പാസ് ദുരുപയോഗം: കടത്തിയ തടികൾ പിടികൂടി
1587925
Saturday, August 30, 2025 7:07 AM IST
പാലോട്: പാലോട് റേഞ്ചിന്റെ പരിധിയിൽ പാസ് ദുരുപയോഹം ചെയ്ത് തേക്കിൻ തടികൾ കടത്തിയ ലോറിയും തടികളും വനം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കോന്നി റെയിഞ്ച് ഓഫീസർ ഒപ്പിട്ട പാസ് ഉപയോഗിച്ച് ഒന്നിലധികം തവണ വിവിധ സ്ഥലങ്ങളിൽ നിന്ന് തടി കടത്താൻ ശ്രമിച്ച സംഘത്തെയാണ് പിടികൂടിയത്.
കോന്നി കുമ്മന്നൂർ ഭാഗത്തുനിന്ന് വെള്ളറടയിലേക്ക് തടി കടത്താൻ കോന്നി റെയിഞ്ച് ഓഫീസിൽനിന്ന് നൽകിയ പാസ് ഉപയോഗിച്ചാണ് മറ്റു സ്ഥലങ്ങളിൽ നിന്ന് തടി കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ലോറി ഡ്രൈവർ ആയ നെയ്യാറ്റിൻകര ആനാവൂർ മണ്ണടി കോണത്ത് റോഡരികത്ത് വീട്ടിൽ അഖിലിനെയും കടത്താൻ ഉപയോഗിച്ച ലോറിയും, 70 തേക്കിൻ തടികളും കച്ചടിയിലെടുത്തു കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഉരുളൻ തടികൾ വ്യാജ പാസുകൾ ഉപയോഗിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്നുവെന്ന് കേരള തടിമിൽ അസോസിയേഷൻ വനം മന്ത്രിക്ക് പരാതി നൽകിയിരുന്നു. പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ. വി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബാബു, ബിജു, ഫോറസ്റ്റ് വാച്ചർ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ലോറിയും തടിയും പിടികൂടിയത്.