ദാമ്പത്യജീവിതത്തില്‍ മൊബൈല്‍ഫോണ്‍ വില്ലനാകുമ്പോള്‍
ദാമ്പത്യജീവിതത്തില്‍ മൊബൈല്‍ഫോണ്‍ വില്ലനാകുമ്പോള്‍
Friday, February 14, 2020 3:55 PM IST
വാട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പലപ്പോഴും ദാമ്പത്യജീവിതത്തില്‍ വില്ലനാകാറുണ്ട്. ഭാര്യയുടെയോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെയോ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ കുടുംബജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഇത്തരം വെര്‍ച്വല്‍ സൗഹൃദങ്ങളുടെ പേരില്‍ വിവാഹമോചനത്തില്‍ അഭയം തേടുന്ന ദമ്പതികളുടെ എണ്ണവും കേരളത്തില്‍ വര്‍ധിക്കുകയാണ്.

അനു ബിരുദാനന്തരബിരുദധാരിയാണ്. ഭര്‍ത്താവ് പ്ലസ്ടുവരെയേ പഠിച്ചിട്ടുള്ളുവെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഇവര്‍ക്ക് എട്ടുവയസുള്ള ഒരു മകളുമുണ്ട്. വിവാഹസമയത്ത് അനുവിന് ജോലിയില്ലായിരുന്നു. എന്നാല്‍ പിന്നീട് അനുവിന് ഭര്‍ത്താവിന്‍േറതിനേക്കാള്‍ പ്രശസ്തിയുള്ള ഒരു ജോലി ലഭിച്ചു. സ്വന്തം കഴിവുകൊണ്ട് അവള്‍ ആ ജോലിയില്‍ തുടരെത്തുടരെ അംഗീകാരം നേടിത്തുടങ്ങി. ഈയിടെ അനുവിന്റെ പഴയ ഊര്‍ജസ്വലത നഷ്ടപ്പെടുകയും ഉറക്കമില്ലായ്മ വര്‍ധിക്കുകയും ചെയ്തു. അങ്ങനെയാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം അവര്‍ എന്റെയടുത്ത് സൈക്യാട്രി കണ്‍സള്‍ട്ടേഷനു വന്നത്. അവര്‍ ഏറെ നേരം തന്റെ സങ്കടങ്ങള്‍ എന്നോടു പറഞ്ഞു. കൗണ്‍സലിംഗില്‍ അവള്‍ക്ക് ഡിപ്രഷന്‍ ഉള്ളതായി കണ്ടെത്തി.

വില്ലത്തിയായി ഭര്‍ത്താവിന്റെ മുന്‍സഹപ്രവര്‍ത്തക

ഭര്‍ത്താവിനു വന്ന ചില ഫോണ്‍ മെസേജുകളും കോളുകളുമാണ് അനുവിന്റെ ജീവിതത്തിന്റെ നിറം കെടുത്തിയത്. രണ്ടു വര്‍ഷം മുമ്പ് അനു തന്റെ ഭര്‍ത്താവിന്റെ മൊബൈലില്‍ ഒരു മെസേജ് കാണുകയുണ്ടായി. അത് നല്ല ലൈംഗികച്ചുവയുള്ളതായിരുന്നു. ആറുമാസത്തോളം അവള്‍ ഇത് രഹസ്യമായി നിരീക്ഷിച്ചു. പലപ്പോഴും വരുന്ന മെസേജുകളുടെ സ്‌ക്രീന്‍ഷോുകള്‍ എടുത്തുവയ്ക്കുകയും ചെയ്തു.

ലൈംഗികച്ചുവയുള്ള മെസേജുകളും ആ സ്ത്രീയുടെ ഫോട്ടോകളും കണ്ടതോടെ അവളുടെ സംശയം വര്‍ധിച്ചു. ഭര്‍ത്താവിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ മറ്റൊരു സ്ഥലത്ത് ജോലിചെയ്യുന്ന ആളാണെന്നും നാലുവര്‍ഷത്തോളമായി അവര്‍ തമ്മില്‍ അരുതാത്ത തരത്തിലുള്ള ബന്ധമുണ്ടെന്നും അനു മനസിലാക്കി. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായിരുന്നു ആ സ്ത്രീ.

