ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിൽ തൃപ്തിയെന്നു പ്രോസിക്യൂഷൻ
1549646
Tuesday, May 13, 2025 6:45 PM IST
തിരുവനന്തപുരം: കേഡൽ ജീൻസണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതിൽ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷൻ. ജീവപര്യന്തത്തിനൊപ്പം വീടിനു തീ വച്ചതിനു ഏഴു വർഷത്തെ കഠിന തടവും തെളിവ് നശിപ്പിച്ചതിന് അഞ്ചു വർഷം തടവുമാണ് വിധിച്ചിട്ടുള്ളതെന്നും ഈ രണ്ടു തടവുകളും ചേർത്തിട്ടുള്ള 12 വർഷത്തെ ശിക്ഷ ആദ്യം തന്നെ അനുഭവിക്കണമെന്നുമുള്ള കോടതി വിധി ഏറെ തൃപ്തി നല്കുന്നതുമാണെന്നു പ്രോസിക്യൂട്ടർ അഡ്വ. ദിലീപ് സത്യൻ പറഞ്ഞു.
ശിക്ഷാ കാലാവധി കഴിഞ്ഞു മാത്രമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂ. ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിച്ചില്ലെങ്കിൽ 30 വർഷത്തോളം കേഡലിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അഡ്വ. ദിലീപ് സത്യൻ പറഞ്ഞു.
അർഹിക്കുന്ന ശിക്ഷ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ഇ.ബൈജുവും പറഞ്ഞു. 12 വർഷം തടവിനു ശേഷം മാത്രമേ ജീവപര്യന്തം തുടങ്ങൂ എന്നത് ഏറെ സ്വാഗതാർഹമാണെന്നും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ കോഴിക്കോട് റൂറൽ എസ്പിയുമായ കെ.ഇ. ബൈജു പറഞ്ഞു.