അരുവിക്കര കുമ്മിയിൽ മാലിന്യംതള്ളൽ രൂക്ഷം
1549665
Tuesday, May 13, 2025 6:49 PM IST
അരുവിക്കര: പഞ്ചായത്തിലെ കുമ്മിയില്‍ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. കുമ്മി ജലവിതരണ കേന്ദ്രം, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ അഥോറിറ്റിയുടെ 11 കെവി സബ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപത്തെ വിവിധ സ്ഥലങ്ങളിലാണ് ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്. ഇവിടങ്ങളിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽനിന്നും മഴ പെയ്യുമ്പോൾ മലിനജലം ഒലിച്ചിറങ്ങുന്നത് സമീപത്തെ കരമന ആറ്റിലേക്കാണ്. പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും നിറച്ചു കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങളടങ്ങുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ രാത്രി കാലങ്ങളിൽ വാഹനങ്ങളിലെത്തിച്ചാണ് പ്രദേശത്ത് തള്ളുന്നത്. കാടുപിടിച്ചു കിടക്കുന്ന കുമ്മി പ്രദേശം പകൽ സമയത്തുപോലും വിജനമാണ്. പേരൂർക്കട, വട്ടിയൂർക്കാവ്, കരകുളം, കാച്ചാണി എന്നിവിടങ്ങളിലുള്ളവർ അരുവിക്കര, വെള്ളനാട് എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ യാത്ര ചെയ്യുന്നത് ഇതുവഴിയാണ്.
മാലിന്യങ്ങളിൽനിന്നുള്ള ദുർഗന്ധം യാത്രക്കാർക്ക് അസഹനീയമായി. മാലിന്യങ്ങൾ തിന്നാനെത്തുന്ന തെരുവ്നായ്ക്കൾ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കുടിവെള്ളം പമ്പ് ചെയ്യന്ന കുമ്മിയിലെ കരമനയാറ്റില്‍ തെരുവു നായ്ക്കള്‍ മാംസാവശിഷ്ടങ്ങളടങ്ങുന്ന മാലിന്യങ്ങൾ കടിച്ചു വലിച്ചിടുന്നതു കാരണം കുടിവെള്ളവും മലിനമാകുന്നുണ്ട്. കുമ്മിയിൽ സ്ഥിരമായി മാലിന്യം തള്ളിയിരുന്ന കാടുപിടിച്ചു കിടന്ന സ്ഥലത്ത് ആധുനിക രീതിയിൽ 'വാക്ക് വേ' നിർമിച്ചതോടെ സമീപ സ്ഥലങ്ങളിലാണ് ഇപ്പോൾ മാലിന്യം തള്ളൽ വ്യാപകമായിരിക്കുന്നത്. പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളൽ തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.