അനു തന്റെ ഫോണ്‍ നിരീക്ഷിക്കുന്നുണ്ടെന്നു മനസിലാക്കിയ ഭര്‍ത്താവ് അതുവരെ കോമണ്‍ ആയിരുന്ന പാസ്‌വേഡ് മാറ്റി, ഫിംഗര്‍ ലോക്ക് ആക്കി. അയാള്‍ വീട്ടില്‍ വന്നാല്‍ ഫോണുമായി പുറത്തിറങ്ങി ദീര്‍ഘനേരം സംസാരിക്കുന്നതായി അവള്‍ കണ്ടിരുന്നു. ബാത്ത്‌റൂമില്‍ കയറി ടാപ്പ് ഓണ്‍ചെയ്ത് വളരെസമയം ഇരിക്കും. ടെറസില്‍ ഫോണുമായി പോകുക, ഫോണ്‍ വന്നാലുടന്‍ പതുക്കെ സംസാരിച്ചുകൊണ്ട് പുറത്തേക്കിറങ്ങുക, പെട്ടെന്ന് ഫോണ്‍ ഓഫ്‌ചെയ്യുക, രാത്രി ഏറെ വൈകിയും അവരുടെ മെസേജിനായി കാത്തിരിക്കുക... ഇവയെക്കുറിച്ചൊക്കെ അനു ചോദിക്കുമ്പോള്‍ ഔദ്യോഗിക കാര്യങ്ങളാണെന്നും മേലധികാരികളുടെ കോളുകളാണെന്നും അവ രഹസ്യസ്വഭാവമുള്ളവയായതിനാലാണ് രഹസ്യമായി സംസാരിക്കുന്നതെന്നും അവളോടു പറയും.

അവളുടെ നിരന്തര പരാതിമൂലം കുറച്ചുനാളത്തേക്ക് മെസേജുകളോ കോളുകളോ കണ്ടില്ല. നാലഞ്ചുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും ആരംഭിച്ചു. കുറച്ചുദിവസം കഴിഞ്ഞ് അതു താനേ നില്‍ക്കുകയും ചെയ്തു. ചാറ്റിംഗോ കോളുകളോ ഒന്നും കാണാതിരുന്നപ്പോള്‍ എല്ലാം അവസാനിച്ചുവെന്ന് അനു കരുതി. പിന്നീട് അദ്ദേഹത്തിന്റെ മറ്റൊരു സഹപ്രവര്‍ത്തക പറഞ്ഞാണ് അവള്‍ കാര്യങ്ങള്‍ കൂടുതലായി അറിഞ്ഞത്. രണ്ടുപേരും ഇപ്പോള്‍ ഒരു ഓഫീസിലാണെന്നും വളരെ അടുപ്പത്തിലാണെന്നും അനുവിന് മനസിലായി. മുമ്പ് ഇരുവരും ഒരു ഓഫീസില്‍ ആയിരുന്നപ്പോള്‍ അവിടെ നടന്ന പല കാര്യങ്ങളും അനുവിനോട് അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ സുഹൃത്തായ ആ സ്ത്രീയ്ക്ക് ഇത്തരത്തില്‍ പലരുമായും ബന്ധമുണ്ടെന്ന് അനുവിന് അറിയാന്‍ കഴിഞ്ഞു.

ഭാര്യ മാനസികരോഗിയാണെന്ന പ്രചാരണം

സഹപ്രവര്‍ത്തകയുമായുള്ള അടുപ്പത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പൊട്ടിത്തെറിച്ചു. സംശയരോഗമാണെന്നു പറഞ്ഞ് അനുവിനെ സൈക്യാട്രിസ്റ്റിന്റെ അടുത്ത് (അയാള്‍ക്കു പരിചയമുള്ളയാള്‍) കൊണ്ടുപോകുകയും മരുന്നു വാങ്ങിക്കൊടുക്കുകയും ചെയ്‌തെങ്കിലും അവള്‍ അത് കഴിച്ചില്ല. ഇപ്പോള്‍ ഒരു വീട്ടിലാണെങ്കിലും രണ്ടുപേരും രണ്ടു മുറിയിലാണ് ഉറങ്ങുന്നത്. അത്യാവശ്യ ആശയവിനിമയം മാത്രം. ഇതെല്ലാം തന്നെ ഒട്ടും ബാധിക്കുന്നില്ലെന്ന തരത്തില്‍ അയാള്‍ വളരെ ഉന്മേഷത്തോടെ ഓഫീസില്‍ പോകുന്നു. സഹപ്രവര്‍ത്തകരുമായി ഇടപെടുന്നു. അനുവുമായി ബന്ധപ്പെട്ട മീറ്റിംഗുകളിലും ആഘോഷങ്ങളിലും ജോലിത്തിരക്കിന്റെ പേരുപറഞ്ഞ് ഭര്‍ത്താവ് ഒഴിഞ്ഞുമാറുന്നത് അവള്‍ ശ്രദ്ധിച്ചു.

