ചെമ്മീന്‍ വിഭവങ്ങള്‍
Monday, April 26, 2021 3:42 PM IST
ചെമ്മീന്‍ ചേര്‍ത്ത് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ രുചിക്കൂട്ടിലേക്ക്...
ഉണക്കച്ചെമ്മീന്‍ ചമ്മന്തി
ചേരുവകള്‍
ഉണക്കച്ചെമ്മീന്‍ - 50 ഗ്രാം
ചെറിയ ഉള്ളി - എട്ട് എണ്ണം
മുളകുപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
തയാറാക്കുന്നവിധം
ഉണക്കച്ചെമ്മീന്‍ തലയും വാലും കളഞ്ഞ് വൃത്തിയാക്കി ഒരു പാനില്‍ (എണ്ണയൊഴിക്കാതെ) വറുത്തെടുക്കുക. മിക്‌സിയുടെ ചെറിയ ജാറില്‍ ഉള്ളിയും മുളകുപ്പൊടിയും ഉപ്പും ചേര്‍ത്ത് ഒന്ന് കറക്കിയെടുക്കണം. അരഞ്ഞുപോകരുത്. അതിലേക്ക് ചെമ്മീന്‍ ഇട്ടുകൊടുത്ത് ഒന്നുരണ്ടു തവണ പൊടിക്കുക. ഇതും കൂടുതലായി പൊടിഞ്ഞുപോകരുത്. ഇത് ഒരു ബൗളിലാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കുക. ഉണക്കച്ചെമ്മീന്‍ ചമ്മന്തി റെഡി.
ചെമ്മീന്‍ സാലഡ്
ചേരുവകള്‍
ചെമ്മീന്‍ വൃത്തിയാക്കിയത് - ഒരു കപ്പ്
വെള്ളരിക്ക - ഒരെണ്ണം
കാപ്‌സിക്കം - ഒരെണ്ണം
കാരറ്റ് - ഒരെണ്ണം
സെലറി -ഒരു തണ്ട്
പച്ചമാങ്ങ -ഒരെണ്ണം
മയോണൈസ് -രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി -ഒരു ടീ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
തയറാക്കുന്നവിധം
ചെമ്മീന്‍ നന്നായി വൃത്തിയാക്കി ഉപ്പും നാരങ്ങാനീരും ചേര്‍ത്ത വെള്ളത്തില്‍ വേവിച്ചെടുക്കുക. വെള്ളമില്ലാതെ ഡ്രൈ ആക്കി എടുക്കണം. ഇത് ഒരു ബൗളില്‍ എടുത്ത് അതിലേക്ക് ചതുരകഷണങ്ങളാക്കിയ വെള്ളരിക്ക, കാരറ്റ്, കാപ്‌സിക്കം, പച്ചമാങ്ങ, സെലറി അരിഞ്ഞത് എന്നിവ കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കി അതിലേക്ക് മയോണൈസ് ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.
കൊഞ്ച് മസാല
ചേരുവകള്‍
വലിയ കൊഞ്ച് -നാല് എണ്ണം
സവാള രണ്ട് -എണ്ണം
ഉള്ളി -നാല് എണ്ണം
ഇഞ്ചി അരിഞ്ഞത് -ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് -ഒരു ടീ സ്പൂണ്‍
തക്കാളി -രണ്ട് എണ്ണം
പച്ചമുളക് -മൂന്ന് എണ്ണം
മുളകുപ്പൊടി -ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീ സ്പൂണ്‍
കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
കുടംപുളി -ഒരെണ്ണം
വെള്ളം -ആവശ്യത്തിന്

തയാറാക്കുന്നവിധം
കൊഞ്ച് നന്നായി വൃത്തിയാക്കി ഉപ്പും അല്‍പം മഞ്ഞള്‍പ്പൊടിയും കുടംപുളിയും കാല്‍ ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് ഇളക്കി അരക്കപ്പ് വെള്ളമൊഴിച്ച് വേവിക്കുക. നന്നായി തിളച്ച് അഞ്ചുമിനിറ്റ് വെന്തുകഴിയുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യണം. ഒരു പാന്‍ അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള, ഉള്ളി, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, തക്കാളി, പച്ചമുളക് എന്നീ ചേരുവകള്‍ ഉപ്പുചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നുകഴിയുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി വഴറ്റണം. ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന കൊഞ്ചിന്റെ വെള്ളം ഒഴിച്ചു തിളപ്പിക്കുക. (കുടംപുളി മാറ്റുക). തുടര്‍ന്ന് കൊഞ്ചി് ഗ്രേവി നന്നായി പിടിക്കാന്‍ തീ കുറച്ചുവച്ച് അല്പം കഴിയുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യണം. ഗ്രേവി കൊഞ്ചില്‍ പൊതിഞ്ഞിരിക്കണം.
