ഉള്ളൂരില്‍ ഒരുമാസമായി കുടിവെള്ളമില്ല
1587927
Saturday, August 30, 2025 7:07 AM IST
മെഡിക്കല്‍കോളജ്: ഉള്ളൂരില്‍ ഒരുമാസമായി കുടിവെള്ളമില്ലെന്നു പരാതി. കൊച്ചുള്ളൂര്‍, പോങ്ങുമ്മൂട് എന്നിവിടങ്ങളിലെ 120 ലേറെ കുടുംബങ്ങളായി വെള്ളം കിട്ടാതെ വലയുന്നത്. രാത്രി സമയത്ത് പ്രഷര്‍ കൂടുമ്പോള്‍ മാത്രം നൂല്‍വണ്ണത്തില്‍ വെള്ളം ലഭിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഈ ഭാഗത്തേക്ക് കടന്നുവരുന്ന എസി പൈപ്പിലെ അടവാണ് പ്രശ്നത്തിനു കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വാട്ടര്‍ അഥോറിറ്റി പോങ്ങുമ്മൂട് സെക്ഷന്‍ പരിധിയിലുള്ള സ്ഥലമാണ് ഇവിടം.
പൈപ്പിലെ അടവ് കണ്ടുപിടിക്കാനും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പ്രശ്നം സംബന്ധിച്ച് വാട്ടര്‍ അഥോറിറ്റിക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. റോഡ് ഉപരോധം ഉള്‍പ്പെടെയുളള സമരമാര്‍ഗങ്ങളിലേക്കു തിരിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതിനിടെ ഉള്ളൂരില്‍ സ്വകാര്യാശുപത്രിക്കു സമീപത്തെ പ്രിമോ പൈപ്പ് വീണ്ടും പൊട്ടിയതോടെ റോഡ് വെള്ളക്കെട്ടായി മാറിയിട്ടുണ്ട്. മെഡിക്കല്‍കോളജിലേക്കും പോങ്ങുമ്മൂട്ടിലേക്കുമുള്ള പൈപ്പുകളാണ് പൊട്ടിയതെന്നാണു സൂചന. ഈ ഭാഗത്ത് അറ്റകുറ്റപ്പണി കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടതേയുള്ളൂ.