അയാളുടെ പെണ്‍സുഹൃത്തും പലയിടത്തും അനുവിനെ മാനസികരോഗിയായി ചിത്രീകരിക്കാനും ശ്രമം നടത്തുന്നതായും അവര്‍ അറിഞ്ഞു.

ദാമ്പത്യത്തിലെ അവിശ്വസ്തത

ദാമ്പത്യഅവിശ്വസ്ഥത എന്നു പറയുന്നത് വിവാഹ ഉടമ്പടിയുടെ ലംഘനവും വിശ്വാസവഞ്ചനയും വിവാഹബന്ധത്തിനുള്ള കടുത്ത ഭീഷണിയുമാണ്. ഗവേഷകര്‍ രണ്ടുതരം വഞ്ചനയാണ് കണ്ടെത്തിയിരിക്കുന്നത്. ലൈംഗിക അവിശ്വസ്തതയും വൈകാരിക അവിശ്വസ്തതയും.


ഓണ്‍ലൈന്‍ ഇന്‍ഫിഡെലിറ്റി

ഏറ്റവും പുതിയ കണ്ടെത്തല്‍ ഓണ്‍ലൈന്‍ ഇന്‍ഫിഡെലിറ്റിയാണ്. ഇന്റര്‍നെറ്റിന്റെ വരവോടെ ദാമ്പത്യ അവിശ്വസ്തതയ്ക്ക് പുതിയൊരു പാതകൂടി പിറന്നിരിക്കുന്നു. ജീവിതപങ്കാളിയല്ലാത്ത ഒരാളോടുള്ള പ്രേമവും ലൈംഗിക ചാറ്റിംഗുകളും അവിശ്വസ്തതയായി കണക്കാക്കാം. ആദ്യം ഫോണിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയുമുള്ള ആശയവിനിമയം തുടങ്ങുന്നു. സ്‌നേഹവും സൗഹൃദവും സാന്ത്വനവുമായി തുടങ്ങുന്ന ബന്ധം ക്രമേണ വഴിവിടുന്നത് ഒരുപക്ഷേ രണ്ടുപേരും താമസിച്ചായിരിക്കും തിരിച്ചറിയുക. ഇത് ഒരു വ്യക്തിയുമായിട്ടോ പലരുമായിാേ ആകാം. മുറിയിലിരുന്ന് ചാറ്റ് ചെയ്യുന്നത് അവിശ്വസ്തതയാണോ? ആണെന്നു പറയാന്‍ ചില കാരണങ്ങളുണ്ട്.


വിവാഹബന്ധത്തിലേര്‍പ്പെട്ട വ്യക്തികള്‍ പരസ്പരം പ്രകടിപ്പിക്കേണ്ട വൈകാരികത പുറത്തു പ്രകടിപ്പിക്കുന്നത് അപകടവും നിഷിദ്ധവുമാണ്. ഈ പ്രവൃത്തി രഹസ്യമായും പങ്കാളിയില്‍നിന്നു മറച്ചുമാണ് നടക്കുന്നത്. ഈ ബന്ധത്തിന്റെ പരിണിതഫലം ദാമ്പത്യ വിശ്വസ്തതയുടെ ലംഘനമാണ്. ഇത് ദാമ്പത്യ അവിശ്വസ്തതയുടെ പട്ടികയില്‍പ്പെടുന്നു. ഇതില്‍ പെടാത്ത മറ്റേ പങ്കാളി വഞ്ചിക്കപ്പെതായി മനസിലാക്കുമ്പോള്‍ കോപവും മാനസികമായ മുറിവും അനുഭവിക്കും.

ഇത് അവിഹിത ബന്ധമാണോ?

