10 വര്‍ഷത്തിനുള്ളില്‍ 6 ജി സര്‍വീസുകള്‍ ഇന്ത്യയിലാരംഭിക്കുമെന്ന് പ്രധാനമന്ത്രി
10 വര്‍ഷത്തിനുള്ളില്‍ 6 ജി സര്‍വീസുകള്‍ ഇന്ത്യയിലാരംഭിക്കുമെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഈ ദശാബ്ദത്തിനുള്ളില്‍ത്തന്നെ 6 ജി സര്‍വീസുകള്‍ എത്തിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 6 ജിയ്ക്ക് വേണ്ടിയുള്ള ടാസ്ക് ഫോഴ്സ് ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 ജിയും 6 ജിയും അതിവേഗ ഇന്‍റർനെറ്റ് മാത്രമല്ല സാമ്പത്തിക പുരോഗതിയും തൊഴിലവസരങ്ങളും സൃഷ്ടിടിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 5 ജി ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് 450 ബില്ല്യണ്‍ യുഎസ് ഡോളര്‍ നേടിത്തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ 5 ജി നെറ്റ് വര്‍ക്ക് ഈ വര്‍ഷംതന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായുള്ള സ്പെക്ട്രം ലേലം വൈകാതെ നടക്കും.


രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ 5 ജിക്കായുള്ള തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ലേല തീയതി ഇതുവരേയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സെപ്റ്റംബറോടെ 5 ജി സേവനങ്ങളുടെ വിന്യാസം പ്രതീക്ഷിക്കാം.

ഇന്‍റർനെറ്റ് വേഗതയിലും ഡാറ്റാ ഉള്‍ക്കൊള്ളാനുള്ള ശേഷിയിലും 5 ജിയിലും മികച്ച സാങ്കേതിക വിദ്യയാണ് 6 ജിക്കുള്ളത്. ചുരുക്കത്തില്‍ വലിയ സാധ്യതകളാണ് 6 ജി എല്ലാ മേഖലയ്ക്കും പ്രത്യേകിച്ച് വ്യവസായ മേഖലയ്ക്ക് നല്‍കുക.