ആപ്പിള്‍ 13 ഇഞ്ച് മാക് ബുക്ക് പ്രൊ(2022) ബുക്കിംഗ് വെള്ളിയാഴ്ച ആരംഭിക്കും
Thursday, June 16, 2022 2:15 PM IST
എം2 ചിപ്പ് സവിശേഷതയുമായി ഇറങ്ങുന്ന ആപ്പിളിന്‍റെ പുതിയ മാക് ബുക്ക് പ്രൊയുടെ മുന്‍കൂട്ടിയുള്ള വില്‍പന 17ന് ഇന്ത്യന്‍ സമയം വൈകുന്നേരം 5.30ന് ആരംഭിക്കും. ആപ്പിളിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആപ്പിള്‍ സ്റ്റോര്‍ വഴിയും അംഗീകൃത പുനര്‍ വില്‍പ്പനക്കാര്‍ വഴിയും പുതിയ മാക് ബുക്ക് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാകും.
നിരവധി പ്രത്യേകതകളുമായാണ് ആപ്പിള്‍ 13 ഇഞ്ച് മാക് ബുക്ക് പ്രൊ(2022) വിപണിയില്‍ എത്തുന്നത്. 16 കോര്‍ ന്യൂറല്‍ എന്‍ജിനാണ് ഇതിന്‍റെ സവിശേഷതകളിലൊന്ന്. മൂന്ന് വ്യത്യസ്ത റാമിലും നാല് സ്റ്റോറേജ് സൗകര്യത്തിലുമുള്ള മാക് ബുക്കുകള്‍ കമ്പനി ഇറക്കുന്നുണ്ട്.
8ജിബി,16 ജിബി, 24 ജിബി റാമുകളും 256 ജിബി, 512 ജിബി, ഒരു ടിബി, രണ്ട് ടിബി സ്റ്റോറേജ് സൗകര്യങ്ങളുമുള്ളവയുമാണ് ഇവ. 24 ജിബി ഏകീകൃത മെമ്മറിയും രണ്ട് ടിബി വരെ സ്റ്റോറേജ് സൗകര്യവുമുള്ള മാക് ബുക്കിന് ഇന്ത്യയില്‍ 2,49,900 രൂപ വിലയാകും.
ലിക്യുഡ് റെറ്റിന ഡിസ്പ്ലേയും, സ്റ്റുഡിയോ ഗുണനിലവാരമുള്ള മൈക്കും, ഫേസ് ടൈം എച്ച്ഡി കാമറയും മാജിക് കീബോര്‍ഡും ഫോഴ്സ് ടച്ച് ട്രാക്ക് പാഡും ആപ്പിള്‍ മാക് ബുക്ക് പ്രൊ(2022)യുടെ മറ്റ് പ്രത്യേകതകളാണ്.
മികച്ച കൂളിംഗ് സിസ്റ്റം ഉള്ള മാക് ബുക്ക് പ്രൊ ഒറ്റ തവണ ചാര്‍ജിംഗില്‍ 20 മണിക്കൂര്‍ ബാറ്ററി ലൈഫും നല്‍കുന്നുണ്ട്. 720പി ഫേസ് ടൈം കാമറ, ടച്ച് ബാര്‍ തുടങ്ങി എം1 മോഡലിലുണ്ടായിരുന്ന ചില സാങ്കേതിക വിദ്യകള്‍ പുതിയ എം2 മോഡലിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1,29,900 രൂപ മുതലാണ് ആപ്പിള്‍ 13 ഇഞ്ച് മാക് ബുക്കിന്‍റെ വില ആരംഭിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള മറ്റൊരു പതിപ്പ് 1,19,900 രൂപ മുതല്‍ ലഭിക്കും. 1,667 രൂപ നിരക്കില്‍ പലിശയില്ലാതെ തവണകളായും ആവശ്യക്കാര്‍ക്ക് ആപ്പിളില്‍ നിന്ന് ഇത് സ്വന്തമാക്കാനാകും.
വെള്ളി നിറത്തിലും സ്പേസ് ഗ്രേ നിറത്തിലുമാണ് മാക് ബുക്ക് ലഭിക്കുക. ഈ മാസം 24 മുതലാണ് ആപ്പിള്‍ 13 ഇഞ്ച് മാക് ബുക്കിന്‍റെ സാധാരണ വില്‍പന ഇന്ത‍്യ ആരംഭിക്കുക.