മഹിളാ കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
1574030
Tuesday, July 8, 2025 6:29 AM IST
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മന്ത്രി വീണാ ജോര്‍ജ് രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
പോലീസുമായുള്ള ഉന്തിലും തള്ളിലും മൂന്നു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ബാരിക്കേഡിനു മുകളില്‍ കയറി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു.
രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. സെക്രട്ടേറിയറ്റിനു മുന്നില്‍ സമാധാനപരമായി ആരംഭിച്ച മാര്‍ച്ച് പെട്ടെന്ന് അക്രമാസക്തമായി. ഒരു പ്രവര്‍ത്തകയെ പോലീസ് ഷീല്‍ഡ് ഉപയോഗിച്ച് മര്‍ദിച്ചെന്ന് ആരോപിച്ചാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നാലെ ഏതാനും പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറി പ്രതിഷേധിച്ചു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. മാര്‍ച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് ഉദ് ഘാടനം ചെയ്തു. മന്ത്രി വീണാ ജോര്‍ജ് രാജിവച്ച് വാര്‍ത്ത വായിക്കാന്‍ പോകുകയോ സീരിയലില്‍ അഭിനയിക്കാന്‍ പോകുകയോ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി വി.എന്‍. വാസവന് പരിചയ സമ്പന്നനായ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും അദ്ദേഹം എന്തിനാണു വീണമീട്ടുന്നതിന് അനുസരിച്ച് ആടുന്നതെന്നും മുരളീധരന് ചോദിച്ചു. വീട്ടിലും മന്ത്രിസഭയിലുമുള്ള രണ്ടു വീണമാര്‍ മുഖ്യമന്ത്രി പിണറായി വിജയനു ബാധ്യതയാണ്. അമേരിക്കയിലെ മയോ ക്ലിനിക് കേരള സര്‍ക്കാരിന്റെ വകയായതുകൊണ്ടാണോ മുഖ്യമന്ത്രി അവിടെ ചികിത്സയ്ക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു.
ആരോഗ്യ രംഗത്തെ മോര്‍ച്ചറിയിലാക്കിയ വീണാ ജോര്‍ജ് കേരളത്തിന് അപമാനമാണെന്നു മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി പറഞ്ഞു. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കേണ്ട മന്ത്രി മൂന്നുദിവസം ഒളിവിലായിരുന്നു. മരണമടഞ്ഞ ബിന്ദുവിന്റെ വീട്ടില്‍ സ്വകാര്യ കാറില്‍ കൊച്ചുവെളുപ്പാന്‍ കാലത്തു ഡിവൈഎഫ്ഐ ഗുണ്ടകളുടെ അകമ്പടിയോടെയാണു മന്ത്രി പോയതെന്നും അവര്‍ കുറ്റപ്പെടുത്തി. മഹിള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ആര്. ലക്ഷ്മി, രജനി രമാനന്ദ്, വി.കെ. മിനിമോള്‍, യു. വഹീദ തുടങ്ങിയവര്‍ നേതൃത്വം നല്കി.