ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
Wednesday, November 11, 2020 4:34 PM IST
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്ങള്‍, സൂര്യകിരണങ്ങള്‍, ബാക്ടീരിയ, വൈറസ് തുടങ്ങിയവയില്‍ നിന്നു ത്വക്ക് സംരക്ഷണം നല്‍കുന്നു.

പണ്ടുകാലത്തു സൗന്ദര്യ സംരക്ഷണത്തില്‍ മുഖത്തിനു പ്രാധാന്യം കൊടുക്കുന്ന പതിവു വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറ ആ സങ്കല്‍പത്തെ തിരുത്തിയെഴുതി. മുഖസൗന്ദര്യത്തിനു പുറമെ കൈ കാലുകളുടെ വൃത്തിയും ചര്‍മത്തിന്റെ തിളക്കവുമാണ് സൗന്ദര്യമായി പുതിയ തലമുറ കണക്കാക്കുന്നത്. ചര്‍മത്തിന്റെ മൃദുത്വവും ടോണും മെച്ചപ്പെടുത്തിയെടുക്കാന്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു.

മുഖക്കുരു, കറുത്തപാടുകള്‍ എന്നിവയില്ലാത്ത മിനുസമുള്ള ചര്‍മമാണ് എല്ലാവരുടെയും സ്വപ്‌നം. ചര്‍മം ചെറുപ്പമായിരിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്നു. അത്തരത്തിലുള്ള ചര്‍മകാന്തി ലഭിക്കുന്നതിനു സഹായിക്കുന്ന ധാരാളം ലോഷനുകളും ഇന്നു വിപണിയില്‍ സുലഭമാണ്. പലരും ഇത്തരത്തിലുള്ള ക്രീമുകള്‍ ഉപയോഗിക്കുകയും ചിലപ്പോഴെങ്കിലും അതിന്റെ ദൂഷ്യഫലം അനുഭവിക്കുകയൂം ചെയ്തിുണ്ടാകാം.

ചര്‍മസൗന്ദര്യത്തെ ബാധിക്കുന്ന ധാരാളം ഘടകങ്ങള്‍ ഉണ്ട്. ഹോര്‍മോണ്‍ വ്യതിയാനം, ജനിതക ഘടകങ്ങള്‍, പ്രായമാകല്‍, ജീവിതശൈലീരോഗങ്ങള്‍, അമിത മാനസിക സമ്മര്‍ദം, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ, പുകവലി, നിര്‍ജലീകരണം, അപര്യാപ്തമായ പോഷകങ്ങള്‍ എന്നിവയാണ് ആ ഘടകങ്ങള്‍. സൗന്ദര്യവര്‍ധക വസ്തുക്കളേക്കാള്‍ നല്ല പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം, വ്യായാമം, യോഗ, ധ്യാനം എന്നിവയെല്ലാം ആന്തരിക സൗന്ദര്യത്തെ ഉണര്‍ത്തി സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ചര്‍മ സംരക്ഷണത്തിനു വേണം അവശ്യ പോഷകങ്ങള്‍

കൃത്യമായ ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രമേ യൗവനം എന്നും കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂ. കൃത്യമായ ഭക്ഷണക്രമീകരണം, ഭാരനിയന്ത്രണം എന്നിവയിലൂടെ നമുക്ക് അറുപതുകളിലും മുപ്പതിന്റെ പ്രസരിപ്പും സൗന്ദര്യവും നേടാന്‍ സാധിക്കും. നാം കഴിക്കുന്ന ഭക്ഷ്യ വസ്തുകളിലെ പോഷകങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

കാണുന്ന ഭക്ഷണമെല്ലാം വാരിവലിച്ച് കഴിക്കുന്ന ശീലം ഉപേക്ഷിച്ച് ശരീരം ആവശ്യപ്പെടുന്നവ മാത്രം തിരഞ്ഞെടുക്കുക. അതില്‍ തന്നെ പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കണം. ചര്‍മസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷ്യപോഷകങ്ങളും അവയടങ്ങിയവ ഏതൊക്കെയെന്നും ഒപ്പം ചര്‍മ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പൊടിക്കൈകളും ഒന്ന് ശ്രദ്ധിക്കാം.

