീസിലേക്ക് പോകുന്നത്. രാവിലത്തെ ഭക്ഷണം മുടങ്ങുന്നത് ഹൃദയത്തെവരെ ബാധിക്കും എന്നറിഞ്ഞാലും നമുക്ക് കുലുക്കം ഇല്ലാതായി.
വാതരോഗങ്ങള്‍ പലതരം
സാധാരണ കണ്ടുവരുന്ന വാതരോഗങ്ങള്‍ കഴുത്തുവേദന, കാല്‍വേദന, നട്ടെല്ല് വേദന, കൈമുട്ടുവേദന എന്നിവയാണ്. പ്രായമായവരില്‍ സന്ധിവേദന കണ്ടുവരുന്നു. പ്രകൃതിക്കനുസരിച്ച് മാറാന്‍ മനുഷ്യന് ഇതുവരെ കഴിഞ്ഞിില്ല. മറിച്ച് പ്രകൃതിയെ മാറ്റാനാണ് മനുഷ്യന്‍ ശ്രമിക്കുന്നത്. ഇത് മനുഷ്യരില്‍ പലതരത്തിലുള്ള അസുഖത്തിന് കാരണമാകുന്നു.
വര്‍ഷകാലമാണിപ്പോള്‍. വര്‍ഷകാലമനുസരിച്ച് നമ്മുടെ ജീവിത ശൈലികളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. വര്‍ഷകാലത്ത് കഴിക്കേണ്ട ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താവുന്നതാണ്. ശക്തമായ വേനല്‍ കാലത്തില്‍ നിന്നും ശക്തമായ മഴക്കാലത്തേക്ക് പെെട്ടന്നുണ്ടാകുന്ന മാറ്റം നമ്മുടെ ശരീരത്തെ ബാധിക്കുന്നു. ഒരു ചൂടുള്ള ചട്ടിയില്‍ വെള്ളം ഒഴിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റം പോലെ തന്നെയാണ് മനുഷ്യശരീരത്തിനും സംഭവിക്കുന്നത്. ഈ മാറ്റം മനുഷ്യന്‍ ഉള്‍ക്കൊള്ളാന്‍ തയാറാകണം. ഇവിടെ ഭക്ഷണ രീതിയിലും ദിനചര്യയിലുമാണ് മാറ്റം വരുത്തേണ്ടത്. ഇതു മാറാന്‍ തയാറാവാതെ വരുമ്പോള്‍ വാതരോഗികളായി മാറും.

കൊച്ചു കുട്ടികള്‍ക്ക് മൊബൈല്‍ വേണ്ട
കൊച്ചുകുട്ടികളില്‍ മൊബൈല്‍ ഉപയോഗം പില്‍ക്കാലത്ത് വാതത്തിലേക്ക് എത്തിക്കും എന്നുപറഞ്ഞാല്‍ ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ പെട്ടെന്നൊന്നും ആരും തയാറാകാറില്ല. ഇത് ഒരിടത്തുതന്നെ ഇരുന്നുകൊണ്ടുള്ള പ്രവൃത്തിയാണ്. അതുമൂലം കുഞ്ഞുങ്ങളുടെ കണ്ണുകള്‍ക്കും എല്ലുകള്‍ക്കും ദോഷം ഉണ്ടാകുകയും പെെട്ടന്ന് വാതരോഗത്തിന് കാരണമാകുകയും ചെയ്യും.
ഇതു ശ്രദ്ധിക്കാം
ഋതുക്കള്‍ക്കനുസരിച്ചുള്ള മാറ്റം വരുത്തുക. മഴക്കാലത്ത് ശരീരത്തില്‍ വാതം വര്‍ധിച്ചിരിക്കുന്നതിനാല്‍ വ്യായാമം കുറയ്ക്കണം. ഇത് ദേഹബലം കുറയാന്‍ കാരണമാകും. പകല്‍ ഉറക്കം പാടില്ല. പകല്‍ ഉറക്കം ദഹനത്തെ ബാധിക്കുന്നു. എത്ര മഴയും കാറ്റും തണുപ്പും ഉണ്ടായാലും രാവിലെയുള്ള കുളി മുടക്കാതിരിക്കുക. കര്‍ക്കടകത്തില്‍ ഒരേദിവസം പല കാലാവസ്ഥ അനുഭവപ്പെടേണ്ടി വരും. അതിനനുസരിച്ച് ആഹാരക്രമത്തിലും മാറ്റം വരുത്തണം. ഈ രീതി പിന്തുടര്‍ന്നാല്‍ നമ്മളിലുണ്ടാകുന്ന വാതരോഗത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ കഴിയും.
ഭക്ഷണരീതിയില്‍ ശ്രദ്ധിക്കാം
ഭക്ഷണരീതിയിലാണ് മാറ്റം വരുത്തേണ്ടത്. മഴക്കാലം ദേഹബലം കുറയുന്ന സമയമാണ്. അപ്പോള്‍ അതിനനുസരിച്ചുള്ള ഭക്ഷണരീതിയാണ് വേണ്ടത്. അതായത് ഈ സമയത്ത് ലളിതമായ ഭക്ഷണരീതിയാണ് വേണ്ടത്. എന്നാല്‍ അത് പോഷക ഗുണമുള്ളതുമാവണം. നമുക്കിഷ്ടമുള്ള ഭക്ഷണമല്ല ഇവിടെ കഴിക്കേണ്ടത്.
മഴയും കാറ്റുമുള്ള കാലാവസ്ഥയില്‍ ഉപ്പും എണ്ണമയവും പുളിയുമടങ്ങുന്ന ഭക്ഷണം ധാരാളമായി കഴിക്കണം. എരിവ് കുറേയ്‌ക്കേണ്ടതാണ്. ജലാംശം കുറവുള്ള ഭക്ഷണം വേണം കഴിക്കാന്‍. മഴക്കാലത്ത് ഏറ്റവും നല്ല വെള്ളം മഴവെള്ളം തന്നെയാണ്. ഒരു പ്രാവശ്യമെങ്കിലും മഴവെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മഴവെള്ളം അമൃതിനു സമമാണെന്നാണ് പൂര്‍വ്വികര്‍ പറയുന്നതും. രോഗങ്ങള്‍ തടയാന്‍ മഴവെള്ളം ഗുണം ചെയ്യും.
മഴക്കാലത്ത് ദഹനവ്യവസ്ഥയില്‍ വരുന്ന മാറ്റം വാതരോഗത്തിന് കാരണമാകുന്നു. ജലാംശം കുറവുള്ള ഭക്ഷണം ഒഴിവാക്കണമെന്നു പറയുമ്പോഴും കഞ്ഞികുടിക്കുന്നത് വളരെ നല്ലതാണ്. പ്രമേഹമുള്ളവര്‍ അരിക്കു പകരം തിന, ഗോതമ്പ് കഞ്ഞിക്കായി് ഉപയോഗിക്കാവുന്നതാണ്. ദഹനം നടക്കാന്‍ കഞ്ഞിയായിരിക്കും ഏറ്റവും നല്ലത്.
ദിവസേനയുള്ള എണ്ണതേച്ചുള്ള കുളി വാതരോഗത്തെ ചെറുത്തുനിര്‍ത്തും. വാതത്തിനേറെ ഗുണം ചെയ്യുന്നതാണ് മഞ്ഞള്‍പ്പൊടിയുടെ ഉപയോഗം.
ഡോ. കെ.എസ് രജിതന്‍
ഔഷധി പഞ്ചകര്‍മ സെന്റര്‍, തൃശൂര്‍