സഞ്ചാരികളെ കാത്ത് സൂര്യകാന്തി പൂപ്പാടം...!
1587142
Wednesday, August 27, 2025 8:10 AM IST
തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിലെ പൂപ്പാടങ്ങൾ തേടിയുള്ള യാത്രകൾക്ക് ഇനി വിട പറയാം..വർണാഭമായ സൂര്യകാന്തി പ്പാടം ഒരുക്കി തലസ്ഥാന ജില്ല സഞ്ചാരികളെ കാത്തിരിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ മേനംകുളം തുമ്പ സെന്റ് സേവിയേഴ്സ് കോളജ് വളപ്പിലാണ് അതിമനോഹരവും വിസ്തൃതവുമായ സൂര്യകാന്തി പാടം ഒരുങ്ങിയിരിക്കുന്നത്.
വർണ പ്രപഞ്ചം സൃഷ്ടിച്ച പൂങ്കാവനം സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. 2022-ലെ സംസ്ഥാന സർക്കാരിന്റെ ഹരിതമിത്രം പുരസ്കാര ജേതാവ് എസ്.വി. സുജിത്ത് ആണ് ഈ ഉദ്യമത്തിനു പിന്നിൽ പ്രവർ ത്തിച്ചത്.
സെന്റ് സേവിയേഴ്സ് കോളജ് വളപ്പിലെ 20 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് സുജിത്ത് സ്വർഗീയ ആരാമം തീർത്തത്. എട്ടേക്കറിലാണ് വിപുലമായ പുഷ്പകൃഷിയുള്ളത്. ബാക്കി സ്ഥല ത്ത് പച്ചക്കറി കൃഷിയും ഒരുക്കിയിട്ടുണ്ട്. സൂര്യകാന്തികൾ പൂത്തുലഞ്ഞു നിൽക്കുന്ന നയനാനന്ദകരമായ കാഴ്ച സഞ്ചാരികളെ മാടിവിളിക്കുന്നുണ്ട്.
പൂപ്പാടം കാണുവാനും ചിത്രങ്ങൾ പകർത്തുവാനും തിരക്കേറിയിരിക്കുകയാ ണ്. കുടുംബസമേതമുള്ള പൂന്തോട്ട സന്ദർശനത്തിനു പുറമേ സ്കൂളുകളിൽ നിന്നും കോളജുകളിൽനിന്നും നഴ്സറികളിൽ നിന്നു പോലും പൂന്തോട്ടം കാണുവാൻ വിദ്യാർഥികൾ എത്തുന്നുണ്ട്.
ചെണ്ടുമല്ലിയുടെയും വിസ്തൃതമായ പൂന്തോട്ടം ഇവിടെ ഒരുക്കിയിട്ടുണ്ട്. സാധാരണ മലയാളികൾ കണ്ടുപരിചിതമല്ലാത്ത വർണങ്ങളിലും രൂപങ്ങളിലുമുള്ള ചെണ്ടുമല്ലി അഥവാ മാരിഗോൾഡ് പൂക്കൾ ഇവിടെ കാണാം. ആഫ്രിക്കൻ ഫ്രഞ്ച് ഇനങ്ങളിൽ ഉള്ള പൂക്കളും ഇവിടെയുണ്ട്. പല വർണങ്ങളിലെ വടാമുല്ലയും മറ്റു പുഷ്പങ്ങളും കൃഷി ചെയ്തിട്ടുണ്ട്. ഇതിനു പുറമെയാണു പച്ചക്കറി കൃഷി.
സർവ കാർഷിക വിളകളും ഇവിടെ ശാസ്ത്രീയമായി വിളയിക്കുന്നു. തണ്ണിമത്തൻ, ഷമാം എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.