ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു
1549366
Saturday, May 10, 2025 2:57 AM IST
പാറശ്ശാല: കാരോട് മുക്കോല ബൈപ്പാസില്‍ ടൂറിസ്റ്റ് ബസ് ബൈക്കിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. വെള്ളറട കൂതാളി കരിപ്പുവാലി റോഡരികത്ത് വീട്ടില്‍ ഷാജിയുടെയും സിന്ധുവിന്റെയും മകന് സോനു റസല്‍ (17) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 8.30 ന് കാരോട് മുക്കോല ബൈപ്പാസില്‍ കീഴ്മാങ്കത്തിന് സമീപത്തായിരുന്നു അപകടം. സോനു റസലും സുഹൃത്ത് സോളമനും വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഇരുചക്ര വാഹനത്തില്‍ പാറശാലയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് വരുമ്പോഴായിരുന്നു ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നില്‍ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിന്നില്‍ ഇരുന്ന സോനു റസല്‍ റോഡിലേക്ക് തെറിച്ച് വീണു. അപകടശബ്ദം കേട്ട് ഓടി കൂടിയ പ്രദേശവാസികള്‍ സോനുവിനെയും സോളമനെയും പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സോനുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഗുരുതരമായി പരിക്കേറ്റ സോളമനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സോനു വെള്ളറട വിപിഎംഎ ച്ച്എസ് ലെ പ്ലസ് ടു വിദ്യാർഥിയാണ്.