മെഡിക്കല്‍ കോളജിൽ മോഷണം പതിവ്
1549470
Saturday, May 10, 2025 6:39 AM IST
മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഇരുചക്ര വാഹനങ്ങളും മൊബൈല്‍ഫോണുകളും പണവും കവര്‍ച്ച ചെയ്യപ്പെടുന്നത് സ്ഥിരം സംഭവമാകുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇവിടെ നടന്ന കവര്‍ച്ചയുടെ ഏകദേശ കണക്ക് ആരെയും ഞെട്ടിക്കുന്നതാണ്.
10-ഓളം ഇരുചക്ര വാഹനങ്ങളും ഏകദേശം 20 മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിക്കപ്പെട്ടത്. ഇതുകൂടാതെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം നഷ്ടപ്പെട്ട സംഭവങ്ങളും നിരവധിയാണ്.
10 പേര് ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകുമ്പോള്‍ അതില്‍ പരാതി നല്കാന് ഒരാള്‍പോലും തയാറാകാത്തതാണ് മോഷ്ടാക്കള്‍ക്ക് അനുഗ്രഹമാകുന്നത്. പാവപ്പെട്ടവരുടെ ആതുരാലയമായ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് എത്തുന്നത്. ഇവര്‍ക്ക് സഹായികളായി എത്തുന്ന കൂട്ടിരിപ്പുകാരുടെ വസ്തുവകകളാണ് മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്.
സുരക്ഷാജീവനക്കാര്‍ ഈ ഭാഗത്ത് വളരെ കുറവാണ്. ഇവരുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തി മടങ്ങാന്‍ വിരുതുള്ളവര്‍ മാത്രമേ ഇവിടെ കവര്‍ച്ചയ്ക്ക് എത്താറുള്ളൂ. പുതിയ കെട്ടിടം കെട്ടാനെന്ന പേരില്‍ സൂപ്പര്സ്പെഷ്യാലിറ്റിക്കു സമീപത്തുനിന്നുള്ള 16, 17, 18, 19 എന്നീ വാര്‍ഡുകളിലുള്ള രോഗികളെക്കൂടി ഇപ്പോള്‍ 14, 28 തുടങ്ങിയ വാര്‍ഡുകളിലേക്ക് എത്തിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു.
അതുകൊണ്ടുതന്നെ വാര്‍ഡുകളില്‍ രോഗികള്‍ തിങ്ങിഞെരുങ്ങിയാണ് കഴിഞ്ഞുവരുന്നത്. ഇത് മോഷ്ടാക്കള്‍ക്ക് കൂടുതല്‍ അനുഗ്രഹമാകുന്നു. സുരക്ഷാജീവനക്കാരുടെ ശക്തമായ സാന്നിദ്ധ്യം രാത്രി ഒൻപതു പിന്നിടുന്നതോടുകൂടി കുറയുന്നു. വാര്‍ഡുകളിലേക്ക് എളുപ്പത്തില്‍ എത്താമെന്നതും പണമോ മൊബൈലോ കൈക്കലാക്കി ഈസിയായി രക്ഷപ്പെടാമെന്നതുമാണ് കവര്‍ച്ചകള്‍ വര്‍ദ്ധിച്ചുവരാന്‍ കാരണമെന്നാണു സൂചന. വാഹനപാര്‍ക്കിംഗ് സ്ഥലങ്ങളില്‍ എപ്പോഴും തിരക്കാണ്.
ആരാണ്, എപ്പോഴാണ് വാഹനം എടുത്തുകൊണ്ടു പോകുന്നതെന്ന് ശ്രദ്ധിക്കാന്‍ നാമമാത്രമായുള്ള സുരക്ഷാജീവനക്കാര്‍ക്ക് സാധിക്കാറില്ല. കൂടുതല്‍ സുരക്ഷാജീവനക്കാരെ നിയമിച്ചും സിസിടിവി കാമറകള്‍ വ്യാപകമായി സ്ഥാപിച്ചും കവര്‍ച്ചകള്‍ക്ക് അറുതിവരുത്താന്‍ അധികൃതര്‍ തയാറാകണമെന്നതാണ് ആവശ്യം.