മാംസ്യം

എല്ലാ കോശങ്ങള്‍ക്കും അവയുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ആവശ്യമായ പോഷകമാണു മാംസ്യം. മാംസ്യങ്ങളായ കൊളാജിന്‍, ഇലാസ്റ്റിന്‍, കെരാറ്റിന്‍ തുടങ്ങിയവ ചര്‍മ സംരക്ഷണത്തിനും നഖം, മുടി എന്നിവയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. മാംസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചര്‍മത്തിന്റെ തിളക്കം കൂാന്‍ സഹായിക്കും. മുഴുധാന്യങ്ങള്‍, പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, നട്‌സ്, വിത്തുകള്‍, മുട്ട വെള്ള, മത്സ്യം, മാംസം എന്നിവ മാംസ്യത്തിന്റെ കലവറയാണ്.

വിറ്റാമിന്‍ സി

നമ്മുടെ ശരീരത്തിന് അത്യാവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. ഇതിന്റെ കുറവുമൂലം ശരീരത്തില്‍ പാടുകളും തിളക്കക്കുറവും ഉണ്ടാവുകയും ചര്‍മം ചുളിയുകയും ചെയ്യും. കുരുമുളക്, ഇലക്കറികള്‍, കിവി, പപ്പായ, നാരങ്ങ, തക്കാളി, ഓറഞ്ച് എന്നിവ വിറ്റാമിന്‍ സി ലഭിക്കുന്നതിന് സഹായിക്കും.

വിറ്റാമിന്‍ ഇ

കൊളാജന്റെ ഉല്പാദനത്തിന് സഹായിക്കുന്ന ഒരു ജീവകമാണ് വിറ്റാമിന്‍ ഇ. ഇവ വിറ്റാമിന്‍ സി യുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നു. കൂടാതെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തീവ്രത തടയുന്ന ആന്റി ഓക്‌സിഡന്റായും ഇവ പ്രവര്‍ത്തിക്കും. ബദാം, സൂര്യകാന്തി വിത്തുകള്‍, ചീര, അവോക്കാഡോ, മധുരക്കിഴങ്ങ്, ഇലക്കറികള്‍, ഹേസല്‍ നട്‌സ് എന്നിവ വിറ്റാമിന്‍ ഇയുടെ പ്രധാന സ്രോതസുകളാണ്.

സിലിക്കണ്‍

സിലിക്കണ്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നു. വാഴപ്പഴം, ഓട്‌സ്, ഉണക്കമുന്തിരി , ഗോതമ്പ്, ബീന്‍സ്, തവിടുള്ള അരി, കാബേജ്, ആപ്പിള്‍, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികള്‍ എന്നിവയില്‍ സിലിക്കണ്‍ അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിനും പൊട്ടാസ്യം വളരെയധികം അത്യാവശ്യമാണ്. പൊട്ടാസ്യം കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ സഹായിക്കുന്നു. മാത്രമല്ല ടോക്സിനുകളെ പുറന്തള്ളുന്നതിനും സഹായകമാണ്. കിവി, ആപ്രിക്കോ്, ഈന്തപ്പഴം, പഴം എന്നിവയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.



സിങ്ക്

സൗന്ദര്യസംരക്ഷണത്തിന് അത്യാവശ്യം വേണ്ട ഒന്നാണ് സിങ്ക്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. മുഖക്കുരുവും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും ഇല്ലാതാക്കി ചര്‍മത്തെ സംരക്ഷിക്കുന്നതിനു സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. മുഴുധാന്യങ്ങള്‍, ബീന്‍സ്, പയറുവര്‍ഗങ്ങള്‍, ന്യൂട്രിഷണല്‍ യീസ്റ്റ് , ബ്രോക്കോളി, ബീന്‍സ്, ചോക്കലേറ്റ്, തണ്ണിമത്തന്‍, മത്തങ്ങാക്കുരു തുടങ്ങിയവയില്‍ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.

അകം വേണം വൃത്തി

ശരീരത്തിന്റെ പുറം മാത്രമല്ല അകവും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇതു ചര്‍മത്തില്‍ കൂടുതല്‍ അഴുക്കുകള്‍ അടിഞ്ഞു കൂടുന്നതിനു കാരണമാകും.

മഗ്‌നീഷ്യം

മഗ്‌നീഷ്യം ശരീരത്തിനു വളരെയധികം അത്യാവശ്യമാണ്. ശരീരത്തെ വൃത്തിയാക്കാന്‍ സഹായിക്കുന്ന ധാതുക്കളില്‍ മുന്‍പനാണ് മഗ്‌നീഷ്യം. ഇതു ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. പഴം, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മഗ്‌നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം.

