അവള്‍ക്കായി മനസൊരുക്കാം
മാറിയ കാലഘട്ടത്തിന്റെ ഭാഗമായ ഇന്നത്തെ സ്ത്രീ ഇന്നലെകളിലെ സ്ത്രീയെക്കാളും പല കാര്യങ്ങളിലും മുന്നിലാണ്. ഇന്ന് ന്യൂജെന്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും കാലഘട്ടമാണ്. അതിലുപരി ന്യൂജെന്‍ മാതാപിതാക്കളുംകൂടി ചേരുമ്പോള്‍ തയാറെടുപ്പ് എല്ലാ കാര്യത്തിലും ഒഴിച്ചുകൂടാന്‍ ആവാത്തതായിരിക്കുന്നു.

കാലം, പ്രായം, പ്രകൃതി, സാഹചര്യങ്ങള്‍ എല്ലാംകൂടി ചേര്‍ന്ന് ഒരുക്കിയിരുന്ന സ്ത്രീയില്‍നിന്നു വ്യത്യസ്തമായി എല്ലാം പുസ്തകം വായിച്ചും ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തും പഠിക്കേണ്ടിവരുന്ന സ്ത്രീയിലേക്കു കാലം അവളെ കൊണ്ടെത്തിച്ചിരിക്കുന്നു. ഈ സാഹചര്യമാറ്റങ്ങളെ കുറ്റപ്പെടുത്തുകയും പരിഭവിച്ചിരിക്കുകയും ചെയ്യുന്നതിലുപരി അതിനോടു ചേര്‍ന്നുനിന്ന് അനിവാര്യമായിരുന്ന ഈ സ്ത്രീയുടെ മാറ്റത്തോടു പൊരുത്തപ്പെടുകയേ നിവൃത്തിയുള്ളൂ. കാലക്രമേണ ഉണ്ടായ ഈ മാറ്റങ്ങളോട് ഇണങ്ങാന്‍ വിമുഖത കാണിക്കുന്ന സമൂഹവും അതിന്റെ അനിവാര്യതയെ ചോദ്യംചെയ്യുന്നവരെയും ഇന്നും നാം വ്യാപകമായി കണ്ടുവരുന്നു. ഇതൊക്കെയാണെങ്കിലും സ്ത്രീയുടെ വളര്‍ച്ചയുടെയും തുറന്ന അഭിപ്രായപ്രകടനത്തിന്റെയും ഗ്രാഫ് മേല്‍പോട്ടുതന്നെയാണ്. ഇവിടെയാണ് മൂല്യാധിഷ്ഠിത ദാമ്പത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്.

വിവാഹമെന്ന ഉടമ്പടി

വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ളവര്‍ വിവാഹത്തിലൂടെ ഉടമ്പടിയില്‍ ഏര്‍പ്പെടുകയാണ്. ഇതില്‍ ലിഖിത നിയമത്തിലുപരി അലിഖിത നിയമങ്ങള്‍ ഒരുപാടുള്ള ഉടമ്പടിയാണ്. ഇത് രണ്ടും പ്രായപൂര്‍ത്തിയായ വ്യക്തികള്‍ ബാഹ്യപ്രേരണകളൊന്നുമില്ലാതെ സ്വതന്ത്ര മനസോടെ എടുക്കേണ്ട തീരുമാനമാണ്.

അതിനാല്‍ ഇങ്ങനെയൊരു ഉടമ്പടിയില്‍ ഒപ്പു വയ്ക്കുന്നതിനുമുമ്പ് സ്ത്രീയും പുരുഷനും സ്വയം വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. അവരുടെ വ്യക്തിത്വം, സ്വഭാവം, ക്ഷമ, ശ്രവണം, മനോഭാവം എന്നിവയെക്കുറിച്ച് ആത്മപരിശോധന നടത്തുന്നത് പിന്നീടുള്ള കുറ്റപ്പെടുത്തലുകളില്‍ നിന്നും പഴിചാരലുകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ വഴിയൊരുക്കും. തെറ്റുകള്‍ കണ്ടറിഞ്ഞ് തിരുത്തി സന്തോഷവും സമാധാനവും പുനസ്ഥാപിച്ചു ദാമ്പത്യം മുന്നോട്ടു പോകുവാന്‍ സഹായകമാവും. വിവാഹത്തെയും വിവാഹ ജീവിതത്തെയും കുറിച്ചുള്ള പ്രതീക്ഷകള്‍ പരസ്പരം പങ്കുവയ്ക്കുന്നത് വ്യക്തിത്വങ്ങളെ മനസിലാക്കുവാന്‍ സഹായിക്കും.

