ടാങ്ക് ശുചീകരണവും വാല്‍വ് മാറ്റിസ്ഥാപിക്കലും; കുടിവെള്ളം മുടങ്ങി
1574027
Tuesday, July 8, 2025 6:28 AM IST
പേരൂര്‍ക്കട: വാട്ടര്‍ അഥോറിറ്റി സെക്ഷന്‍ പരിധിയില്‍ ലോ അക്കാഡമിക്കു സമീപത്തെ കുടിവെള്ള ടാങ്കിന്റെ ശുചീകരണവും കുടപ്പനക്കുന്നിലെ വാല്‍വ് മാറ്റിസ്ഥാപിക്കലും മൂലം പേരൂര്‍ക്കടയില്‍ കുടിവെള്ള വിതരണം മുടങ്ങി.
സെക് ഷന് പരിധിയില്‍ നിന്നു ജലം വിതരണം ചെയ്യുന്ന ഊന്നംപാറ, പൂമല്ലിയൂര്‍ക്കോണം, കുടപ്പനക്കുന്ന്, സിവില്സ്റ്റേഷന് റോഡ്, ഇരപ്പുകുഴി, എംഎല്‍എ റോഡ്, പാതിരിപ്പള്ളി, ഇളയമ്പള്ളി, മഠത്തുനട തുടങ്ങിയ ഭാഗങ്ങളിലാണ് ഇന്നലെ രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ കുടിവെള്ള വിതരണം പൂര്‍ണമായും തടസപ്പെട്ടത്.
അതേസമയം ഇതുസംബന്ധിച്ച് വാട്ടര്‍ അഥോറിറ്റി മുന്‍കൂട്ടി അറിയിപ്പ് നല്‍കാത്തത് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു. ഉടന്‍ കുടിവെള്ളം എത്തുമെന്നു കരുതി വീടുകളിലെ ടാങ്കുകളില്‍ കരുതിയിരുന്ന വെള്ളം ഉപയോഗിച്ചു തീര്‍ത്തവര്‍ക്കു ദൂരെസ്ഥലങ്ങളില്‍ നിന്നു വെള്ളം കൊണ്ടുവരേണ്ടി വന്നു. വാട്ടര്‍ അഥോറിറ്റി പേരൂര്‍ക്കട സെക്ഷന്‍ പരിധിയില്‍ മുന്‍കൂട്ടി അറിയിപ്പില്ലാതെ കുടിവെള്ളം ഇടയ്ക്കിടെ മുടങ്ങുന്നുണ്ടെന്നും ഇതു സംബന്ധിച്ച് അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ കിട്ടാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.