മാവേലി പുലിയാണ്
മാവേലി പുലിയാണ്
Monday, September 9, 2019 3:56 PM IST
കുടവയര്‍ നാണക്കേടിനു പകരം അഭിമാനമാകുന്ന നാളുകള്‍. കുടവയറുള്ളവരെ തേടി നാടാകെ ഓടിനടന്ന് അന്വേഷിക്കുന്നവര്‍. കുടവയറുള്ളവര്‍ സൂപ്പര്‍താരങ്ങളാകുന്ന സമയം. ഓണക്കാലം കുടവയറുള്ളവര്‍ക്ക് കൊയ്ത്തു കാലമാണ്. പുലിവേഷമണിയാനും മാവേലിയാകാനും കുടവയറുള്ളവരെയാണ് വേണ്ടത്. അതുകൊണ്ടുതന്നെ പൊന്നോണം കുടവയറുള്ളവര്‍ക്ക് ശരിക്കും അടിപൊളിയാണ്. രൗദ്രഭാവത്തില്‍ പുലിയാകാനും ശാന്തസ്വരൂപനായ് ബലിയാകാനും കഴിയുന്ന കുടവയറന്‍മാരാണ് ഓണക്കാലത്തെ തിരക്കേറിയ താരങ്ങള്‍!!

കുടവയര്‍ കുറയാന്‍ അതിരാവിലെ തൃശൂര്‍ റൗണ്ടിലൂടെയും തേക്കിന്‍കാട് മൈതാനത്തിനുള്ളിലൂടെയും ഓടുകയും നടക്കുകയും ചെയ്യുന്നവരെ കാണുമ്പോള്‍ അവരുടെ കുടവയര്‍ കൂടി ഞങ്ങള്‍ക്കു തരണേ എന്ന് പ്രാര്‍ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ചില ടീംസുണ്ട് തൃശൂരില്‍. അതാണ് തൃശൂരിലെ പുലിക്കൂ
ട്ടത്തിലെ കുടവയറന്‍ പുലിക്കുട്ടന്‍മാര്‍.

നാലോണനാളില്‍ നരന്‍ നരിയായി മാറുമ്പോള്‍ അരമണി കിലുക്കി കാല്‍ചിലമ്പു കലമ്പിച്ച് നഗരത്തെ ഇളക്കിമറിക്കുന്ന തൃശൂരിന്റെ സ്വന്തം പുലിക്കളിയിലെ കുടവയറന്‍ പുലിവേഷക്കാര്‍. പുലി ഇരയെ കൊതിയോടെ നോക്കുംപോലെയാണ് കുടവയറന്‍ പുലിവേഷമിടുന്നവര്‍ എക്‌സര്‍സൈസ് ചെയ്തും അല്ലാതെയും കുടവയര്‍ കുറയ്ക്കാന്‍ നോക്കുന്നവരെ നോക്കുക. എത്രത്തോളം കുടവയറുണ്ടോ അത്രത്തോളം ഡിമാന്‍ഡാണ് പുലിക്കളി സമയത്ത് ഈ വയറന്‍മാര്‍ക്ക്.

കുടവയറില്‍ ചിത്രകലയുടെ നിറവുകൂടിയാകുമ്പോള്‍ പുലിമുഖം വയറ്റിലാകും.
അതങ്കട് കുലുക്കിയിളക്കിക്കൊണ്ട് നാലോണനാളില്‍ തൃശൂരിന്റെ രാജവീഥികളിലൂടെ, തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെയും ഇളക്കിമറിച്ച് അങ്ങനെ അലറിയാര്‍ത്ത് നടന്നുനീങ്ങുകയെന്നത് തൃശൂരിലെ കുടവയറന്‍ പുലിവേഷക്കാരെ സംബന്ധിച്ച് ഏറ്റവും അഭിമാനമുള്ള കാര്യമാണ്.

