അനധികൃത പന്നിഫാമുകളിൽ പരിശോധന
1549484
Saturday, May 10, 2025 6:54 AM IST
പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിലെ അനധികൃത പന്നിഫാമുകളിൽ പഞ്ചായത്ത് ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ പരിശോധന. എട്ട് ഫാമിൽ പരിശോധന നടത്തിയ സംഘം പന്നികളെ പിടികൂടി കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട്സ് അധികൃതർക്ക് കൈമാറി.
70ലേറെ പന്നികൾ ഉള്ള അനധികൃതമായി പ്രവർത്തിക്കുന്ന പൊന്നെടുത്തകുഴി വാർഡിലെ ഫാമിൽ കോടതി ഉത്തരവുള്ളതിനാൽ പന്നികളെ പിടികൂടാൻ സാധിച്ചില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കാട്ടാക്കട താലൂക്കിലെ പൂവച്ചൽ പഞ്ചായത്തിൽ അടക്കം പ്രവർത്തിക്കുന്ന അനധിക്യത പന്നിഫാമുകൾ അടച്ചുപൂട്ടാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
ആർഡിഒ, കലക്ടർ, ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ് തുടങ്ങി ബാലാവകാശ കമ്മിഷൻ വരെ പഞ്ചായത്തിലെ അനധികൃത ഫാമുകൾക്കെതിരേ കർശന നടപടി നിർദേശിച്ചിരുന്നു. പല വട്ടം ഫാമുകളിൽ പരിശോധന നടത്തി പന്നികളെ പിടികൂടിയെങ്കിലും അനധികൃതമായി പ്രവർത്തിക്കുന്ന ഫാമുകളുടെ പ്രവർത്തനം നിർത്തലാക്കാൻ അധികൃതർക്കായില്ല.