അനു ഭര്‍ത്താവുമായി സംസാരിച്ചപ്പോള്‍ സഹപ്രവര്‍ത്തകയുമായി നിരന്തര ഫോണ്‍ സമ്പര്‍ക്കവും ഇന്റര്‍നെറ്റ് ചാറ്റിംഗും ഉണ്ടെന്ന് സമ്മതിച്ചെങ്കിലും അത് അവിഹിതബന്ധമാണെന്നു സമ്മതിക്കാന്‍ അയാള്‍ തയാറായില്ല. കൂടുതല്‍ വിശദാംശങ്ങളിലേക്കു കടന്നപ്പോള്‍ ഏതാനും വര്‍ഷങ്ങളായി അനുവും ഭര്‍ത്താവും നല്ല അടുപ്പത്തിലായിരുന്നില്ലെന്നു മനസിലാക്കാന്‍ കഴിഞ്ഞു. ഭര്‍ത്താവിന്റെ ജോലിസംബന്ധമായ ഇടയ്ക്കിടെയുള്ള യാത്രകളും വീില്‍നിന്നു ദിവസങ്ങളോളമുള്ള മാറിനില്‍ക്കലും നിരന്തര ഫോണ്‍വിളികളും എവിടെങ്കിലും ഒരുമിച്ചു പോകാന്‍ പ്ലാന്‍ ചെയ്തിട്ട് അതു കാന്‍സല്‍ ചെയ്യുന്നതുമൊക്കെ ഭാര്യയില്‍ കോപം ഉളവാക്കി.
അതുപോലെ ഭാര്യയുടെ ജോലി പൊതുജനവുമായി ബന്ധപ്പെതായതിനാല്‍ അവളുടെ സമ്പര്‍ക്കങ്ങളും ലഭിച്ചിരുന്ന ഉയര്‍ന്ന ബഹുമാനവും അയാളില്‍ അസൂയ സൃഷ്ടിച്ചിരുന്നു. ദാമ്പത്യബന്ധത്തില്‍ ഭര്‍ത്താവ് തീരെ അതൃപ്തനും ആയിരുന്നതായി അറിയാന്‍ കഴിഞ്ഞു. പക്ഷേ ഭാര്യ അത്തരമൊരു പരാതി പറഞ്ഞിരുന്നുമില്ല.

ഭാര്യ എത്ര പറഞ്ഞിും അയാളുടെ ഫോണ്‍ബന്ധം നിര്‍ത്താന്‍ തയാറായില്ല. എല്ലാവരും ഇങ്ങനെയൊക്കെ ചെയ്യുന്നതാണെന്നായിരുന്നു അയാളുടെ ന്യായീകരണം. ഇതു കേട്ട് ഭാര്യ ക്ഷുഭിതയായി. താന്‍ അവഗണിക്കപ്പെടുന്നുവെന്ന തോന്നല്‍ വന്നപ്പോഴാണ് അവള്‍ ജോലിക്ക് ശ്രമിച്ചതും ഒരു വാശിയെന്നപോലെ ആ ജോലി ആാര്‍ഥമായി ചെയ്തതും വളരെയധികം വളര്‍ന്നതും. ഇതിനിടെ അവള്‍ ഭര്‍ത്താവിനു വരുന്ന മെസേജുകള്‍ അയാളറിയാതെ തന്റെ ഫോണിലേക്ക് തിരിച്ചുവിട്ടു. അവളുടെയും അയാളുടെയും അശ്ലീലചിത്രങ്ങള്‍ കൈമാറുന്നത് അയാളുടെ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുത്തു. കുഞ്ഞിനും ഇതൊക്കെ മനസിലായതോടെ അവളും പിതാവിനെ വെറുക്കാന്‍ തുടങ്ങി.

വിവാഹബന്ധം പവിത്രമായിരിക്കട്ടെ

വിവാഹബന്ധം പവിത്രമാണ്. ദാമ്പത്യ അവിശ്വസ്തതയാവട്ടെ നിന്ദ്യമായ ഒന്നാണ്. അവിടെ അവിശ്വസ്തതയ്ക്ക് പല കാരണങ്ങളുമുണ്ട്. കുടുംബബന്ധത്തില്‍ താന്‍ ആഗ്രഹിക്കുന്നതൊന്നും ലഭിക്കുന്നില്ലെന്ന തോന്നല്‍, ശക്തമായ നിസഹായാവസ്ഥ അനുഭവപ്പെടുമ്പോള്‍ ആരെയെങ്കിലും കിട്ടിയാല്‍ അവിടേക്ക് അടുക്കാനുള്ള സാധ്യത എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. ചെറുപ്പത്തില്‍ ലൈംഗിക ചൂഷണത്തിന് വിധേയരായവര്‍, അവഗണിക്കപ്പെവര്‍, തകര്‍ന്ന കുടുംബബന്ധങ്ങളില്‍നിന്നുള്ളവര്‍, ചീത്ത കൂട്ടുകെട്ടുകളില്‍പ്പെട്ടവര്‍, ധാര്‍മികബോധമില്ലാത്തവര്‍ എന്നിവരെല്ലാം സുരക്ഷിതബോധത്തിന്റെ കുറവുകൊണ്ട് ഇത്തരം ബന്ധങ്ങളില്‍ ചെന്നു വീഴും. അശ്ലീല സാഹിത്യം സ്ഥിരം കാണുന്നവരും കുടുംബപ്രശ്‌നങ്ങള്‍ക്ക് അപ്പോള്‍തന്നെ പരിഹാരം കണ്ടെത്തി സമാധാനം സ്ഥാപിക്കാത്തവരും ഇന്റര്‍നെറ്റ് അമിതമായി ഉപയോഗിക്കുന്നവരും ഇത്തരത്തില്‍ വഴിതെറ്റാന്‍ സാധ്യതയുണ്ട്.

