വെട്ടുകാട് അടച്ചിട്ട വീട്ടില്‍നിന്നും 11 പവന് കവര്‍ന്നെന്നു പരാതി
1587640
Friday, August 29, 2025 6:18 AM IST
വലിയതുറ: വലിയതുറ പോലീസ് സ്റ്റേഷന് പരിധിയില്‍ വയോധികരായ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീടു കുത്തിത്തുറന്ന് 11 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വെട്ടുകാട് ഓള്‍സെയിന്റ്സ് ചര്‍ച്ച് റോഡിനുസമീപം സുരേന്ദ്രന്-സാവിത്രി ദമ്പതിമാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം സാവിത്രിയും ഭര്‍ത്താവും വീടുപൂട്ടി ബാങ്കില്‍ പോയിരുന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ അടുക്കള വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടു. എന്നാല്‍ വാതില്‍ അടയ്ക്കാന്‍ മറന്നതാകാമെന്നു കരുതി തുടര്‍ പരിശോധനകള്‍ നടത്തിയില്ല. ദിവസങ്ങള്‍ കഴിഞ്ഞ് ആഭരണം എടുക്കാനായി മുറിയിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
24 ഗ്രാം വീതമുള്ള രണ്ടു മാലകളും 40 ഗ്രാമിന്റെ ഒരുമാലയുമാണ് നഷ്ടമായത്. ദമ്പതികള്‍ വീടുപൂട്ടി പോകുന്നതിനു മുമ്പ് മോഷ്ടാവു വീടിനുള്ളില്‍ കയറി പതുങ്ങിയിരുന്ന ശേഷം കവര്‍ച്ച നടത്തിയതാകാമെന്നാണു വീട്ടുകാരുടെ സംശയം. കവര്‍ച്ച നടന്നതായി കാണിച്ചു വീട്ടുടമ വലിയതുറ പോലീസില്‍ പരാതി നല്കി.