തങ്ങളുടെ കുട്ടിക്കാലവും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തങ്ങളുടെ ജീവിതത്തിലുള്ള പ്രാധാന്യവുമെല്ലാം ഇന്നത്തെ കാലഘട്ടത്തില്‍ പരസ്പരം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇതെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നത് വഴി വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ച വ്യക്തികള്‍ ഒന്നാകുമ്പോള്‍ ഉണ്ടായേക്കാവുന്ന കല്ലുകടിയെക്കുറിച്ച് ഒരു മുന്‍ധാരണ ഉണ്ടാവും. വിവാഹം എന്ന ഉടമ്പടിയിലേക്കും ഉത്തരവാദിത്വത്തിലേക്കും കടക്കും മുന്‍പേ തങ്ങള്‍ പരസ്പരം അനുയോജ്യര്‍ ആണോ എന്ന തീരുമാനത്തില്‍ എത്തുവാന്‍ ഇതെല്ലാം സഹായിക്കും.

ദമ്പതികള്‍ ജോലിക്കാരായാല്‍

ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുക എന്നത് ഇന്നത്തെ ജീവിത ചെലവുകളില്‍ പരസ്പരം ഒരു കൈത്താങ്ങ് ആകേണ്ടതിന്റെ ആവശ്യകത ആയി മാറിയിരിക്കുന്നു. ഇവിടെ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നം പുരുഷനില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. അവളുടെ പുതിയ കുടുംബത്തില്‍ അവള്‍ നിര്‍വഹിക്കേണ്ട ചുമതലകളും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷയും ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ പലപ്പോഴും കഴിയാതെ വരും. ഇവിടെ അവള്‍ക്കാവശ്യം ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടേയും പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവുമാണ്. ഇത് ലഭിക്കാതെ വരുമ്പോള്‍ പലപ്പോഴും സ്ത്രീക്ക് ദാമ്പത്യം ഒരു ഭാരമായി അനുഭവപ്പെടും. തിരക്കുകള്‍ മൂലം ഗര്‍ഭധാരണം പോലും നീട്ടി വയ്ക്കപ്പെടുന്നു. ലൈംഗികത ഒരു ബാധ്യതയായി തോന്നിത്തുടങ്ങും. ഇതൊരു സ്ത്രീയില്‍ ആരോഗ്യപരമായും വൈകാരികമായുമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ദാമ്പത്യത്തില്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീക്ക് ഭര്‍ത്താവിന്റെ പിന്തുണ അത്യാവശ്യമാണ്. അവളുടെ തെറ്റുകളെ തിരുത്തി അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചും അവള്‍ക്ക് സ്‌നേഹവും സംരക്ഷണവും ഉറപ്പു വരുത്തി അവളോടൊപ്പം നില്‍ക്കാന്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും കഴിയണം. അങ്ങനെ അവളിലെ സ്ത്രീ നിങ്ങളുടെ കുടുംബത്തിന് ഒരു മുതല്‍ക്കൂട്ടാവും.
പുതിയ വീടും കുടുംബാംഗങ്ങളും

സ്വന്തം കുടുംബത്തെ വിട്ടു ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുന്ന ഏതൊരു സ്ത്രീക്കും കുറച്ചു ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നത് സ്വാഭാവികം. അവള്‍ക്ക് ഭര്‍ത്താവിന്റെ വീടും കുടുംബാംഗങ്ങളും തന്റെ സ്വന്തമാണെന്നും ഇനി ഇവിടെയാണ് തന്റെ അവകാശം എന്നും തോന്നിപ്പിക്കുന്നത് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ചുമതലയാണ്. അവളിലെ വ്യക്തിത്വത്തെയും വ്യത്യാസങ്ങളെയും പ്രത്യേകതകളെയും ബഹുമാനിക്കാനും അവളുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ബോധപൂര്‍വമായ ഒരു ശ്രമം വീട്ടുകാരില്‍ നിന്നും ഉണ്ടാകേണ്ടതാണ്. ഇത് അവളില്‍ ആത്മവിശ്വാസം വളര്‍ത്താനും ഭര്‍ത്താവിന്റെ കുടുംബത്തോട് വൈകാരിക അടുപ്പം ഉണ്ടാകാനും സഹായിക്കും.