കുടുംബജീവിതത്തിലെ വിരസത

കുടുംബജീവിതത്തിലെ വിരസതയാണ് മറ്റൊരു കാരണം. എന്നും പുതുമയും സന്തോഷവും നിലനിര്‍ത്താന്‍ ഒന്നിച്ചുള്ള വിനോദയാത്രകള്‍ ഇടയാക്കും. ഫലിതങ്ങളും ആവര്‍ത്തിച്ചുള്ള അനുദിന സ്‌നേഹപ്രകടനങ്ങളും ചുംബനവും റൊമാന്റിക് സ്പര്‍ശന ദര്‍ശനങ്ങളും വാക്കുകള്‍കൊണ്ടുള്ള ആദരവും അനുമോദനവും അഭിനന്ദനവും സ്‌നേഹാദരങ്ങളും പങ്കാളിയില്‍ അഭിമാനബോധവും സ്‌നേഹവും ജനിപ്പിക്കും. താന്‍ പരിഗണിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നു എന്നറിയുന്നത് ഏവര്‍ക്കും ആനന്ദദായകമാണ്. ജന്മദിനം, വിവാഹവാര്‍ഷികം, വിശേഷ നേട്ടങ്ങള്‍ എന്നിവയുടെ സമയം ഓര്‍ത്തിരുന്ന് സമ്മാനങ്ങള്‍ കൈമാറുക. ചിലപ്പോള്‍ പങ്കാളിക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കുക തന്നെ വേണം. അപ്രതീക്ഷമായി വിനോദയാത്രകള്‍ക്ക് കൊണ്ടുപോകുന്നത് താന്‍ വിലമതിക്കപ്പെടുന്നുവെന്ന തോന്നല്‍ പങ്കാളിയിലുണ്ടാക്കും.

സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം നിരുത്സാഹപ്പെടുത്തണം. പങ്കാളിക്ക് പരമാവധി സ്‌നേഹവും കരുതലും സന്തോഷവും നല്‍കാന്‍ ശ്രമിക്കണം. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ രാത്രിയാകുന്നതിനു മുന്‍പ് അത് പരിഹരിക്കണം. താന്‍ പങ്കാളിക്ക് വിലപ്പെട്ട ആളാണെന്ന് രണ്ടുപേര്‍ക്കും തോന്നണം.

ബന്ധം ശിഥിലമാകുമ്പോള്‍ കുഞ്ഞുങ്ങളുടെ ജീവിതംകൂടി തകരുമെന്ന് ദമ്പതികള്‍ മനസിലാക്കണം. ഒരേ സമയം ഒന്നില്‍ കൂടുതല്‍ അരുതാത്ത ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ള സ്ത്രീയോ പുരുഷനോ പരിചയക്കാരായി എത്താം. പ്രലോഭനങ്ങള്‍ ചുറ്റിലുമുണ്ടാകും. എന്നാല്‍ നല്ല തീരുമാനങ്ങള്‍ നുടേതു മാത്രമാണ്. അതിനുള്ള ധാര്‍മികബലം നേടാന്‍ സമൂഹമാധ്യമങ്ങളെ ദൂരപരിധിയില്‍ അകറ്റിനിര്‍ത്തണം. കുടുംബത്തില്‍ ഒന്നിച്ചുള്ള സന്തോഷപ്രദമായ കൂട്ടായ്മയ്ക്ക് പ്രാധാന്യം കൊടുക്കണം.

ഡോ.പി.എം ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പല്‍, നിര്‍മ്മല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍, കാഞ്ഞിരപ്പള്ളി