ജീവിതത്തെക്കുറിച്ച് നല്ല തീരുമാനമെടുക്കണം
Thursday, September 12, 2019 5:23 PM IST
ബിരുദാനന്തര ബിരുദധാരിയായ ബിന്ദുവും പന്ത്രണ്ടാം ക്ലാസുകാരനായ നിതിനും ചില സാമൂഹ്യസംഘടനകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാനിടയായി. വിദ്യാഭ്യാസത്തിലും സമ്പത്തിലും വളരെയധികം അന്തരമുണ്ടായിരുന്ന ഇരുവരും തമ്മില്‍ പ്രണയത്തിലായി. പ്രായപൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കാന്‍ ഇരുവരും ആഗ്രഹിച്ചെങ്കിലും ബിന്ദുവിന്റെ മാതാപിതാക്കള്‍ ശക്തിയായ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ നിതിന്റെ വീട്ടുകാര്‍ വിവാഹം നടത്താനായി ബിന്ദുവിന്റെ വീട്ടുകാരെ സമീപിച്ചു.
നല്ല ബിസിനസും ഭൂസ്വത്തും സാമൂഹ്യബന്ധങ്ങളുമുള്ള ബിന്ദുവിന്റെ പിതാവ് ഇതോടെ കടുത്ത സമ്മര്‍ദത്തിലായി. പല മധ്യവര്‍ത്തികളും ഇടപെട്ട് ബിന്ദുവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വര്‍ഷം നാലു കടന്നുപോയി. എങ്കിലും ഇരുവരും പ്രണയത്തില്‍ നിന്ന് പിന്മാറിയിരുന്നില്ല.
വീട്ടുകാരെ എതിര്‍ത്ത് വിവാഹം
ഒരു ദിവസം രാവിലെ വല്യമ്മയ്‌ക്കൊപ്പം ദേവാലയത്തില്‍ പോയ ബിന്ദുവിനെ നിതിനും കൂട്ടുകാരും കാറില്‍വന്നു കയറ്റിക്കൊണ്ടുപോയി. രജിസ്റ്റര്‍ വിവാഹം നടത്തിയശേഷം വീട്ടുകാരെ വിളിച്ചറിയിച്ചു. സംഭവം അറിഞ്ഞ് ബോധരഹിതയായി വീണ ബിന്ദുവിന്റെ അമ്മ ഒരാഴ്ച ആശുപത്രിയിലായിരുന്നു. പിതാവ് ഒരാഴ്ചക്കാലം ബിസിനസ് സ്ഥാപനം അടച്ചിട്ട് പുറത്തിറങ്ങാതെ വീട്ടിലിരുന്നു. എന്നാല്‍ നിതിന്റെ വീട്ടിലിരുന്നുകൊണ്ട് ബിന്ദു നിരന്തരം മാതാപിതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിച്ചു. ആദ്യമൊക്കെ യാതൊരു പ്രതികരണവും ഉണ്ടായില്ല. ഒരു വര്‍ഷത്തിനുശേഷം അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മാതാപിതാക്കളുടെ മനസലിഞ്ഞു. അവര്‍ മകളുടെ വീട്ടില്‍ പോയി കാണുകയും അവളുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കുകയും ചെയ്തു. ആശുപത്രിയില്‍ കൊണ്ടുപോയി വേണ്ട പരിചരണം നല്‍കി.
സ്വന്തം വീട്ടിലേക്ക്
നിതിന്റെ വീട്ടില്‍ താമസിക്കുമ്പോള്‍ ദമ്പതികള്‍ക്കിടയില്‍ പൊരുത്തക്കേടുകള്‍ പതിവായിരുന്നു. നിസാര കാര്യങ്ങള്‍ക്കു പോലും നിതിന്‍ ബിന്ദുവുമായി വഴക്കിടുമായിരുന്നു. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോന്നതിനാല്‍ ബിന്ദു വിഷമതകളെല്ലാം സഹിച്ച് അവിടെത്തന്നെ കഴിഞ്ഞുകൂടി. പ്രസവശേഷം ബിന്ദു സ്വന്തം വീട്ടിലേക്കു പോന്നു. തനിക്ക് നിതിന്റെ വീട്ടില്‍ നേരിടേണ്ടി വന്ന വിഷമതകള്‍ മാതാപിതാക്കളുമായി പങ്കുവച്ചു. അവള്‍ ഒരു വര്‍ഷത്തോളമായി സ്വന്തം വീട്ടില്‍ത്തന്നെ നില്‍ക്കാന്‍ തുടങ്ങിയിട്ട്.