ഓണക്കാലമായാല്‍ കുടവയറുള്ളവരെ തേടി പുലിയിറങ്ങും ദേശങ്ങളില്‍ നിന്ന് അല്ലെങ്കില്‍ തൃശൂര് ഭാഷയില്‍ പറഞ്ഞാല്‍ പുലിമടയില്‍ നിന്ന് ആളെത്തും. മിക്ക ദേശങ്ങള്‍ക്കും കുടവയറന്‍പുലികള്‍ സ്വന്തമായുണ്ടാകും. ഏതെങ്കിലും ദേശക്കാര്‍ പുലിക്കളിക്കില്ലെന്ന് തീരുമാനിക്കുമ്പോള്‍ ആ ദേശത്തെ കുടവയറുള്ള പുലികള്‍ ചിലപ്പോള്‍ അക്കൊല്ലം മറ്റു പുലിമടകള്‍ തേടിപ്പോകും. അല്ലെങ്കില്‍ അക്കൊല്ലം കളിക്കിറങ്ങാതെ പുലിക്കളി നാളില്‍ കൊതിപൂണ്ട് സ്വന്തം മടയില്‍ അസ്വസ്ഥനായി നടക്കും.

ഏക് ദിന്‍ കി സുല്‍ത്താന്‍ എന്ന് പുലിക്കളിക്കിറങ്ങുന്നവരെ വിശേഷിപ്പിക്കാറുണ്ട്. കുടവയറന്‍ പുലികള്‍ ഓണക്കാലത്ത് സൂപ്പര്‍താരങ്ങളാണ്.

പുലിയാകാന്‍ വിളിക്കുന്ന പോലെ തന്നെ കുടവയറുള്ളവരെ മാവേലി വേഷധാരികളാകാനും വിളിക്കാറുണ്ട്.
പുലിയോ ബലിയോ അതൊന്നും കുടവയറന്‍ ടീമുകള്‍ക്ക് വിഷയമല്ല. ഏതു വേഷവും ഭംഗിയാക്കി കൈയടി നേടാന്‍ ഇവര്‍ കേമന്‍മാരാണ്. തൃശൂര്‍ ഭാഗത്ത് മാവേലി വേഷങ്ങള്‍ പൊതുവെ കുറവാണ്.

തൃശൂര്‍ വിട്ട് എറണാകുളത്തും തിരുവനന്തപുരത്തുമൊക്കെ എത്തിയാല്‍ അവിടെ ബലിയാണ് പുലി. മഹാബലിപുലി.

പുലിയും ബലിയും ഒന്നിനൊന്ന് വ്യത്യസ്തമായതിനാല്‍ പുലിയാകും പോലെയല്ല ബലിയാകല്‍ എന്ന് കുടവയറന്‍ ഗഡീസ് പറയുന്നു.

പുലികള്ക്ക് കലിപ്പ് റോളല്ലേ (എന്നുവച്ചാല്‍ പുലിയുടെ ഭാവം രൗദ്രവും ക്രൂരവുമല്ലേ എന്ന്)
മ്മ്‌ടെ മാവേലി കൂളല്ലേ (എന്നുവച്ചാല്‍ മഹാബലി ശാന്തനല്ലേ എന്ന്) എന്നാണ് പുലിയായും ബലിയായും മാറുന്ന തൃശൂര്‍ക്കാരന്റെ ഡയലോഗ്.


പുലിയോ ബലിയോ എളുപ്പം എന്ന് രണ്ടുവേഷവും കെട്ടുന്ന കുടവയര്‍ ഉടമകളില്‍ ഒരാളോട് ചോദിച്ചപ്പോള്‍ പുലിബലി ചിരിച്ചു. പിന്നെ പറഞ്ഞു 'രണ്ടും രണ്ടല്ലേ...പുലിയാകുമ്പോള്‍ ഇളകിയാടണം, മാവേലി പതുക്കെ നടന്നാല്‍ മതി. ആരാണ് പുലിയെന്ന് ആരും തിരിച്ചറിയില്ല. പക്ഷേ മാവേലിയെ പിടികിട്ടും. പിന്നെ പുലിയാകാന്‍ മണിക്കൂറെത്ര വേണം, പുലിവേഷമഴിക്കാനും വേണം കുറേ സമയം, പക്ഷേങ്കില് മാവേലിയാകാന്‍ വല്യേ ടൈമൊന്നും വേണ്ട.. ചെലവ് പുലിയുടെ അത്രയില്ല. മാവേലിമാരിപ്പോ ഷോപ്പിംഗ് മാളുകളിലും വലിയ തുണിക്കടയിലുമൊക്കെയാണ് കൂടുതലും നില്‍ക്ക്വാ...എസീല് അങ്ങനെ നിക്കാം...പുലിയാകുമ്പോള്‍ ശരിക്ക് ഉഷ്ണിക്കും...'

