മുല്ലച്ചിറ, പേരയം റോഡുകൾ പൊട്ടിപ്പൊളിഞ്ഞു; യാത്രക്കാർ ദുരിതത്തിൽ
1587413
Thursday, August 28, 2025 7:17 AM IST
വിതുര: പഴകുറ്റി-പൊന്മുടി റോഡ് നിർമാണത്തിന്റെ ഭാഗമായി ചിറ്റാർ പാലം പുതുക്കിപ്പണിയുന്നതിനാൽ ഗതാഗതം തിരിച്ചുവിട്ട രണ്ടു റോഡുകൾ പൊട്ടിപ്പൊളിഞ്ഞു. മുല്ലച്ചിറയിൽനിന്നു രണ്ടായി തിരിയുന്ന റോഡുകളാണു ശോച്യാവസ്ഥയിലായത്.
ഇരുചക്ര വാഹനങ്ങൾക്കു വേണ്ടി ശാന്തിനഗറിൽനിന്നു തിരിയുന്ന വഴി വീതിയില്ലാത്തതും കുണ്ടും കുഴിയും നിറഞ്ഞതാണ്. ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. കെഎസ്ആർടിസി ബസുകൾ ഉൾപ്പടെ കടന്നു പോകുന്ന മുല്ലച്ചിറ പേരയം റോഡും തകർന്ന അവസ്ഥയിലാണ്.
അവധി ദിവസങ്ങളിൽ നിരവധി വിനോദ സഞ്ചാരികൾ പൊന്മുടിയിലേക്ക് പോകുന്ന പാതയാണിത്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കുണ്ടും കുഴിയും നിറഞ്ഞത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. സ് കൂൾ വാഹനങ്ങൾ ഉൾപ്പടെ കടന്നു പോകുന്ന വഴികൾ അടിയന്തിരമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.