ഉദിയന്‍കുളങ്ങരയില്‍ ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
1587648
Friday, August 29, 2025 6:30 AM IST
പാറശാല: കരമന-കളിയിക്കവിള ദേശീയപാതയിലെ ഉദിയന്‍കുളങ്ങരയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇഷ്ടിക കയറ്റി വന്ന ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. ഉദിയന്‍കുളങ്ങര ശിവശക്തി ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം.
നാഗര്‍കോവില്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ലോറി.ലോറിയുടെ പുറക്ക് ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മാര്‍ത്താണ്ഡം സ്വദേശിയായ ശശി (57 ) യുടെ കൈക്ക് ഗുരുതരമായ പരിക്കേറ്റു.
ഇയാളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവറും ക്ലീനറും മാത്രമാണ് പൊതുവേ ലോറിയുടെ ഫ്രണ്ട് സീറ്റില്‍ ഉണ്ടാവുക. ലോറിയില്‍ ഇഷ്ടിക കയറ്റിയതിനു മുകളില്‍ വാഹനങ്ങളില്‍ കൂടെ വരുന്ന തൊഴിലാളികള്‍ കിടന്നുറങ്ങുന്നതാണു പതിവ്.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ചാറ്റല്‍ മഴയെ തുടര്‍ന്നു പുറകില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികള്‍ ലോറിയുടെ ഫ്രണ്ട് സീറ്റില്‍ കയറിയതു വന്‍ അപകടം ഒഴിവാക്കി. രാവിലെ 6.15 നുണ്ടായ അപകടത്തെ തുടര്‍ന്നു വാഹനത്തിരക്കാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.
നാട്ടുകാര്‍ പോലീസിനെ അപ്പോള്‍ തന്നെ വിവരമറിയിച്ചെങ്കിലും എട്ടു മണി കഴിഞ്ഞതിനു ശേഷമാണ് അധികൃതര്‍ എത്തിയതെന്നു നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് സമീപവാസികളായ ആളുകളാണ് ഇവിടത്തെ ഗതാഗത കുരുക്കില്‍ വാഹനങ്ങളെ നിയന്ത്രിച്ചത്.