സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ നായകന്‍
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ നായകന്‍
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ പ്രാരംഭമായി സേവ് ദി ഡേറ്റ് മാറിയിട്ട് കാലം കുറച്ചായി. പുതിയ പരീക്ഷണങ്ങളിലൂടെ കല്യാണം കളറാക്കാനുള്ള പുതുതലമുറയുടെ ശ്രമങ്ങളാണ് സേവ് ദി ഡേറ്റുകളിലെ കൗതുകം നഷ്ടപ്പെടാതെ കാക്കുന്നത്. കല്യാണക്കുറിയുടെ റോള്‍ സേവ് ദി ഡേറ്റ് ഏറ്റെടുത്തതോടെ ഫോട്ടോഗ്രഫര്‍മാരുടെ സാധ്യതകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ചിറകുവച്ചു. വധൂവരന്മാരുടെ താല്‍പ്പര്യങ്ങളും ആഗ്രഹങ്ങളും കൂടി ചേര്‍ന്നതോടെ കല്യാണമെന്ന ചടങ്ങിനെ നയിക്കുന്നത് സേവ് ദി ഡേറ്റായി മാറി. കല്യാണം വിളിക്കാന്‍ പതിവു തെറ്റിക്കാതെ കല്യാണക്കുറികളടിക്കുന്നുണ്ടെങ്കിലും സേവ് ദി ഡേറ്റിന്റെ മോടിക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ കല്യാണക്കുറികള്‍ക്കാവുന്നില്ലെന്നതാണ് സത്യം.

വിവാഹ ക്ഷണക്കത്തില്‍ ഒരു ഫോട്ടോ കൂടി ഇരിക്കട്ടെ എന്നതില്‍ നിന്നു മാറി വിവാഹത്തിനു മുന്‍പൊരു ഫോട്ടോഷൂട്ട് നടത്തി അതുവഴി കല്യാണം ക്ഷണിക്കാം എന്ന സങ്കല്‍പ്പമാണ് സേവ് ദി ഡേറ്റ്. വ്യത്യസ്തവും ആകര്‍ഷകവുമായി സേവ് ദി ഡേറ്റ് ചിത്രീകരിക്കാന്‍ ഏതറ്റം വരെ പോകാനും വധൂവരന്മാരും ഫോട്ടോഗ്രഫര്‍മാരും തയാറായതോടെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളിലും ടൈംലൈനുകളിലും വിസ്മയങ്ങളാണ് തെളിയുന്നത്. സ്വന്തം പ്രണയകഥകള്‍ മുതല്‍ സിനിമകളുടെ സ്പൂഫുകള്‍ വരെ ഇത്തരത്തില്‍ പരീക്ഷിക്കുന്നുണ്ട്. കണ്‍സപ്റ്റുകള്‍ക്ക് പണം ചെലവഴിക്കാന്‍ വധൂവരന്മാരും പുതിയ ആശയങ്ങളുമായി ഫോട്ടോഗ്രഫര്‍മാരും മുന്നോട്ടുവന്നതോടെ സിനിമകളോടു കിടപിടിക്കാന്‍ പോന്ന സേവ് ദി ഡേറ്റുകള്‍ ഇറങ്ങിത്തുടങ്ങി.

ഗ്രാഫിക്കല്‍ ഇലസ്‌ട്രേഷന്‍

വിവാഹ സങ്കല്‍പ്പത്തിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് ഗ്രാഫിക്കല്‍ ഇലസ്‌ട്രേഷന്‍. സേവ് ദി ഡേറ്റിനാണ് പ്രധാനമായും ഗ്രാഫിക്കല്‍ ഇല്യൂസ്‌ട്രേഷന്‍ ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ പെയിന്റിംഗിലും ഓയില്‍ പെയിന്റിംഗിലും പെന്‍സില്‍ ഡ്രോയിംഗിലുമൊക്കെയായി വരച്ചെടുത്ത ചിത്രങ്ങള്‍ മാത്രം ഉപയോഗിച്ച് പോസ്റ്ററുകളും ഗ്രാഫിക്‌സിന്റെ അകമ്പടിയോടെ സംഗീത സാന്ദ്രമായ വീഡിയോകളും സേവ് ദി ഡേറ്റ് ട്രെന്‍ഡില്‍ ഇടം പിടിച്ചു കഴിഞ്ഞു.


