നിർമാണം കഴിഞ്ഞിട്ട് ആറുമാസം; പാർക്കിലെ കോഫി ഷോപ്പ് അടഞ്ഞുതന്നെ
1549471
Saturday, May 10, 2025 6:39 AM IST
പേരൂര്‍ക്കട: നിർമാണം പൂര്‍ത്തീകരിച്ച് ആറുമാസം പിന്നിട്ടിട്ടും കോഫി ഷോപ്പ് തുറന്നു കൊടുക്കുന്നില്ല. പൂജപ്പുര ജംഗ്ഷനില്‍ ഭഗത്സിംഗ് പാര്‍ക്കിനുള്ളില്‍ സ്ഥാപിച്ച കോഫി ഷോപ്പാണ് അടഞ്ഞുകിടക്കുന്നത്.
ആറുമാസത്തിനു മുന്‍പ് പാർക്ക് നവീകരിച്ചപ്പോഴാണ് ഇവിടെ കോഫീഷോപ്പ് നിർമിച്ചത്. കുട്ടികൾക്കായുള്ള കളിക്കോപ്പുകളും വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും വിശാലമായ മണ്ഡപവും നിർമിച്ചിട്ടുണ്ട്. ടോയ്ലെറ്റുകള് ഉള്‍പ്പെടെയുള്ളവയും നവീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലുള്ളതാണ് പാര്‍ക്കും കോഫി ഷോപ്പും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കോഫി ഷോപ്പ് ഉടന്‍ തുറന്നുനല്കണമെന്നു വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ഇനിയും നടപ്പാക്കപ്പെട്ടിട്ടില്ല.
പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടുംവിധം കോഫി ഷോപ്പ് ഉടന്‍ തുറന്നുനല്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു പൂജപ്പുര ചാടിയറ റസി. അസോസിയേഷന് പ്രസിഡന്റ് കെ. ശശികുമാര്‍ ആവശ്യപ്പെട്ടു.