ആംബുലൻസ് മറിഞ്ഞ് യുവാവ് മരിച്ചു
1549367
Saturday, May 10, 2025 2:57 AM IST
വെള്ളറട: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സ് മറിഞ്ഞ് വീണ്ടും പരിക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. കോവില്ലൂര്‍ ലീലാവിലാസത്തില്‍ ഡാനി കെ. സാബു (38) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നെട്ട ശങ്കരന് കടവിലായിരുന്നു അപകടം. സവാരി കഴിഞ്ഞ് ലോറി കുലശേഖരത്ത് പാർക്ക് ചെയ്തശേഷം ബൈക്കില്‍ കോവില്ലൂര്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ശങ്കരന് കടവിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ ഡാനിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.
തുടര്‍ന്ന് ആംബുലന്‍സില്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ പനച്ചമൂട്ടില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് റോഡുവക്കില്‍ കിടന്ന മറ്റൊരു ആംബുലന്‍സിനെ മറികടക്കുന്നതിനിടെ ഡാനിയുമായെത്തിയ ആംബുലന്‍സ് റോഡില്‍ മറിയുകയായിരുന്നു.
വീണ്ടും പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഡാനിയെ കാരക്കോണം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെ മരിച്ചു. സാബു കുര്യന്റെയും അനിലാ സാബു കുര്യന്റെയും മകനാണ്. സഹോദരങ്ങള്‍: ഡോണ്‍ കെ. സാബു, ഷീന കെ. സാബു.