ഉണക്കച്ചെമ്മീന്‍ മാങ്ങാക്കറി
ചേരുവകള്‍
ഉണക്കച്ചെമ്മീന്‍ -ഒരു കപ്പ്
മാങ്ങ -ഒരെണ്ണം
ഉള്ളി -നാല് എണ്ണം
പച്ചമുളക് -രണ്ട് എണ്ണം
കറിവേപ്പില -ഒരു തണ്ട്
മുളകുപ്പൊടി - രണ്ടു ടീ സ്പൂണ്‍
തേങ്ങ ചിരകിയത് -ഒരു കപ്പ്
എണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
വെളുത്തുള്ളി -രണ്ട് കഷണം
മഞ്ഞള്‍പ്പൊടി -കാല്‍ ടീ സ്പൂണ്‍
കടുക് - ഒരു ടീ സ്പൂണ്‍
തയാറാക്കുന്നവിധം
ഉണക്കച്ചെമ്മീന്‍ തലയും വാലും കളഞ്ഞ് നന്നായി വൃത്തിയാക്കി എണ്ണ ഒഴിക്കാതെ ക്രിസ്പി ആയി വറുത്തെടുക്കുക. ഇതിലേക്ക് പച്ചമുളക് കീറിയതും ഉള്ളി അരിഞ്ഞതും അല്പം മുളകുപൊടിയും വെളിച്ചെണ്ണയും ചേര്‍ത്ത് തിരുമ്മി ഉപ്പും മാങ്ങയും വെള്ളവും ചേര്‍ത്ത് തിളപ്പിക്കണം. നന്നായി തിളച്ചുകഴിഞ്ഞ് തീ കുറച്ചുവച്ച് രണ്ടു മിനിറ്റ് കഴിയുമ്പോള്‍ അതിലേക്ക് തേങ്ങയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും വെളുത്തുള്ളിയും ചേര്‍ത്ത് അരച്ചത് ചേര്‍ക്കുക. ഇത് തിളച്ച് കുറുകിക്കഴിയുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യാം. അതിലേക്ക് കടുകും ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ച് താളിക്കുക.
ചെമ്മീന്‍ തേങ്ങാക്കൊത്ത് കറി
ചേരുവകള്‍
ഇളവന്‍തേങ്ങ ചതുരത്തില്‍ അരിഞ്ഞത് - ഒരു കപ്പ്
ചെമ്മീന്‍ -ഒരു കിലോ
വെളുത്തുള്ളി അരിഞ്ഞത് -രണ്ട് ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -രണ്ട് ടേബിള്‍ സ്പൂണ്‍
മുളകുപൊടി -മൂന്ന് ടേബിള്‍ സ്പൂണ്‍
കറിവേപ്പില -രണ്ടു തണ്ട്
കുടംപുളി - മൂന്ന് എണ്ണം
കടുക് താളിക്കാന്‍
കടുക് -ഒരു ടീ സ്പൂണ്‍
ഉള്ളി -മൂന്ന് എണ്ണം
കറിവേപ്പില - ഒരു തണ്ട്
തയാറാക്കുന്നവിധം
ചെമ്മീന്‍ നന്നായി വൃത്തിയാക്കി വയ്ക്കുക. തേങ്ങ അരിഞ്ഞത് ഇഞ്ചി, വെളുത്തുള്ളി, കുടംപുളി, ഉപ്പ്, കറിവേപ്പില ഇവ ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കണം. (ഇളവന്‍ തേങ്ങ അല്ലെങ്കില്‍ കുക്കറില്‍ വേവിക്കുക). തിളയ്ക്കുമ്പോള്‍ മുളകുപൊടിയും അല്‍പം മഞ്ഞളും വെളുത്തുള്ളിയും ചേര്‍ത്ത് അരച്ചത് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. നന്നായി തിളച്ചുകഴിയുമ്പോള്‍ തീ കുറച്ചുവച്ച് ചെമ്മീന്‍ വെന്തുകഴിയുമ്പോള്‍ ഉപ്പും പുളിയും നോക്കി പാകമാണെങ്കില്‍ സ്റ്റൗ ഓഫ് ചെയ്യുക. അതിലേക്ക് കടുക് താളിക്കുക. ചാറുള്ള കറിയാണ് വേണ്ടതെങ്കില്‍ അങ്ങനെ ഉപയോഗിക്കുക. അല്ലെങ്കില്‍ കടുക് താളിച്ചതിലേക്ക് കറി ചേര്‍ത്ത് ചാറ് വറ്റിച്ച് റോസ്റ്റ് ആയി് ഉപയോഗിക്കാം.
