വാട്‌സാപ് ഉപേക്ഷിച്ചാലും ചാറ്റ് ഹിസ്റ്ററി ഇനി നഷ്ടമാവില്ല?
വാട്‌സാപ് ഉപേക്ഷിച്ചാലും ചാറ്റ് ഹിസ്റ്ററി ഇനി നഷ്ടമാവില്ല?
Friday, January 29, 2021 12:17 PM IST
വാട്‌സാപിന്റെ പുതിയ സ്വകാര്യതാ നയത്തെക്കുറിച്ച് വ്യാപക പരാതി ഉയരുന്ന സാഹചര്യത്തില്‍ നിരവധി ആളുകളാണ് ലോകത്തു തന്നെ ഏറ്റവും ജനപ്രിയ ഇന്‍സ്റ്റന്റ് മേസെജിംഗ് പ്ലാറ്റ്‌ഫോം ആയ വാട്‌സാപ് ഉപേക്ഷിച്ച് മറ്റ് ആപ്പുകളിലേക്ക് മാറിയത്.

എന്നാല്‍ ഇതുവരെയുള്ള ചാറ്റ് ഹിസ്റ്ററി നഷ്ടപ്പെടുമെന്നതായിരുന്നു പലരെയും ഇതില്‍ നിന്നും പിന്‍തിരിപ്പിച്ചത്. എന്നാല്‍ ഇതിനു പ്രതിവിധിയാകുകയാണ് ടെലിഗ്രാമിന്റെ പുതിയ ഫീച്ചര്‍.



വാട്‌സാപ് അടക്കമുള്ള ഏത് ആപ്പിലെയും ചാറ്റ് ഹിസ്റ്ററി ടെലഗ്രാമിലേക്കു നീക്കാനാകുന്ന ഈ ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആന്‍ഡ്രോയ്ഡിലേക്ക് ഈ ഫീച്ചര്‍ ഉടനെ എത്തുമെന്നാണ് സൂചന.

ടെലിഗ്രാമിന്റെ ഏറ്റവും പുതിയ 7.4 വേര്‍ഷന്റെ ഐഒഎസ് പതിപ്പില്‍ മാത്രമാണ് നിലവില്‍ ഈ സേവനം നല്‍കിയിരിക്കുന്നത്.

പഴയ ചാറ്റ് ഹിസ്റ്ററി മാറ്റാനുള്ള ഈ ഫീച്ചര്‍ എത്തുന്നതോടെ കൂടുതല്‍ വാട്‌സാപ് ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമെന്ന് ടെലിഗ്രാം പ്രതീക്ഷിക്കുന്നു.


വാട്‌സാപ് ചാറ്റ് ടെലിഗ്രാമിലേക്കു മാറ്റുന്ന വിധം

വാട്‌സാപ് ചാറ്റ് ടെലിഗ്രാമിലേക്കു ഇംപോര്‍ട്ട് ചെയ്യുന്നതിന് രണ്ട് ആപ്പുകളുടെയും ഏറ്റവും പുതിയ വേര്‍ഷന്‍ ആവശ്യമാണ്. ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യുക.

സ്‌റ്റെപ്പുകള്‍

വാട്‌സാപ് മെസഞ്ചര്‍ തുറക്കുക.
ഇംപോര്‍ട്ട് ചെയ്യേണ്ട ചാറ്റ് ഓപ്പണ്‍ ചെയ്യുക.
മുകളിലായി കാണുന്ന മൂന്ന് ഡോട്ട്‌സില്‍ ക്ലിക് ചെയ്ത് ഇംപോര്‍ട്ട് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
ഇവിടെ കാണുന്ന വിത്തൗട്ട് മിഡിയ ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
ടെലഗ്രാം ആപ്പ് തെരഞ്ഞെടുക്കുക.
ഇവിടെ തെരഞ്ഞെടുത്തിരിക്കുന്ന ചാറ്റ് സേവ്ഡ് മെസേജ് ആയി കാണാനാകും.

ഈ മെസേജുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയോ മൊബൈലിലേക്ക് സേവ് ചെയ്തു സൂക്ഷിക്കുകയോ ചെയ്യാന്‍ സാധിക്കും.

ഇവിടെയുള്ള ഒരു പ്രധാന പ്രശ്‌നം ഓരോ ചാറ്റിനുമാത്രമായാണ് ഇംപോര്‍ട്ട് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത് എന്നതാണ്. എല്ലാ ചാറ്റുകളും ഒരുമിച്ച് ഇംപോര്‍ട്ട് ചെയ്യാനുള്ള സൗകര്യം നിലവിലില്ല.

എന്തായാലും ഈ ഫീച്ചര്‍ എത്തുന്നതോടെ കൂടുതല്‍ ആളുകള്‍ വാട്‌സാപ് വിട്ട് ടെലഗ്രാമിലേക്കു ചേക്കേറുമെന്നാണ് ടെലഗ്രാമിന്റെ പ്രതീക്ഷ.