ഇതിനിടയില്‍ പല തവണ ഭര്‍ത്താവ് കൂട്ടിക്കൊണ്ടുപോകാന്‍ വന്നെങ്കിലും അവള്‍ പോകാന്‍ കൂട്ടാക്കിയില്ല. വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് ബിന്ദു സഭയിലും കോടതിയിലും അപേക്ഷ നല്‍കി. അപ്പോള്‍ നിതിന്റെ വീട്ടുകാര്‍ ഗുണ്ടകളുമായി ബിന്ദുവിന്റെ വീട്ടില്‍ ചെന്ന് പ്രശ്‌നങ്ങളുണ്ടാക്കി. ഒടുവില്‍ പോലീസ് കേസായി. ഗാര്‍ഹികപീഡനമുണ്ടായി എന്ന കള്ളക്കേസാണ് ബിന്ദു നല്‍കിയത്. വിവാഹമോചനം നേടി ബിന്ദു കുഞ്ഞുമായി ഇപ്പോള്‍ സ്വന്തം വീട്ടില്‍ കഴിയുന്നു. ഇപ്പോള്‍ ബിന്ദു പറയുന്നത് അന്ന് മാതാപിതാക്കള്‍ പറഞ്ഞതു കേട്ടാല്‍ മതിയായിരുന്നു എന്നാണ്.
നല്ല തീരുമാനം എടുക്കാം
ഇവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. അഥവാ ഇത്തരം സന്ദര്‍ഭങ്ങളുടെ അടിസ്ഥാനം എന്താണ് എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ചില അവസരങ്ങളില്‍ നമുക്ക് മറ്റുള്ളവരുടെ സഹായം ആവശ്യം വന്നേക്കാമെന്ന യഥാര്‍ഥ്യം നാം പലപ്പോഴും വിസ്മരിക്കും. സ്വാതന്ത്ര്യമെന്നത് നല്ല തീരുമാനങ്ങളെടുക്കുവാനുള്ള കഴിവാണ്. നല്ല തീരുമാനങ്ങളാണ് ജീവിതത്തെ ശക്തിപ്പെടുത്തുന്നതും സംരക്ഷിക്കുന്നതും. നല്ല തീരുമാനത്തെ പ്രധാനമായും മൂന്നു കാര്യങ്ങളാണ് സ്വാധീനിക്കുക. ഒന്നാമത്തേത് അറിവ് ആണ്. രണ്ടാമത്തേത് വികാരവും മൂന്നാമത്തേത് പുറത്തുനിന്നുള്ള സ്വാധീനവുമാണ്. എല്ലാവര്‍ക്കും എല്ലാക്കാര്യങ്ങളിലും നല്ല അറിവ് ഉണ്ടാകണമെന്നില്ല.
നല്ല കേള്‍വിക്കാരനാകണം
അറിവുള്ളവര്‍ പറയുന്നതു കേള്‍ക്കാന്‍ മനസുണ്ടാകണം. ഫുട്‌ബോള്‍ കോച്ചിന്റെ നിര്‍ദേശമില്ലാതെ കളിക്കളത്തിലിറങ്ങാന്‍ ശ്രമിക്കുന്ന കളിക്കാരന്‍ പരാജയപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇതുപോലെ വിവാഹത്തെയും കുടുംബജീവിതത്തെയും കുറിച്ച് അറിവുള്ള മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. ആ ബന്ധത്തിലെ പരാജയ സാധ്യതകളും സുരക്ഷിതക്കുറവുമൊക്കെ കണക്കിലെടുത്താകും അവര്‍ അഭിപ്രായം പറയുക. എന്നാല്‍ പ്രണയികള്‍ വികാരംകൊണ്ട് അന്ധരായിരിക്കുമ്പോള്‍ ഇത്തരം ന്യായങ്ങളെയൊക്കെ അവഗണിക്കും. അതിനോടൊപ്പം പ്രണയി/പ്രണയിനിയുടെയും കൂട്ടുകാരുടെയും നിര്‍ബന്ധം കൂടിയാകുമ്പോള്‍ മാതാപിതാക്കളുടെയോ മുതിര്‍ന്നവരുടെയോ അഭിപ്രായങ്ങള്‍ക്ക് ഒുട്ടം പ്രാധാന്യം കൊടുക്കുകയില്ല.
യാഥാര്‍ഥ്യബോധം മറന്ന്
മറ്റൊരു കാര്യം ഇത്തരം പ്രേമം യാഥാര്‍ഥ്യബോധത്തില്‍നിന്ന് അകന്നുള്ളത് ആകാമെന്നതാണ്. ഇതിനെ Infatuation എന്നാണ് വിളിക്കുക. രണ്ടുപേര്‍ റൊമാന്റിക് ആകര്‍ഷണത്തില്‍പ്പെട്ട് കഴിയുമ്പോള്‍ അവര്‍ തിലുള്ള ഈഗോ ബൗണ്ടറി ഇല്ലാതാകുന്നു. ഒരാള്‍ തന്റെ പ്രതിഫലനം മറ്റേയാളില്‍ കാണുകയും ഒന്നാകാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്യും. ഈ സമയത്ത് മറ്റൊന്നും മനസില്‍ കയറുകയില്ല. സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ കുടുങ്ങുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള മുന്‍കാല തിരസ്‌കരണത്തിന്റെ അനുഭവമുള്ളവരായിരിക്കാം.
