ജൂണിയർ അഭിഭാഷകയ്ക്കു സീനിയറിന്റെ ക്രൂരമർദനം
1549647
Tuesday, May 13, 2025 6:45 PM IST
തിരുവനന്തപുരം: ജൂണിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ അതിക്രൂരമായി മർദിക്കുകയും ഓഫീസിനുള്ളിൽ അടിച്ചു വീഴ്ത്തുകയും ചെയ്തു. മുഖത്തു ക്രൂരമായി മർദനമേറ്റു വഞ്ചിയൂർ കോടതിക്കു സമീപമുള്ള ഓഫീസിൽ കുഴഞ്ഞു വീണ അഭിഭാഷക പാറശാല കരുമാനൂർ കോട്ടുവിള പുതുവൽ പുത്തൻവീട്ടിൽ ശ്യാമിലി ജസ്റ്റിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തെ തുടർന്നു മുഖത്തു നേരിയ പൊട്ടലേറ്റ ശ്യാമിലിയെ വിദഗ്ധ ചികിത്സയ്ക്കായി വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
അതിക്രൂര മർദനവുമായി ബന്ധപ്പെട്ടു വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ പൂന്തുറ ദാസ് ഭവനിൽ വൈ. ബെയ്ലിൻ ദാസിനെതിരേ വഞ്ചിയൂർ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.30നോടെ വഞ്ചിയൂർ കോടതിക്കു സമീപമുള്ള ബെയ്ലിൻ ദാസിന്റെ ഓഫീസിലായിരുന്നു സംഭവം.
സംഭവം സംബന്ധിച്ചു പോലീസ് പറയുന്നത്: കഴിഞ്ഞ മൂന്നര വർഷമായി ശ്യാമിലി, ബെയ്ലിൻ ദാസിന്റെ ജൂണിയറായി ജോലിനോക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ശ്യാമിലിയോട് ഇനി ഓഫീസിലേക്കു വരേണ്ടതില്ലെന്നു പറഞ്ഞു. പിന്നീട് വെള്ളിയാഴ്ച വിളിച്ച് ഓഫീസിൽ എത്താൻ നിർദേശിച്ചു. ഇതേത്തുടർന്ന് ഇവർ തിങ്കളാഴ്ച വക്കീൽ ഓഫിസിലെത്തി. ഇന്നലെ രാവിലെ കോടതിയിൽ ഹിയറിംഗ് കഴിഞ്ഞ് ഉച്ചയോടെ വക്കീൽഓഫീസിലെത്തിയ ഇവർ തന്നോടു ഓഫീസിൽ വരേണ്ടെന്നു പറയാനുള്ള കാരണമെന്തെന്നു ബെയ്ലിൻ ദാസിനോടു ചോദിച്ചു. ഇതുമായി ബന്ധപ്പെട്ടു ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ ബെയ്ലിൻ ദാസ് ശ്യാമിലിയുടെ മുഖത്ത് അടിച്ചു.
തുടർച്ചയായ മർദനത്തെ തുടർന്ന് ഇവർ താഴെ വീഴുകയായിരുന്നു. തുടർന്ന് മറ്റ് അഭിഭാഷകർ ചേർന്ന് ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ ഇവരുടെ മുഖത്തെ എല്ലിനു നേരിയ പൊട്ടലുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു.
ആറു മാസം പ്രായമുള്ള കുട്ടിയുള്ളതിനാൽ ശ്യാമിലി ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലേക്കു മടങ്ങി. വിദഗ്ധ ചികിത്സയ്ക്കായി ഇന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തും.
ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ജൂണിയർ അഭിഭാഷകയെ മർദിച്ച വൈ. ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. വിശദ അന്വേഷണത്തിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.