പുലിക്കോ ബലിക്കോ കാശുകൂടുതല്‍ കിട്ടുക എന്ന് ചോദിച്ചപ്പോള്‍ പുലിയായാലും ബലിയായാലും കീശ കാലിയായിരിക്കും എന്നായിരുന്നു ഒരു സെക്കന്‍ഡു പോലും വൈകാതെയുള്ള മറുപടി.

കാശ് വേണം... എന്നാലും അതുക്കും മേലെ ഒരു രസംണ്ട്...സന്തോഷണ്ട്....പുലിയാകുമ്പോഴും മാവേലിയാകുമ്പോഴും...അത് കൊല്ലത്തിലൊരിക്കലല്ലേ കിട്ടൂ.... ഈ കുടവയറോണ്ടുള്ള നോേം അതല്ലേ....
മടയിലേക്ക് തിരിച്ചുകയറാനൊരുങ്ങി കുടവയറന്‍ പുലി ചിരിച്ചുകൊണ്ട് പറഞ്ഞു.

കുടവയറിങ്ങനെ സംരക്ഷിച്ച് നിര്‍ത്തുന്നതാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു വയറുള്ള പുലിയുടെ മറുപടി.

കോട്ടപ്പുറത്തെ പുലിസംഘങ്ങളിലൊന്നിലെ കുടവയറുള്ള പുലിക്കൂട്ടത്തിലെ രാജേഷ് പുലി പറയുന്നത് വയറന്‍പുലികളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചാണ്...പുലിക്കളി കാണുന്നവര്‍ അറിയാതെ പോകുന്ന ചില കാര്യങ്ങള്‍...
കുടവയറും തടിയുമുള്ള ചില പുലികള്‍ക്ക് നടക്കാന്‍ പോലും പറ്റില്ല. അവരെ ഞങ്ങള്‍ പുലിവണ്ടിയിലിരുത്തും. ദേശത്തു നിന്നിറങ്ങി സ്വരാജ് റൗണ്ട് ചുറ്റി തിരികെ ദേശത്തുവരുകയെന്നത് തടിയുള്ള പുലികള്‍ക്ക് എളുപ്പമുള്ള കാര്യമല്ല. പക്ഷേ അവര് എത്തും. കൡക്കിറങ്ങുമ്പോള്‍ ക്ഷീണമൊന്നും തോന്നില്ല.

കുടവയറില്‍ പുലിമുഖം വരയ്ക്കുന്നത് ഒരു പ്രത്യേക കഴിവാണ്. ഒരു കോളജിലും അത് പഠിപ്പിക്കില്ല. പുലിയാകുന്ന ആളുടെ വയറ്റില്‍ വരച്ച് വരച്ച് തന്നെ കൈത്തഴക്കം വരണം. പുതിയ കുികളും വരച്ചു പഠിക്കുന്നുണ്ട്. പുലിവര പുലര്‍ച്ചെ തുടങ്ങും. ഈ തടിയും കുടവയറുമൊക്കെ വെച്ച് പുലിയാകാന്‍ പുലര്‍ച്ചെ മുതല്‍ മേയ്ക്കപ്പിടലിന് നിന്നു കൊടുക്കണം. പിന്നെ രാത്രിയിലേ വിശ്രമം ഉള്ളു രാജേഷും കൂട്ടുപുലികളും വിവരിച്ചു.

പുലിവേഷമണിയുന്ന കുടവയറുള്ളവരെ മാവേലിയാക്കാന്‍ പല പരസ്യക്കമ്പനികളും ഓണക്കാലത്ത് വിളിക്കാറുണ്ട്.

കുടവയറന്‍മാര്‍ക്കൊപ്പം ഒട്ടും വയറില്ലാത്ത പുലികളും തൃശൂരിലൂടെ അലറിയാര്‍ത്ത് പാഞ്ഞുനടക്കാറുണ്ട്.
പുലിക്കളിയുടെ ചെലവ് ഓരോ വര്‍ഷവും കൂടി വരുന്നത് പുലിക്കളിയുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്നുണ്ട്. അതെക്കുറിച്ചും ഈ പുലികള്‍ ആശങ്ക പ്രകടിപ്പിച്ചു

പുലിക്കളി ഉള്ള കാലത്തോളം ഞങ്ങളിങ്ങനെ ആടിത്തിമിര്‍ക്കും...ഇല്ലാണ്ടായാല്‍...ഇല്ലാണ്ടായാല്‍....
ആ സങ്കടം കടിച്ചുപിടിച്ച് പുലി മടകയറി.......

ഋഷി