Prawns Fry with Tartar Sauce
ചേരുവകള്‍
വലിയ ചെമ്മീന്‍ വാലു കളയാത്തത് -ആറ് എണ്ണം
വെളുത്തുള്ളി ചതച്ചത് -ഒരു ടീ സ്പൂണ്‍
നാരങ്ങാനീര് -ഒരു ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീ സ്പൂണ്‍
മൈദ -ഒരു ടീ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ -രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി -കാല്‍ ടീ സ്പൂണ്‍
മുട്ട - ഒരെണ്ണം
റൊട്ടിപ്പൊടി -മൂന്ന് ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളേക്ക്‌സ് പൊടിച്ചത് -നാല് ടേബിള്‍ സ്പൂണ്‍
എണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്നവിധം
ചെമ്മീന്‍ വാലു കളയാതെ നന്നായി വൃത്തിയാക്കി ഉപ്പും നാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് ഇളക്കി ഒരു മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം ഓരോ ചെമ്മീനും എടുത്ത് ആദ്യം കോണ്‍ഫ്‌ളോറില്‍ മുക്കണം. പിന്നെ മൈദയും കുരുമുളകും കൂടി മിക്‌സ് ചെയ്ത് വച്ചിരിക്കുന്നതിലും മുട്ടയിലും മുക്കുക. തുടര്‍ന്ന് റൊട്ടിപ്പൊടിയും കോണ്‍ഫ്‌ളേക്ക്‌സ് പൊടിച്ചതും കൂടി മിക്‌സ് ചെയ്ത് വച്ചിരിക്കുന്നതില്‍ മുക്കി എണ്ണയിലിട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കണം.
Easy Tartar Sauce
ചേരുവകള്‍
മയോണൈസ് -മൂന്ന് ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് -ഒരു ടീ സ്പൂണ്‍
വെള്ളരിക്ക ഉപ്പിലിത് അല്ലെങ്കില്‍ -ഒലിവ് ഉപ്പിലിത് (ചെറുതായി അരിഞ്ഞത്) -ഒരു ടേബിള്‍ സ്പൂണ്‍
പാഴ്‌സലി ഇല അരിഞ്ഞത് -ഒരു ടീ സ്പൂണ്‍
തയാറാക്കുന്നവിധം
ഉപ്പിലി വെള്ളരിക്ക (ഇളംപാകത്തില്‍ ചെറിയ വെള്ളരിയും ഉപ്പും വിനാഗിരിയും ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തിലിട്ട് രണ്ടാഴ്ച വച്ചത്) അല്ലെങ്കില്‍ ഒലിവ് ഇവ ചെറുതായി അരിഞ്ഞതും പാഴ്‌സലി ഇല അരിഞ്ഞതും നാരങ്ങാനീരും മയോണൈസും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ടാര്‍ടാര്‍ സോസ് റെഡി. (വീട്ടിലുണ്ടാക്കിയ മയോണൈസ് ആണെങ്കില്‍ കൂടുതല്‍ നല്ലത്).

സോജി മനോജ് പാലാത്ര
ചങ്ങനാശേരി