സേവ് ദി ഡേറ്റ് തീം

സേവ് ദി ഡേറ്റ് ഫോട്ടോ പോസ്റ്ററായാലും വീഡിയോയായാലും പുതു തലമുറയ്ക്ക് തീം നിര്‍ബന്ധമാണ്. അധോലോക നായകന്മാര്‍ മുതല്‍ മേസ്തിരിപ്പണി വരെ ഫോട്ടോഗ്രഫിയുടെ തീമില്‍ ഇടംപിടിച്ചു കഴിഞ്ഞു. പന്തലിട്ടും മറ്റു വസ്തുക്കള്‍ ഉപയോഗിച്ചും മണിക്കൂറുകള്‍ നീണ്ട അധ്വാനത്തിലൂടെ വെസ്‌റ്റേണ്‍ ക്ലാസിക് സ്‌റ്റൈലില്‍ അനുയോജ്യമായ രീതിയില്‍ സെറ്റ് നിര്‍മിച്ച് നടത്തിയ ഫോട്ടോഷൂുകളും ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ തൃശൂര്‍ പൂരത്തിനിടെ ഷൂട്ട് ചെയ്ത വീഡിയോയും മുതല്‍ സിംപിളായി മേസ്തിരിപ്പണിക്കാരുടെ വേഷത്തിലും ഭാവത്തിലും ജോലിയ്ക്കിടയിലെ പ്രണയാതുര നിമിഷങ്ങള്‍ സൃഷ്ടിച്ച് നടത്തിയ ഫോട്ടോഷൂട്ട് വരെ എത്തി നില്‍ക്കുകയാണ് സേവ് ദി ഡേറ്റ്. ചില ഫോട്ടോഷൂട്ടുകളും വീഡിയോകളും വിവാദമായി വൈറലാകുന്നതിനു പിന്നാലെ പോലീസിന്റെ സദാചാര നിര്‍ദേശങ്ങളുള്‍പ്പെടുത്തിയുള്ള സേവ് ദി ഡേറ്റ് വീഡിയോകളും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. കൊറോണയും ലോക്ക് ഡൗണും മുതല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇലക്ഷന്‍ പോസ്റ്ററുകള്‍ വരെയാണ് സേവ് ദി ഡേറ്റിന് തീമായി മാറുന്നത്.


ഫോട്ടോഷൂട്ടിന് സൗകര്യമൊരുക്കി കെഎസ്ആര്‍ടിസിയും

ടിക്കറ്റിതര വരുമാനം വര്‍ധിക്കുന്നതിന്റെ ഭാഗമായി ഫോട്ടോ ഷൂട്ടുകള്‍ക്ക് ബസുകള്‍ വാടകയ്ക്കു നല്‍കുകയാണ് കെഎസ്ആര്‍ടിസി. വിവാഹം, പിറന്നാള്‍ തുടങ്ങി ആഘോഷങ്ങള്‍ക്കെല്ലാം ബസുകള്‍ വാടകയ്ക്ക് നല്‍കും. എട്ടു മണിക്കൂറിന് 4000 രൂപയാണ് നിരക്ക്. 50 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. അധിക കിലോമീറ്ററിന് പ്രത്യേകനിരക്ക് നല്‍കണം. കിഴക്കേക്കോട്ടയുടെയും പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും പശ്ചാത്തലത്തില്‍ നിര്‍ത്തിയിട്ട ഡബിള്‍ഡക്കര്‍ ബസില്‍ ഷൂട്ട് ചെയ്ത സേവ് ദി ഡേറ്റ് പോസ്റ്ററുകള്‍ വൈറലായിക്കഴിഞ്ഞു. തിരുവനന്തപുരത്തെ ഫോട്ടോഷൂട്ട് വൈറലായതോടെ അങ്കമാലി ഡിപ്പോയിലെ ഡബിള്‍ ഡക്കര്‍ ബസും സേവ് ദി ഡേറ്റ് ഫോട്ടോ ഫ്രെയിമില്‍ ഇടംപിടിച്ചു. ഇതോടെ ഫോട്ടോഷൂട്ട് കോഴിക്കോടേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍.

വീഡിയോ സേവ് ദി ഡേറ്റ്

ഫോട്ടോ ഷൂട്ടിനൊപ്പം അതിന്റെ വീഡിയോ കൂടി പുറത്തിറക്കുന്ന ട്രെന്‍ഡും സോഷ്യല്‍മീഡിയ കൈയടക്കിയിട്ട് കുറച്ചു കാലമായി. സേവ് ദി ഡേറ്റ് ഫോട്ടോ പോസ്റ്ററിനൊപ്പം സേവ് ദി ഡേറ്റ് വീഡിയോകളാണ് ഇപ്പോള്‍ വെഡ്ഡിംഗ് ഫോട്ടോഗ്രഫി ഭരിക്കുന്നത്. ആകര്‍ഷകമായ തീം സെലക്ട് ചെയ്ത് അതിനനുസരിച്ച് വീഡിയോ ഷൂട്ടിംഗും നടന്നുവരുന്നുണ്ട്. ജനപ്രിയ പരിപാടിയായ മുന്‍ഷി മുതല്‍ മെഗാഹിറ്റ് സിനിമ കെ.ജി.എഫിന്റെ ട്രെയിലര്‍ വരെ സേവ് ദി ഡേറ്റിനായി മാറ്റി ഷൂട്ടു ചെയ്ത് ഇറങ്ങിക്കഴിഞ്ഞു. പുതിയ കഥകളുണ്ടാക്കി ഷോര്‍ട്ട് ഫിലിം മാതൃകയിലും പ്രണയാതുരഗാനങ്ങളുടെ ആല്‍ബം രീതിയിലും സേവ് ദി ഡേറ്റ് വീഡിയോകള്‍ ഇറങ്ങുന്നുണ്ട്.

ആദില്‍ മുഹമ്മദ്
ഫോട്ടോകള്‍:
എന്‍ഹാന്‍സ് ഡിജിറ്റല്‍ സ്ട്രാറ്റജീസ്,
രന്‍ജിത്ത് പെരളം ഫോട്ടോഗ്രഫി,
റിസ്വാന്‍ മില്ലേനിയം