പുതിയ അന്തരീക്ഷത്തിലേക്ക് കടന്നുവരുന്ന സ്ത്രീ മനസിലാക്കേണ്ടത് കുടുംബാംഗങ്ങളുടെ മനസില്‍ ഇടം നേടാന്‍ നല്ലത് അഡ്ജസ്റ്റ്‌മെന്റ് അല്ല അഡാപ്റ്റിംഗ് ആണെന്നാണ്. പുതിയ കുടുംബത്തിന്റെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും അവരെ അംഗീകരിക്കാനും ബഹുമാനിക്കാനും പഠിക്കുകയും ചെയ്യുന്നത് അവരുമായി പെട്ടെന്ന് ഇണങ്ങാനുള്ള വഴി സ്ത്രീക്ക് ഒരുക്കുന്നു. പരസ്പരം വിധിയെഴുത്തുകള്‍ നടത്താതെ ആവശ്യമായ സമയം എടുത്തു വിലയിരുത്തലുകള്‍ നടത്തുന്നതാവും ഭേദം. പുതിയ വീട്ടിലേക്കും കുടുംബത്തിലേക്കും കടന്നുവരുന്ന ഏതൊരു സ്ത്രീക്കും അവഗണിക്കപ്പെടുകയല്ല പരിഗണിക്കപ്പെടുകയാണെന്ന്. അതിനു മാതൃകയാവേണ്ടത് ഭര്‍ത്താവ് തന്നെയാണ്.

വിട്ടുവീഴ്ച, ശ്രവണം എന്നിവയുടെ പ്രാധാന്യം

വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും ഒന്നുചേര്‍ന്ന അവര്‍ പരസ്പരം മനസിലാക്കി സമാധാനപൂര്‍വം മുമ്പോട്ടു പോകാന്‍ വിട്ടുവീഴ്ചയ കൂടിയെ തീരൂ. ഭര്‍ത്താവിന്/ ഭാര്യയ്ക്ക് അഭിപ്രായങ്ങളും ആശയങ്ങളും മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള മനോഭാവവും കൂടിയേ തീരൂ. ദമ്പതിമാര്‍ പരസ്പരം സഹാനു ഭൂതിയോടെ കാര്യങ്ങള്‍ ശ്രവിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് പരസ്പര ധാരണയോടെയുള്ള തീരുമാനങ്ങളെടുക്കാനും പരസ്പര വിശ്വാസം ആര്‍ജ്ജിക്കാനും വഴിയൊരുക്കും. കുടുംബത്തിനകത്തും ഔദ്യോഗിക തലത്തിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ വിട്ടുവീഴ്ച ഭാവത്തോടെ തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ സമാധാനവും പ്രശ്‌ന പരിഹാരവും എളുപ്പമാകും.അതിലുപരി വ്യക്തിപരവും വ്യക്തിത്വവുമായ വികസനത്തിന് ഇത് സഹായകമാവുകയും ചെയ്യും.

ജീവിതത്തില്‍ നിസാരമെന്നു തോന്നി നമ്മള്‍ തള്ളിക്കളയുന്ന ഓരോ നിമിഷവും അവസരവും വ്യക്തിബന്ധങ്ങളും വിലപ്പെട്ട്താണെന്നും ഒഴിച്ചുകൂടാനാവാത്തതാണെന്നുമുള്ള തിരിച്ചറിവാണ് പലപ്പോഴും നമ്മളെ ജീവിത വിജയത്തിലേക്ക് നയിക്കുന്നത്.

മഞ്ജുഷ ഇമ്മാനുവല്‍
സൈക്കോളജിസ്റ്റ് ആന്‍ഡ് സൈക്കോ തെറാപ്പിസ്റ്റ്
ട്രീ ഓഫ് ലൈഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി ക്ലിനിക്
കച്ചേരിപ്പടി, എറണാകുളം