മാതാപിതാക്കള്‍ തന്നെ സ്‌നേഹിക്കുന്നില്ലെന്ന തോന്നലോ തന്നെ കാണാന്‍ കൊള്ളില്ലെന്ന വിചാരമോ മറ്റേതെങ്കിലും സ്‌നേഹം ലഭിക്കാതെ പോയ സാഹചര്യമോ ഇവര്‍ക്കുണ്ടായിരുന്നിരിക്കാം. ആദ്യകാലഘട്ടം കഴിയുമ്പോള്‍ ഇവരുടെ ഈഗോ അതിരുകള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. തന്നെ കേന്ദ്രീകരിച്ച് എല്ലാം ചെയ്യുവാന്‍ പങ്കാളിയെ നിര്‍ബന്ധിക്കുകയും അതില്‍ തടസംവന്നാല്‍ വഴക്കടിക്കുകയും ചെയ്യും. കുറെ കഴിയുമ്പോള്‍ ഈ പ്രവണത അസഹ്യമായിത്തീരുകയും പരസ്പരം വഴക്കടിച്ചു പിരിയുകയും ചെയ്യും.
സ്‌നേഹം കൊതിച്ച് ജീവിക്കുന്നവര്‍
വേറെ ചിലര്‍ ചെറുപ്പംതൊട്ടേ മറ്റുള്ളവരാല്‍ ആകര്‍ഷിക്കപ്പെടുവാനും സ്‌നേഹിക്കപ്പെടുവാനുമുള്ള ആഗ്രഹത്തില്‍ ജീവിക്കുന്നവരാണ്. സ്‌നേഹിക്കപ്പെടണമെന്നു നിര്‍ബന്ധമുള്ള ഇക്കൂട്ടര്‍ സ്‌നേഹിക്കപ്പെടാനുള്ള രീതിയില്‍ എല്ലാവരെയും പ്രീതിപ്പെടുത്തുകയും ചിലപ്പോള്‍ പ്രേമബന്ധങ്ങളില്‍പ്പെടുകയും ചെയ്യും.
ഇഷ്ടഭക്ഷണത്തിനടുത്തെത്തുമ്പോള്‍ വായില്‍ വെള്ളം വരുന്നതുപോലെ പ്രഥമദൃഷ്ട്യാ കൊള്ളാവുന്നവരെക്കാണുമ്പോള്‍ വേണമെന്ന് തോന്നുന്നവരാണിവര്‍. ഇവരുടെ സ്‌നേഹം പ്രഥമദൃഷ്ട്യായുള്ള ആകര്‍ഷണാടിസ്ഥാനത്തില്‍ മാത്രമായതിനാല്‍ യാഥാര്‍ഥ്യബന്ധിതമാകുവാന്‍ കഴിയില്ല. പ്രേമിക്കാനുള്ള വസ്തു കണ്ടെത്തിയാല്‍ ഒന്നും നോക്കാതെ പ്രേമത്തില്‍ വീഴുന്നവരാണിവര്‍. സാധാരണ പ്രേമത്തില്‍ വീഴുക എന്നാണ് പറയുക. എന്നാല്‍ പ്രേമത്തില്‍ നില്‍ക്കുവാന്‍ ആണ് കഴിയേണ്ടതും അതിനു യഥാര്‍ഥ മാനസികസ്വാതന്ത്ര്യത്തില്‍നിന്നുരുത്തിരിയുന്ന നല്ല തീരുമാനങ്ങളുണ്ടാവുകയും േവണം. ആ തീരുമാനത്തിനുള്ള ശക്തി നല്ല വളര്‍ച്ചയെത്തിയവര്‍ക്കേ ഉണ്ടാകൂ. ചെടി യഥാര്‍ഥ വളര്‍ച്ചയെത്തി പുഷ്പിക്കുന്നതുപോലെ യഥാര്‍ഥ വളര്‍ച്ചയെത്തിയാല്‍ മാത്രമേ ദൃഢവും സ്ഥിരവുമായ ബന്ധങ്ങളില്‍ എത്താനാവൂ.
ഡോ. പി.എം ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പല്‍, നിര്‍മ്മല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ്
സൈക്കോതെറാപ്പി സെന്റര്‍, കാഞ്ഞിരപ്പള്ളി