ദിവസം എട്ടു ഗ്ലാസ് വെള്ളം

ജലം മൃതസഞ്ജീവനിയാണ്. ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും ശരീരത്തെ ശുദ്ധിയാക്കാനും വെള്ളം അനിവാര്യമാണ്. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്പോള്‍ ശരീരം കൂടുതല്‍ ഉന്മേഷമാകും. വിയര്‍പ്പിലൂടെയും മറ്റും നഷ്ടപ്പെടുന്ന വെള്ളം തിരികെയെത്തുമ്പോള്‍ ശരീരം ശുദ്ധമാകും. പഴച്ചാറുകള്‍, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങ വെള്ളം തുടങ്ങിയവ ഉത്തമമാണ്.

ഇതു ശ്രദ്ധിക്കാം

* പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക. ഇതു ശരീരത്തെ തണുപ്പിക്കും. ആട്ടിന്‍പാല്‍, വെണ്ണ, കാബേജ് തുടങ്ങിയവയില്‍ ധാരാളം ഫ്‌ളൂറിന്‍ അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍ ഏതായാലും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. റെഡ്മീറ്റ് പരമാവധി ഒഴിവാക്കുക.

* പുകവലി ഹാനികരമാണ്. സൗന്ദര്യവും ഒപ്പം ആരോഗ്യവും നഷ്ടമാകും.

* പ്രഭാതരശ്മികളും പോക്കുവെയിലും ശരീരത്തിനു നല്ലതാണെങ്കിലും ബാക്കിയുള്ള സമയങ്ങളില്‍ വെയിലേല്‍ക്കുന്നത് ശരീരത്തെ മോശമായി ബാധിക്കും. ഈ വെയില്‍ നിങ്ങളുടെ ശരീരത്തിലെ കൊളാജന്‍ നശിപ്പിക്കുകയും അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേക്കു കടക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ആരോഗ്യത്തിനു മോശമാണ്.

* അതിമധുരം ആപത്താണ്. അമിതമായി മധുരം കഴിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രായം തോന്നിക്കുകയും പല അസുഖങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. അതുകൊണ്ട് അമിതമായി മധുരം കഴിക്കുന്നത് ഒഴിവാക്കുക.

* ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ചര്‍മത്തിന് അത്യാവശ്യമാണ്. ഇതിനായി ഗ്രീന്‍ ടീ കുടിക്കുകയും ഇലക്കറികള്‍ കഴിക്കുകയും ചെയ്യണം.

* കാല്‍സ്യത്തിന്റെ അളവ് ഭക്ഷണത്തില്‍ പരമാവധി കൂട്ടി വേണം ഡയറ്റിനു രൂപം വരുത്താന്‍. ഓറഞ്ച് ജ്യൂസ്, പാല്‍ ഉത്പന്നങ്ങള്‍, വലിയ മത്സ്യങ്ങള്‍ എന്നിവയുടെ ചെറിയൊരംശമെങ്കിലും ശരീരത്തില്‍ ദിവസേന എത്തേണ്ടതുണ്ട്.

* ശരീരഭാരം നിയന്ത്രിക്കുന്നതിലാണ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടത്.

* വ്യായാമം സൗന്ദര്യ വര്‍ധനവിനും അകാരവടിവിനും ആരോഗ്യത്തിനും ഉത്തമമാണ്. ദിവസേനേ അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടത്തം, ഓട്ടം, നീന്തല്‍ എന്നിവയെല്ലാം നല്ലതാണ്. ഓര്‍ക്കുക, അമിതമായി വ്യായാമം ചെയ്യുന്നത് ഹാനികരമാണ്.

* യോഗ, ധ്യാനം എന്നിവ ചര്‍മ സൗന്ദര്യത്തിനു നല്ലതാണ്.

* നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ഉറക്കം. ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെയാണ് ഒരു വ്യക്തി ഉറങ്ങേണ്ടത്. ആറു മണിക്കൂറെങ്കിലും കൃത്യമായി ഉറങ്ങാത്ത ഒരാള്‍ക്ക് ആരോഗ്യപൂര്‍ണമായ ശരീരം ഒരിക്കലും ലഭിക്കില്ല.

വാര്‍ധക്യം ഒരു സുഖമായ അനുഭൂതിയാണെങ്കിലും ആ വാര്‍ധക്യത്തിലും തങ്ങളുടെ ശരീരം സൗന്ദര്യത്തോടെയിരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. കൃത്യമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമം എന്നിവയിലൂടെ പ്രായത്തെയും ആരോഗ്യത്തെയും നമ്മുടെ കൈപ്പിടിയില്‍ നിര്‍ത്താം.



ശുഭശ്രീ പ്രശാന്ത്
ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ്, ആറ്റുകാല്‍ ദേവി ഹോസ്പിറ്റല്‍.